വടക്കാഞ്ചേരി : എങ്കക്കാട് എച്ച്.എം.സി നഗറിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങളും, രണ്ട് ടെലിവിഷൻ, ലാപ്പ് ടോപ്പുകൾ എന്നിവയും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത വ്യക്തി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. എങ്കക്കാട് ചെറുവായിൽ വീട്ടിൽ ഹസൻ (27), തമിഴ്‌നാട് കള്ളക്കുറിശി സോമാശി പാളയം ശിവ (24) എന്നിവരും പ്രായപൂർത്തിയാകാത്ത ശിവയുടെ സഹോദരനുമാണ് പിടിയിലായത്.
പ്രതികൾ നിരവധി കേസിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. മോഷണ സ്വർണ്ണം വിറ്റ വടക്കാഞ്ചേരി സിവിൽ സ്റ്റേഷന് മുന്നിലുള്ള ജുവലറിയിൽ പ്രതികളെയെത്തിച്ച് തെളിവെടുത്തു. നാല് മാസമായി അടഞ്ഞുകിടക്കുന്ന കളത്തിപ്പറമ്പിൽ കുഞ്ഞാന്റെ വീട്ടിൽ നിന്നുമാണ് പ്രതികൾ കഴിഞ്ഞ വ്യാഴാഴ്ച സ്വർണം കവർന്നത്.
ഇരുനില വീടിന്റെ പിൻവാതിൽ വഴി അകത്തുകയറിയ മോഷണസംഘം വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളെല്ലാം വലിച്ചു വാരിയിട്ടു. ബാത് റൂമിനുള്ളിലെ വാഷ്‌ബേസിനും ടാപ്പുകളും എല്ലാം തകർത്തു. വീട്ടിലെ രണ്ട് ടി.വിയും ഇൻവർട്ടറിന്റെ ബാറ്ററികളും കവർന്നു. ഭാര്യയുടെ മരണത്തെ തുടർന്ന് കുഞ്ഞാൻ മലപ്പുറത്താണ് താമസം. വീട്ടുമുറ്റത്ത് കാട്ടുപൊന്ത വളർന്നതിനെ തുടർന്ന് പുല്ലുവെട്ട് തൊഴിലാളികളെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണമടഞ്ഞ കുഞ്ഞാന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.
നയിച്ചിരുന്നത് ആർഭാട ജീവിതം
എങ്കക്കാട് വീട് കൊള്ളയടിച്ച് സ്വർണാഭരണങ്ങളും, ഗൃഹോപകരണങ്ങളും കവർന്ന കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്നുപേരും നിരവധി കേസിലെ പ്രതികൾ. തമിഴ്‌നാട് കള്ളക്കുറിശി സോമാശിപാളയം ശിവ തമിഴ്‌നാട്ടിലെ കൊലക്കേസ് പ്രതിയാണ്. കേരളത്തിലെത്തിയിട്ട് വർഷങ്ങളായി. ഇവിടെയും കേസുണ്ട്. എങ്കക്കാട് സ്വദേശി ഹസൻ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടയാളാണ്. കവർന്ന 15 പവനിൽ മൂന്ന് പവൻ സ്വർണാഭരണങ്ങളാണ് വടക്കാഞ്ചേരിയിലെ ജുവലറിയിൽ വിറ്റത്. ബാക്കി ആഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല. മോഷണ വരുമാനം ആർഭാട ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചത്. മദ്യവും, മയക്കുമരുന്നും സ്ഥിരമായി ഉപയോഗിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മോഷണ മുതലാണെന്ന് അറിഞ്ഞാണ് ജ്വല്ലറി ഉടമ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |