സർക്കാരിനും നിയമന ഏജൻസികൾക്കും കർശന നിർദ്ദേശം
ന്യൂഡൽഹി : ഒഴിവുകൾ നിലവിലുണ്ടെങ്കിൽ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നിഷേധിക്കരുതെന്നും യോഗ്യതാ മാനദണ്ഡങ്ങൾ ഇടയ്ക്ക് വച്ച് മാറ്റരുതെന്നും സുപ്രീംകോടതി.
സർക്കാർ ജോലി തേടുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി.
ഒഴിവുണ്ടെങ്കിൽ പോലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുകൊണ്ടു മാത്രം നിയമനം ലഭിക്കാൻ ഉദ്യോഗാർത്ഥിക്ക് അനിഷേദ്ധ്യമായ അവകാശം ഇല്ല. അതേസമയം, സർക്കാരിനും റിക്രൂട്ട്മെന്റ് ഏജൻസിക്കും റാങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഏകപക്ഷീയമായി നിയമനം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ്. നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി
ഒഴിവുകൾ നികത്താതിരിക്കാൻ ഉത്തമവിശ്വാസമുള്ള കാരണങ്ങളുണ്ടാവണം. അപ്പോഴും ഏകപക്ഷീയമായി നിയമനം നിഷേധിക്കാനാകില്ല. റാങ്ക് ഹോൾഡർ കോടതിയിൽ ചോദ്യംചെയ്‌താൽ, എന്തുകൊണ്ട് റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുന്നില്ലെന്ന് സർക്കാർ വിശദീകരിക്കേണ്ടി വരും.
ജസ്റ്റിസ് മനോജ് മിശ്ര എഴുതിയ വിധി നിയമപോരാട്ടം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് തുണയാകും
പാതിവഴിയിൽ യോഗ്യത മാറ്റരുത്
റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ച ശേഷം നിയമവിരുദ്ധമായി യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റരുതെന്നും കോടതി നിഷ്‌കർഷിച്ചു.
സർക്കാർ നിയമനങ്ങളിൽ സുതാര്യത വേണം. വിവേചനം പാടില്ല.
അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനം മുതൽ ഒഴിവുകൾ
നികത്തുന്നതു വരെയാണ് റിക്രൂട്ട്മെന്റ് പ്രക്രിയ. റിക്രൂട്ട്മെന്റിന്റെ തുടക്കത്തിൽ വിജ്ഞാപനം ചെയ്‌ത
യോഗ്യതകൾ ഇടയ്ക്ക് വച്ച് ഏകപക്ഷീയമായി മാറ്റരുത്.
കേരള വാട്ടർ അതോറിട്ടിയിലെ എൽ.ഡി. ക്ലാർക്ക് തസ്‌തികയുടെ അടിസ്ഥാന യോഗ്യതയിൽ നിലപാട് മാറ്റിയ കേരള പി.എസ്.സിക്കെതിരെ മറ്റൊരു കേസിൽ സുപ്രീംകോടതി ആഞ്ഞടിച്ചിരുന്നു.
യോഗ്യത മാറ്റാം
ചട്ടങ്ങൾ അനുവദിക്കുന്നെങ്കിൽ
യോഗ്യത ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിൽ
യോഗ്യത മാറ്റാമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞെങ്കിൽ
യോഗ്യത മാറ്റുമ്പോൾ ഭരണഘടനയിലെ അനുച്ഛേദം 14 ഉറപ്പുനൽകുന്ന തുല്യത ഉറപ്പാക്കണം
നിശ്ചിത യോഗ്യതയുടെ ഉദ്ദേശ്യവും യുക്തിയും സാധൂകരിക്കണം
ശരിവച്ചത് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റെ വിധി
2008ൽ ജില്ലാ ജഡ്‌ജി നിയമനത്തിൽ കെ.മഞ്ജുശ്രീയും ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള കേസിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റെ മൂന്നംഗ ബെഞ്ച് പാതിവഴിയിൽ യോഗ്യത മാറ്റരുതെന്ന് വിധിച്ചിരുന്നു. വിജ്ഞാപനത്തിൽ പറയാത്ത 'ഇന്റർവ്യൂവിനും കട്ട് ഒഫ് മാർക്ക്' കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്നും വിധിച്ചു.
രാജസ്ഥാൻ ഹൈക്കോടതിയിലെ ട്രാൻസ്‌ലേറ്റർ തസ്‌തിക നിയമനത്തിൽ തേജ് പ്രകാശ് പഥക് എന്ന ഉദ്യോഗാർത്ഥിയുടെ ഹർജി 2013ൽ മറ്റൊരു മൂന്നംഗ ബെഞ്ച് പരിഗണിക്കവെ, 2008ലെ വിധിയിൽ സംശയമുയർന്നു. തുടർന്നാണ് അഞ്ചംഗ ബെഞ്ചിന് വിട്ടതും, 2008ലെ നിലപാട് ഇപ്പോൾ ശരിവച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |