നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെ.ഇ.ഇ മെയിൻ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രശസ്തമായ ഡീംഡ് സർവകലാശാലകൾ ബി.ടെക് എൻജിനിയറിംഗ് പ്രവേശനത്തീയതികൾ പ്രഖ്യാപിച്ചു. ജെ.ഇ.ഇ മെയിൻ, VITEEE, SRMJEE, BITSAT, KITEEE, APEAMCET, KCET, COMEDK UGET, MHT CET, WB JEE, MET, KEAM, CUSAT SAT എന്നിവയാണ് പ്രധാനപ്പെട്ട എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ. എൻജിനിയറിംഗ് കോഴ്‌സുകൾക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ മികച്ച പ്രാവീണ്യം വേണം. താത്പര്യമില്ലാത്ത വിദ്യാർത്ഥികൾ എൻജിനിയറിംഗ് കോഴ്‌സുകൾക്ക് ചേരരുത്. പ്രവേശന പരീക്ഷകൾക്ക് ചിട്ടയോടെ തയ്യാറെടുക്കണം. പ്ലസ് ടു സയൻസ് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിൽ കണക്ക് പഠിച്ചിരിക്കണം.
അമൃത യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് പ്രവേശന പരീക്ഷ 2025 ( AEEE 2025) ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ജനുവരി 20 വരെ അപേക്ഷിക്കാം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എൻജിനിയറിംഗ് പ്രവേശന പരീക്ഷ (VITEEE 2025) ഏപ്രിൽ 21 മുതൽ 27 വരെ നടക്കും. മാർച്ച് 31 വരെ അപേക്ഷിക്കാം.
മണിപ്പാൽ യൂണിവേഴ്‌സിറ്റി ബി.ടെക് പ്രവേശന പരീക്ഷയ്ക്ക് (MET 2025)ഇപ്പോൾ അപേക്ഷിക്കാം. www.manipal.edu.
എസ്.ആർ.എം യൂണിവേഴ്‌സിറ്റി, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി & സയൻസ്, ആർ.വി കോളേജ് ഒഫ് എൻജിനിയറിംഗ് പ്രവേശന പരീക്ഷ വിജ്ഞാപനങ്ങളും ഉടൻ പുറത്തിറങ്ങും.
എൻജിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ് , അക്കാഡമിക് മികവ്, സ്‌കിൽ വികസനം എന്നിവ വിലയിരുത്തണം.
കാലിയായ മെഡിക്കൽ, ഡെന്റൽ സീറ്റുകളിൽ
പ്രവേശനത്തിന് അധികസമയം അനുവദിച്ചു
തിരുവനന്തപുരം: അവസാന റൗണ്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും കുട്ടികൾ കോളേജുകളിൽ പ്രവേശനം നേടാത്തതിനാൽ കാലിയായ നാല് എം.ബി.ബി.എസ്, 27 ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അധികസമയം അനുവദിച്ച് കേന്ദ്രം. ഈമാസം 25മുതൽ 29വരെയാണ് സ്പെഷ്യൽ റൗണ്ട് കൗൺസലിംഗിനുള്ള സമയം. ഡിസംബർ അഞ്ചിനകം കോളേജുകളിൽ പ്രവേശനം നേടണം. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ കാലിയായ സീറ്റുകളിൽ പ്രവേശനത്തിനാണ് ഇളവ്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മൂന്ന് സ്റ്റേറ്റ് മെരിറ്റ്, ഒരു എൻ.ആർ.ഐ സീറ്റാണ് കാലിയായത്. ബി.ഡി.എസിന് മൂന്ന് സീറ്റുകൾ സ്റ്റേറ്റ് മെരിറ്റിലും 24 എണ്ണം മാനേജ്മെന്റ് ക്വോട്ടയിലും കാലിയായി. സ്ട്രേ വേക്കൻസി ഫില്ലിംഗ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശനം നേടാതിരുന്നതാണ് കാരണം. ഇതോടെ എൻട്രൻസ് കമ്മിഷണർ സ്പെഷ്യൽ റൗണ്ട് അലോട്ട്മെന്റിന് കേന്ദ്ര മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയോട് അനുമതി തേടി. സ്പെഷ്യൽ റൗണ്ട് അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കും. എൻ.ആർ.ഐ ക്വോട്ടയിൽ അപേക്ഷകരില്ലെങ്കിൽ ആ സീറ്റ് ജനറൽ മെരിറ്റിലേക്ക് മാറ്റും.
എം.ബി.ബി.എസ് സീറ്റ് ഉപേക്ഷിക്കുന്നവർ 10ലക്ഷം, ബി.ഡി.എസിന് 5ലക്ഷം നഷ്ടപരിഹാരമായി നൽകണം. പ്രോസ്പെക്ടസിലെ വ്യവസ്ഥ പ്രകാരമാണിത്. ഇവരെ രണ്ടുവർഷത്തേക്ക് എൻട്രൻസ് പരീക്ഷയെഴുതുന്നതിനും കൗൺസലിംഗിൽ പങ്കെടുക്കുന്നതിനും വിലക്കാനുമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |