ന്യൂഡൽഹി: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഡൽഹിയിലെ പടക്കം പൊട്ടിക്കൽ വിഷയം പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തികളും മതങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. ദീപാവലി സമയത്ത് ഡൽഹിയിൽ പടക്കംപൊട്ടിക്കൽ നിരോധനം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
മലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. ഈ മട്ടിൽ പടക്കം പൊട്ടിച്ചാൽ ആരോഗ്യം നിലനിറുത്തുകയെന്ന പൗരന്റെ അവകാശത്തെ ബാധിക്കും. നിരോധനം നടപ്പാക്കലിനെ ഡൽഹി പൊലീസ് ഗൗരവമായി എടുത്തില്ല. നിരോധന ഉത്തരവ് ഇറക്കാൻ ഡൽഹി സർക്കാരും കാലതാമസം വരുത്തി.
പടക്കനിരോധനം കാര്യക്ഷമമായി നടപ്പാക്കാൻ ഡൽഹി പൊലീസ് പ്രത്യേക സെൽ രൂപീകരിക്കണം. ഡൽഹിയിൽ ശാശ്വത പടക്കനിരോധനം നടപ്പാക്കുന്നതിൽ നവംബർ 25ന് മുൻപ് തീരുമാനമെടുക്കാൻ ഡൽഹി സർക്കാരിനോടും നിർദ്ദേശിച്ചു. മലിനീകരണ നിയന്ത്രണത്തിന് സ്വീകരിച്ച നടപടികൾ ഹരിയാന,ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |