ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ ഭാരതത്തിൽ ദേശീയവാദികൾ ആഹ്ളാദത്തിലാണ്. ഈ വിജയം മോദിയുടെ കൂടി വിജയമായി അവർ കണക്കുകൂട്ടുന്നു. ഇരുവരും ദേശീയവാദികളായതാണ് കാരണം. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിരാശ അവരുടെ ക്യാമ്പുകളിൽ പ്രകടമാണ്. ട്രംപിനെ അഭിനന്ദിക്കുമ്പോഴും വലിയൊരു മ്ളാനത രാഹുൽ ഗാന്ധി മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ മുഖത്തു കാണാം.
കിസാൻ, ജവാൻ, പെഹൽവാൻ, സംവിധാൻ (കർഷകൻ, സൈനികൻ, ഫയൽവാൻ, ഭരണഘടന) എന്നീ നാല് ഘടകങ്ങൾ വച്ചായിരുന്നു ഇവിടെ 'ഇൻഡി" മുന്നണിയുടെ പോരാട്ടം. ഈ നരേറ്റീവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് തിരിച്ചടിയുണ്ടാക്കി. അതിൽ നിന്ന് ഊർജമുൾക്കൊണ്ട് ഹരിയാന തിരഞ്ഞെടുപ്പിനെ നേരിട്ട ആ മുന്നണി അവിടെ മൂക്കുകുത്തി വീണു. 90 നിയമസഭാ സീറ്റ് മാത്രമുള്ള ചെറിയൊരു സംസ്ഥാനം ഭാരതത്തിന്റെ ഭാവി തന്നെ തിരിച്ചുവിട്ടാണ് വോട്ട് ചെയ്തത്. ഹരിയാനാ പരാജയവും ജമ്മു കാശ്മീരിൽ ബി.ജെ.പിയുടെ മിന്നുന്ന പ്രകടനവും മേൽപ്പറഞ്ഞ നരേറ്റീവിനും വലിയ തിരിച്ചടിയായി.
ഈ നരേറ്റീവിന്റെ ഉത്ഭവം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. അതിന്റെ ഫണ്ടിംഗ് ജോർജ് സോറോസ്, ബാരക് ഒബാമ, ബിൽ ക്ളിന്റൺ തുടങ്ങിയവരുടെ പലവിധ സ്ഥാപനങ്ങളിലൂടെയായിരുന്നു. എന്നിട്ടും ഹരിയാന വഴങ്ങിയില്ല. ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ബൈഡൻ സർക്കാർ. ഡാെണാൾഡ് ട്രംപാകട്ടെ ഒരു കാലത്തും ഡീപ് സ്റ്റേറ്റുമായി സന്ധി ചെയ്തിട്ടില്ല. കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസ് എന്ന വിപുലമായ സംഘടനയുണ്ട്, അമേരിക്കയിൽ. അവരാണ് അമേരിക്കൻ താത്പര്യം നിശ്ചയിക്കുന്നവരിൽ പ്രധാനികൾ. എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും ഈ കൗൺസിലിൽ ഒരു തവണയെങ്കിലും പ്രസംഗിക്കാൻ പോകും. ട്രംപാകട്ടെ ഇവരെയൊന്നും വകവച്ചതേയില്ല. അതിനാലാണ് ട്രംപിനെ പലരീതിയിൽ ഇവർ തടസപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡന്റായ ട്രംപിനെ അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ വിലക്കുക വരെയുണ്ടായി. സ്വന്തം നാട്ടിലെ സ്വകാര്യ കമ്പനി അമേരിക്കൻ പ്രസിഡന്റിനെ വെല്ലുവിളിച്ച ആദ്യസംഭവമായിരുന്നു ഇത്. ട്രംപാകട്ടെ അല്പം പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. 2020-ൽ ട്രംപ് സംശയകരമായ സാഹചര്യത്തിൽ പരാജയപ്പെട്ടത് ഈ വക ശക്തികളെ വെല്ലുവിളിച്ചതുകൊണ്ടാണെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഇപ്പോഴത്തെ വിജയം ട്രംപിന്റെ നയങ്ങളുടെ വിജയമാണെന്നു വേണം കരുതാൻ. മോദിയും ട്രംപും തമ്മിൽ നല്ല ഇഴയടുപ്പം മുമ്പേയുണ്ട്. ട്രംപിന് വിജയാംശംസ നേർന്ന ആദ്യ അഞ്ചുപേരിൽ ഒരാൾ മോദിയായിരുന്നു.
അത്ഭുതമെന്നു പറയട്ടെ, ഹിന്ദു എന്ന വാക്ക് ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെട്ടതും ഇക്കുറിയാണ്. ദീപാവലി സമയത്ത് ട്രംപ് പ്രഖ്യാപിച്ചു: "അമേരിക്കയിലെ ഹിന്ദുക്കളെ ഞാൻ സംരക്ഷിക്കും. ബംഗ്ളാദേശിൽ ഹിന്ദുക്കളുടെ നേർക്കു നടക്കുന്ന അതിക്രമം അവസാനിപ്പിക്കും." നരേന്ദ്ര മോദിയോ യോഗി ആദിത്യനാഥോ പോലും ഇത്ര പച്ചയ്ക്ക് ബംഗ്ളാദേശി ഹിന്ദുക്കളുടെ കാര്യം പറഞ്ഞിട്ടില്ല. ഒട്ടും പൊതിഞ്ഞു സംസാരിക്കാത്തയാളാണ് ട്രംപ്. അതിനാൽ അപ്രതീക്ഷിതമായ ചില ആശയങ്ങൾ അദ്ദേഹം മുന്നോട്ടു വയ്ക്കും. പക്ഷേ പിന്നിൽ നിന്ന് കുത്തുകയില്ല. ട്രംപ് ഒരു കാര്യത്തിലും ഉറച്ചുനിൽക്കാത്തയാളാണെന്ന് പലരും പറയാറുണ്ട്. അത് കുറേയൊക്കെ ശരിയാണുതാനും. കഴിഞ്ഞ ട്രംപ് സർക്കാരിന് പ്രതീക്ഷിച്ച പോലെ വിജയിക്കാനായില്ല. തന്റെ ഉപദേശകരുടെ ഗൂഢതന്ത്രങ്ങളും പിടിപ്പുകേടുമാണ് വിനയായതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ ആ അബദ്ധം അദ്ദേഹം ആവർത്തിക്കില്ല.
ഇസ്രായേൽ- ഹമാസ് അല്ലെങ്കിൽ ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പൂർണമായും ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ആളാണ് ട്രംപ്. ട്രംപ് മൂലം വിഷമിക്കാൻ പോകുന്ന അടുത്തയാൾ ബംഗ്ളാദേശിലെ മുഹമ്മദ് യൂനുസാണ്. യൂനുസിനെ അധികാരത്തിലെത്തിച്ചത് അമേരിക്കയാണ്. അത് അനാവശ്യമായിരുന്നെന്ന അഭിപ്രായക്കാരനാണ് ട്രംപ്. ഇനി അമേരിക്കൻ പിന്തുണ ബംഗ്ളാദേശിനോ മുഹമ്മദ് യൂനുസിനോ ഉണ്ടാകില്ലെന്ന് വ്യക്തം. ഷേക്ക് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാൻ ബംഗ്ളാദേശിന് ആഗ്രഹമുണ്ടായിരുന്നു. ഇനിയിപ്പോൾ. അങ്ങനെ ഒരാവശ്യം ഉന്നയിക്കാനുള്ള ധൈര്യം യൂനുസിനുണ്ടാവില്ല. കുഴപ്പത്തിലാകാൻ പോകുന്ന അടുത്ത കഥാപാത്രം കാനഡയിലെ ജസ്റ്റിൻ ട്രൂഡോയാണ്. മറ്റു രാജ്യങ്ങളിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നയാളല്ല ട്രംപ്. അതിനാൽ അമേരിക്കയിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നുനും കാനഡയിൽ ട്രൂഡോയുടെ പിന്തുണയിൽ നെഗളിക്കുന്ന സിഖ് സംഘടനകളും വരെ ട്രംപിനെ ഭയക്കും.
ട്രംപ് അധികാരത്തിൽ വന്നാൽ ഉടനുണ്ടാകുന്ന മാറ്റങ്ങളാണ് ഇപ്പറഞ്ഞതെല്ലാം. ഭാരതത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് കണ്ടറിയണം. ട്രംപും മോദിയും സുഹൃത്തുക്കളാണെങ്കിലും ഇരുവരും സ്വന്തം രാജ്യതാത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ്. അത് സത്യസന്ധമായി ചെയ്യുന്നതിനാൽ ഇവർ തമ്മിൽ സംഘർഷമുണ്ടാകില്ല, പക്ഷേ, ശക്തമായ അഭിപ്രായവ്യത്യാസം വ്യാപാര രംഗത്ത് ഉണ്ടായെന്നും വരാം. ബിസിനസ് താത്പര്യങ്ങളുടെ ഏറ്റുമുട്ടലിൽ ഗുണകരമാകുന്ന പല ഫോർമുലകളും ഉരുത്തിരിയും. ഏതു ഭരണാധികാരി വന്നാലും പോയാലും രാജ്യതാത്പര്യങ്ങൾ നിലനിൽക്കും. അത് വലിയ പ്രശ്നമായി കാണേണ്ടതില്ല. പക്ഷേ ഇന്ത്യയും അമേരിക്കയും ആരോഗ്യകരമായ വ്യാപാരയുദ്ധം നടത്തും എന്നാണ് കരുതുന്നത്.
(ലേഖകന്റെ ഫോൺ : 94977 24654)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |