ആലപ്പുഴ: ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഇ.പി ജയരാജൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ട്. 2018ൽ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമ്പോൾ കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് തന്നെ ടാർഗറ്റ് ചെയ‌്തതാണ്. അതിൽ ഒരു വസ്തുതയുമില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ? കേരളത്തിൽ സിപിഎമ്മിനേയും ഇടതുപക്ഷത്തേയും തകർക്കുക എന്ന അജണ്ടയാണ് മാദ്ധ്യമങ്ങൾ നടത്തുന്നതെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി.
ചേലക്കരയിൽ വലിയ ഭൂരിപക്ഷത്തിൽ ഞങ്ങൾ ജയിക്കാൻ പോവുകയാണ്. വയനാട്ടിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. രാധാകൃഷ്‌ണനെക്കാൾ ഭൂരിപക്ഷത്തിൽ പ്രദീപ് ജയിക്കുമെന്ന് വന്നപ്പോൾ എങ്ങനെയും തോൽപ്പിക്കണമെന്ന് വിചാരിച്ച് അനാവശ്യമായ ക്യാമ്പയിൻ ഉണ്ടാക്കുകയായിരുന്നു. പാലക്കാട്ടെ സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഞങ്ങൾ ജയിക്കാൻ പോകുന്ന രാഷ്‌ട്രീയ സാഹചര്യം പാലക്കാട് വളർന്നു വന്നിരിക്കുകയാണ്. എല്ലാ സന്ദർഭത്തിലും പാർട്ടിയോടൊപ്പം നിന്നയാളാണ് ഇ.പി ജയരാജൻ. അദ്ദേഹം ഒരിക്കലും പാർട്ടിയെ വഞ്ചിച്ചിട്ടില്ല.
''സീ പ്ളെയിൻ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ഒരു തരത്തിലും ദോഷമുണ്ടാക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. ഏത് ആശങ്കയും ചർച്ച ചെയ‌്ത് പരിഹരിക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്ത് എതിർത്തത് കൊണ്ടല്ല പദ്ധതി നടപ്പിലാകാതെ പോയത്. അവരുടെ കെടുകാര്യസ്ഥതയായിരുന്നു കാരണം. ആ സർക്കാരിന്റെ പരാജയമായിരുന്നു സീ പ്ളെയിൻ പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തത്''.
എൽഡിഎഫ് അന്നും ഇന്നും വികസനത്തിന് അനുകൂലമാണ്. കേരളം ലോകത്തിന് മുന്നിൽ വളർന്നത് ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |