കോട്ടയം : ആയിരം രൂപയിൽ നിന്ന് പിടിവിട്ട് താഴേയ്ക്ക് പോയ കൊക്കോ വിപണിയിൽ വീണ്ടും പ്രതീക്ഷ. റബർ വില കൂപ്പുകുത്തിയതിന് പിന്നാലെ കൊക്കോവിപണിയിലെ ഉയർച്ച മലയോര മേഖലയ്ക്ക് തെല്ലാശ്വാസം നൽകുന്നു.
ജില്ലയിൽ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലാണ് കൃഷി. 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില പെട്ടെന്ന് 200 ലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പരിപ്പിന് ജില്ലയിൽ 490-580 രൂപ വരെ വിലയുണ്ട്. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് കിലോയ്ക്ക് 220 വരെയായിരുന്നു വില. അതേസമയം മുൻ അനുഭവം വച്ച് വില ഇടിയുമോയെന്ന ഭയം കർഷകർക്കുണ്ടെങ്കിലും വില ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. വിലക്കയറ്റം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുമുണ്ട്. വർഷം മുഴുവൻ പൂക്കുകയും കായ്കളും ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയിൽ കൊക്കോ കർഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. പ്രധാനമായും ചോക്ലേറ്റ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
കണ്ണ് തെറ്റിയാൽ അകത്താക്കും
കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ. കുരങ്ങുകൾ കൊക്കോ തോട്ടത്തിലെത്തി മൂപ്പെത്തിയ കായ്കൾ ഭക്ഷിക്കുന്നതോടൊപ്പം ശേഷിക്കുന്നവ നശിപ്പിക്കുകയും ചെയ്യുന്നു. മരപ്പട്ടി ശല്യവും ഏറുകയാണ്. കായ്ച്ചു തുടങ്ങിയ കൊക്കോയുടെ ചുവട്ടിൽ ഗ്രീൻ നെറ്റ് വിരിച്ച് അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്ക്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം കർഷകർ സ്വീകരിച്ച് തുടങ്ങി.
അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ്
കാലാവസ്ഥ വ്യതിയാനം ഉത്പാദനം കുറച്ചു
ആവശ്യത്തിന് അനുസരിച്ച് കൊക്കോ ലഭിക്കുന്നില്ല
കൊക്കോ പരിപ്പിന്റെ ദൗർലഭ്യം പ്രതിസന്ധി
ചോക്ളേറ്റ് കമ്പനികൾ വിപണി കൈയടക്കി
''റബർ വെട്ടിമാറ്റിയപ്പോൾ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊക്കോ കൃഷിയിലേക്ക് തിരിയുമ്പോൾ ലാഭം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വില ഉയരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
-രാമചന്ദ്രൻ, വാഴൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |