ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട അക്രമങ്ങളും വെടിവയ്‌പും തുടർക്കഥയാകുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി മുൻഡ്ക മേഖലയിലാണ് ഗോഗി ഗ്യാങ്ങ് അംഗമായിരുന്ന 22കാരൻ അമിത് ലാക്റ വെടിയേറ്റു മരിച്ചത്. അമിതിന് നേർക്ക് കൊടും ക്രിമിനലായ ടില്ലു തജ്‌പുരിയയുടെ സംഘത്തിലെ അംഗങ്ങൾ വെടിയുതിർത്തെന്നാണ് പൊലീസ് നിഗമനം. ആറു റൗണ്ട് വെടിയുതിർത്തു. അമിത് തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പതിടത്തുണ്ടായ വെടിവയ്‌പ്പുകളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പത്ത് മിനുട്ടിനിടെ രണ്ടിടത്ത് വെടിവയ്‌പ്പുണ്ടായി. വെള്ളിയാഴ്ച അർദ്ധരാത്രി കബീർ നഗറിലുണ്ടായ വെടിവയ്പ്പിൽ നദീം എന്നയാൾ കൊല്ലപ്പെടുകയും സുഹൃത്ത് ഷാനവാസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അല്പസമയത്തിനകം സമീപപ്രദേശമായ ജ്യോതി നഗറിൽ അക്രമികൾ ആറു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. രണ്ട് സംഭവങ്ങളിലുമായി പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ഡൽഹി പൊലീസ് പിടികൂടി. നദീമിൽ നിന്ന് ഇവർ പണം കടംവാങ്ങിയിരുന്നുവെന്നും പണം മടക്കി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞതായാണ് സൂചന.
രാഷ്ട്രീയപ്പോര്
സംഭവത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന് കീഴിലാണ്. ക്രമസമാധാനപാലനത്തിന് കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കൂയെന്ന് മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വ്യക്തിപരമായ ശത്രുതകളുടെ പേരിലാണ് സംഭവങ്ങളെന്ന് ബി.ജെ.പി തിരിച്ചടിച്ചു. പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുന്നുവെന്നും പാർട്ടിയുടെ ഡൽഹി ഘടകം വക്താവ് പ്രവീൺ ശങ്കർ കപൂർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |