മഹാരാജാസ് കോളേജിലെ നവീകരിച്ച സിന്തറ്റിക്ക് ട്രാക്കിലും ഫീൽഡിലും കൗമാരകേരളം കുതിച്ചു പാഞ്ഞ, സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനം മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടം. 15 ഫൈനലുകൾ നടന്ന ആദ്യദിനത്തിലെ പ്രകടനങ്ങൾക്ക് തിരശീല വീഴുമ്പോൾ 4 വീതം സ്വർണവും വെങ്കലവും 2 വെള്ളിയും നേടി 30 പോയിന്റുമായി മലപ്പുറമാണ് മുന്നിൽ.
4 സ്വർണവും1 വെള്ളിയും 6 വെങ്കലവും നേടി 29 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടു പിന്നിലുണ്ട്. കോതമംഗലം മാർബേസിലെ താരങ്ങൾ നേടിയ 2 സ്വർണവും 3 വെള്ളിയുമായി 19 പോയിന്റുള്ള ആതിഥേയരായ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. 2 സ്വർണവും ഒരു വെള്ളിയും നേടി 13 പോയിന്റുമായി തിരുവനന്തപുരമാണ് നാലാമത്. ജി.വി രാജയാണ് തിരുവനന്തപുരത്തിന്റെ ചാലകശക്തി.
സ്കൂളുകളിൽ കോതമംഗലം മാർബേസിൽ 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 2 സ്വർണവും 1 വെള്ളിയും നേടി പഴയപെരുമയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന നൽകി പി.യു ചിത്രയുടെ മുണ്ടൂർ എച്ച്.എസ് പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി 1 വീതം സ്വർണവും വെള്ളിയും 3 വെങ്കലവും നേടി 11 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മൂന്ന് റെക്കാഡുകൾ
ആദ്യ ദിനം അത്‌ലറ്റിക്‌സിൽ മൂന്ന് റെക്കാഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളാണ് മൂന്ന് റെക്കാഡും കുറിച്ചത്. 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ മഹമ്മദ് അഷ്ഫാഖ്, 3000 മീറ്ററിൽ മലപ്പുറത്തിന്റെ മുഹമ്മദ് അമീൻ, പോൾവോൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവ് എന്നിവരാണ് റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്.
വേഗരാജാവിനെ ഇന്നറിയാം
അത്‌ലറ്റിക്‌സിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ 100മീറ്ററിലുൾപ്പെടെ 16 ഫൈനലുകൾ ഇന്ന് നടക്കും.
400ൽ റെക്കാഡും
അയോഗ്യതയും
ട്രാക്കിനെ തീപിടിപ്പിക്കുന്ന പോരാട്ടം കണ്ട 400 മീറ്ററിൽ തിരുവനന്തപുരം ജി.വിരാജയിലെ മുഹമ്മദ് അഷ്‌ഫാഖ് (47.65 സെക്കൻഡ്) റെക്കാഡോടെ പൊന്നണിഞ്ഞപ്പോൾ സബ്‌ജൂനിയർ ആൺകുട്ടികളിൽ ഒന്നാമത് ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ രാജൻ അയോഗ്യനായി. ട്രാക്ക് മാറിഓടിയെന്ന് കണ്ടെത്തിയാണ് രാജനെ അയോഗ്യനാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശികളുടെ മകനായ രാജൻ ആലത്തിയൂർ കെ.എച്ച്.എം. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. രണ്ടാതെത്തിയ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ പി. സായൂജിന്റെ (55.91) വെള്ളി സ്വർണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |