തിരുവനന്തപുരം: ദേശീയ എയർഗൺ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വീഴ്ത്തി മാസായി തിരുവനന്തപുരം സ്വദേശികളായ ഗുരുവും ശിഷ്യരും. ഉത്തർ പ്രദേശ് വേദിയായ ദേശീയ ചാമ്പ്യൻഷിപ്പിൽ രാവിലെ 22കാരനും എയർഗൺ കോച്ചുമായ ഫർഹാൻ കേരളത്തിനായി വെങ്കലം വീഴ്ത്തി.
വൈകിട്ട് 16കാരിയായ ശിഷ്യ വൃന്ദ വെള്ളിയും 13കാരനായ ശിഷ്യൻ ആഹിൽ വെങ്കലവും നേടി കേരളത്തിനായി അപൂർവ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ജനുവരിയിൽ ശ്രീലങ്കയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിനായി തയ്യാറെടുക്കുന്ന മൂവർസംഘത്തിന് മുന്നിൽ പണമാണ് പ്രധാന കടമ്പയെന്ന് അമ്പലത്തറ സ്വദേശിയായ ഫർഹാൻ പറയുന്നു. 200 മീറ്റർ റെയ്ഞ്ചുള്ള എൻഎക്സ് 200 എയർഗണ്ണാണ് മത്സരത്തിൽ ഉപയോഗിച്ചത്. ഗ്രിഗോറിയാസ് കോളേജിൽ ബികോം ഫിനാൻസ് പഠിക്കുന്ന സമയത്ത് ഫർഹാൻ ഫുട്ബാൾ താരമായിരുന്നു. ഇതിനിടെയാണ് എയർഗണ്ണിൽ താത്പര്യം തോന്നുന്നത്. ബിരുദം പൂർത്തിയാക്കി കോച്ച് പരീക്ഷയെഴുതി പാസായശേഷം സുഹൃത്തുക്കൾക്കൊപ്പം അമ്പലത്തറയിൽ സിനോണിമസ് സ്പോർട്സ് എന്ന പേരിൽ എയർഗൺ കോച്ചിംഗ് സ്ഥാപനം തുടങ്ങി. അവിടെ പരിശീലനത്തിന് എത്തിയതാണ് വട്ടിയൂർക്കാവ് സ്വദേശിയും ഭാരതീയ വിദ്യാഭവനിലെ പ്ലസ്‌വൺ വിദ്യാർത്ഥിയുമായ വൃന്ദ. ബിഷപ്പ് പെരേര സ്കൂളിൽ പരിശീലകനായി പോയപ്പോഴാണ് എട്ടാംക്ലാസുകാരനും ആറ്റിങ്ങൽ സ്വദേശിയുമായ ആഹിലിനെ പരിചയപ്പെടുന്നത്. പിന്നീട് മൂവരും ചേർന്നായി പരിശീലനം. ഫർഹാൻ അണ്ടർ50 വിഭാഗത്തിലും വൃന്ദ അണ്ടർ19 വിഭാഗത്തിലും ആഹിൽ അണ്ടർ14 വിഭാഗത്തിലുമാണ് ജയം നേടിയത്.
സ്പോൺസറെ കാത്ത്
ശ്രീലങ്കയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഫ്ലൈറ്റ് ടിക്കറ്റും ഭക്ഷണച്ചെലവും ഉൾപ്പെടെ 80,000 രൂപയാകും. കഴിഞ്ഞവർഷവും ദേശീയതലത്തിൽ വിജയിച്ചെങ്കിലും മത്സരത്തിനുള്ള തുക കണ്ടെത്താനാവാത്തതിനാൽ ഫർഹാൻ അന്താരാഷ്ട്ര മത്സരത്തിന് പോയില്ല. ഇക്കുറി പരീശിലിക്കുന്നുണ്ടെങ്കിലും പോകാനാകുമോയെന്ന് ഉറപ്പില്ലെന്ന് ഫർഹാൻ പറയുന്നു. ഫർഹാൻ പോയില്ലെങ്കിൽ ശിഷ്യരുടെ പോക്കും നടക്കില്ല. ഫർഹാന്റെ അമ്മ ഷാജിത. അച്ഛൻ സലീം. സഹോദരൻ ഫാദിൽ.ആഹിലിന്റെ അച്ഛൻ ഷിജു.വൃന്ദയുടെ അച്ഛൻ രാജേഷ്,അമ്മ സന്ധ്യാറാണി.
ജയവും തോൽവിയുമല്ല. ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതാണ് പ്രധാനം.
ഫർഹാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |