മലപ്പുറം: വടക്കിണീന്ന് തുടങ്ങാം ആരോഗ്യം എന്ന പേരിൽ ആരോഗ്യ ബോധവത്കരണ കാമ്പെയിന് ജില്ലയിൽ തുടക്കമായി. കാമ്പെയിന്റെ ലോഗോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പ്രകാശനം ചെയ്തു. ജനങ്ങളുടെ ഭക്ഷണ ശീലങ്ങളും ഭക്ഷണ സൗകര്യങ്ങളും വളരെയധികം മാറ്റത്തിന് വിധേയമായ സാഹചര്യത്തിൽ ആരോഗ്യമുള്ള ജനതയെ രൂപപ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് കാമ്പെയിൻ തുടങ്ങുന്നത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യശീലങ്ങൾ നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങേണ്ടതാണ്. ഇതിന് ഉതകുന്ന രീതിയിൽ കുട്ടികളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലയിൽ 'വടക്കിണീന്ന് തുടങ്ങാം ആരോഗ്യം 'എന്ന കാമ്പെയിൻ ആരംഭിച്ചത്.
അംഗൻവാടികൾ, സ്‌കൂളുകൾ, കുടുംബശ്രീ യോഗങ്ങൾ, വാർഡ് തല ആരോഗ്യ ശുചിത്വ പോഷക സമിതി യോഗങ്ങൾ, സ്‌കൂൾ പി.ടി.എ യോഗങ്ങൾ, പഞ്ചായത്ത് തല യോഗങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ചർച്ചകൾ, മത്സരങ്ങൾ, ഭക്ഷ്യമേളകൾ എന്നിവ കാമ്പെയിന്റെ ഭാഗമായി നടത്തും. ഇതിലൂടെ കുട്ടികളിൽ പുതിയ ആരോഗ്യ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുക എന്നതാണ് കാമ്പെയിൻ ലക്ഷ്യമാക്കുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണശീലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും പ്രാദേശിക ഭക്ഷണ വിഭവങ്ങൾ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യും. ഇതുവഴി കുട്ടികളിലെയും മുതിർന്നവരിലെയും കാൻസർ, പ്രമേഹം, പൊണ്ണത്തടി, കരൾ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധമാണ് ലക്ഷ്യമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |