ആലപ്പുഴ:കഥകൾ ഉള്ളിലൊളിപ്പിച്ച് തൊഴിലുറപ്പിനുപോയവർ, കവിതകൾ നെഞ്ചിലൊതുക്കി അന്യവീടുകളിലെ വീട്ടുപണിയെടുത്തവർ, കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ രചനകളെ ഓർമ്മയാക്കിയ വീട്ടമ്മമാർ...അവർ എഴുത്തിനായി അല്പസമയം നീക്കിവച്ചപ്പോൾ പിറന്നത് 62 പുസ്തകങ്ങൾ. ഈ മാസം 11ന് അതിന്റെ പ്രകാശനം നടന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ. 27 പേർ ഷാർജയിൽ അതിനായി എത്തുകയും ചെയ്തു.
കവിത, കഥ, നോവൽ, ബാലസാഹിത്യം, പുരാണം, യാത്രാവിവരണം, ജ്യോതിഷം, ആത്മകഥ, പാചകം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലുള്ളവയാണ് രചനകൾ.
'പെണ്ണില്ലം' എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
'പെണ്ണില്ലം' എന്ന കവിതാസമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. കഴിഞ്ഞ വനിതാദിനത്തിൽ 'പെണ്ണില്ലത്തിന്റെ കാഴ്ചപ്പാടുകൾ', പ്രണയദിനത്തിൽ 'ഇല്ലത്തെ പ്രണയിനികൾ' എന്നീ പുസ്തകങ്ങളും പ്രകാശിപ്പിച്ചു. എഴുത്തുകാർ കൂടിയതോടെ 'എഴുത്തില്ലം' എന്ന പബ്ലിഷിംഗ് കമ്പനിയും തുടങ്ങി. വാട്സ് ആപ്പ് വഴി 'പെണ്ണില്ലം' എന്ന റേഡിയോനിലയവുമുണ്ട്.
പ്രസിഡന്റ് അനിതാദേവി, സെക്രട്ടറി രാജി അരവിന്ദ്, വൈസ് പ്രസിഡന്റ് സുധ കൈതാരം, ജോയിന്റ് കൺവീനർ യമുന ഹരീഷ് തുടങ്ങിയവരാണ് പെണ്ണില്ലത്തിന് നേതൃത്വം കൊടുക്കുന്നത്.
തുടക്കം 'താച്ചി 'യിൽ
സാധാരണക്കാരായ സ്ത്രീകളെ കൂട്ടിയിണക്കി കണ്ണൂർ ഇരിട്ടി സ്വദേശിയും സാമൂഹ്യപ്രവർത്തകയുമായ രാജി അരവിന്ദ് ആരംഭിച്ച ആദ്യ വാട്സ് ആപ്പ് കൂട്ടായ്മയുടെ പേര് താച്ചി എന്നായിരുന്നു. മലബാറിൽ താച്ചി എന്നാൽ അമ്മൂമ്മ എന്നാണർത്ഥം. ഇരുപതുപേരുടെ രചനകളുമായാണ് ആദ്യപുസ്തകമായി 'പെണ്ണില്ലം' പിറന്നത്. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും മലയാളി വനിതകൾ അംഗങ്ങളായതോടെ പേര് പെണ്ണില്ലമായി പരിഷ്കരിച്ചു. അദ്ധ്യാപികമാരാണ് ഏറെയും. 74കാരി മിനിയാണ് മുതിർന്ന അംഗം. 19കാരി ആര്യയാണ് ഇളമുറക്കാരി. പത്താംക്ലാസ് പാസ്സാകാതിരുന്ന കണ്ണൂർ സ്വദേശി ജാനകി (60) കൂട്ടായ്മയിലെത്തിയശേഷം പഠനം പുനരാരംഭിച്ച്, എൽഎൽ.ബിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |