കണ്ണൂർ: തന്റെ വാദം കേൾക്കാതെ പാർട്ടി നടപടി സ്വീകരിച്ചതിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കടുത്ത അതൃപ്തിയിലെന്ന് സൂചന. ജയിൽ മോചിതയായി വീട്ടിലെത്തിയശേഷം കഴിഞ്ഞ ദിവസം നേതാക്കളെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചുവെന്നാണ് അറിയുന്നത്.എന്നാൽ ആ വാർത്തകൾ ദിവ്യ നിഷേധിച്ചു.
പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആദ്യമിട്ട കുറിപ്പിൽ പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന പരാമർശം ഇല്ലായിരുന്നു.
ജില്ലാ കമ്മിറ്റി അംഗമായ തനിക്കെതിരെ നടപടിയെടുക്കുമ്പോൾ വിശദീകരണം ചോദിക്കുക എന്ന കീഴ്വഴക്കം പാർട്ടി ലംഘിച്ചെന്നാണ് ദിവ്യയുടെ നിലപാട്.
പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത ഘട്ടത്തിൽ ആന്തൂർ നഗരസഭയിലെ അന്നത്തെ ചെയർപേഴ്സണും എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്ക്കും അദ്ധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്ന വിമർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിവ്യ ഉയർത്തിയിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ കേസെടുത്ത് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നടപടി ഉണ്ടായത്.
മാദ്ധ്യമങ്ങൾക്ക്
എതിരെ ദിവ്യ
ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറി. ജയിൽമോചിതയായ ശേഷം മാദ്ധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാദ്ധ്യമവേട്ടയ്ക്ക് ഇരയായെന്നും പി.പി.ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാദ്ധ്യമങ്ങൾ മുന്നോട്ടുവന്നത്. വിമർശനങ്ങളിൽ നിന്ന് കരുത്തുക്കിട്ടി. തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |