കട്ടപ്പന: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്കയ്ക്ക് വിപണിയിൽ മികച്ച വില കിട്ടുമ്പോഴും പ്രയോജനമില്ലാതെ കർഷകർ. അതേസമയം, റീപൂളിംഗെന്ന കള്ളക്കളിയിലൂടെ ഏജൻസികൾ കോടികളാണ് കൊയ്യുന്നത്.കർഷകർ പതിക്കുന്ന ഏലയ്ക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഈ കള്ളക്കളിയിലൂടെ നേട്ടം ഉത്തരേന്ത്യൻ വ്യാപാരികൾക്കം ഏജൻസികൾക്കുമാണ്. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. എന്നാൽ ഇവിടെ വില ഉയരുന്നതിന് അനുസരിച്ച് അവിടെ ഉയരുകയും ചെയ്യും. വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്.
രണ്ടാഴ്ചക്കിടെ 300 രൂപയിലേറെ വർദ്ധിച്ച് എലയ്ക്കയുടെ ശരാശരി വില 2715 രൂപയിലെത്തി. പരമാവധി വില 3000 ആയി. ഇന്നലെ രാവിലെ പുറ്റടി സ്പൈസസ് പാർക്കിൽ കുമളി സ്പൈസ് മോർ ട്രേഡിംഗ് കമ്പനി നടത്തിയ ഇ- ലേലത്തിൽ ഉയർന്ന വില മൂവായിരവും ശരാശരി വില 2715.97 രൂപയുമാണ്. 212 ലോട്ടുകളിലായി പതിഞ്ഞ 63805.4 കിലോ ഏലക്കയിൽ 62,815.8 കിലോയും വിറ്റുപോയി. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2600നും 2700നുമിടയിൽ വില ലഭിക്കുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ 2000 രൂപ കടന്ന വിലയിൽ പിന്നീട് ഇടിവുണ്ടായിട്ടില്ല. പച്ച ഏലക്കയ്ക്ക് 500 രൂപ വിലയുണ്ട്.
ഗുണം കിട്ടാതെ കർഷകർ
പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരിൽ നിന്ന് കഴിയുന്നത്ര വില കുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും കൂട്ടുനിൽക്കുന്നു. വരൾച്ചയിൽ മാത്രം 60 ശതമാനത്തോളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്തെ കൃഷി നാമാവശേഷമായി 100 കോടിയിലധികം നഷ്ടമുണ്ടായി. അവശേഷിച്ചിരുന്ന ചെടികളിലെ ഉത്പന്നമാണിപ്പോൾ കമ്പോളങ്ങളിൽ എത്തുന്നത്. എന്നാൽ റീപൂളിംഗിലൂടെ യഥാർത്ഥ ഉത്പാദനത്തിന്റെ ഇരട്ടിയിലധികം ഏലയ്ക്കയാണ് ലേലത്തിനെത്തുന്നത്.
'വരൾച്ച ഉത്പാദനത്തെ സാരമായി ബാധിച്ചതാണ് ഇപ്പോൾ വില ഉയരാൻ കാരണം. വിൽക്കാൻ കായില്ലാത്തതിനാൽ കർഷകന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല."
-ആന്റണി മാത്യു (കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |