വെള്ളത്തിൽനിന്ന് പൊങ്ങുകയും വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന സീപ്ലെയിൻ വിനോദസഞ്ചാരികളുമായി പറക്കുമ്പോൾ കേരളത്തിന്റെ വികസനം മിസൈൽപോലെ കുതിക്കുമെന്നത് സത്യമാണ്. കാടിനെ തൊട്ടുരുമ്മി താഴ്ന്നുപറക്കുന്ന ഈ ബോട്ടുവിമാനത്തിലിരുന്ന് കാഴ്ചകൾ കാണാൻ എന്തു രസമായിരിക്കും. ഇതു ബൂർഷ്വായിസമാണെന്ന് പഴമക്കാർ ആരോപിച്ചാലും ഇപ്പോഴത്തെ പിള്ളേരുടെ ആഗ്രഹമല്ലേ, നടക്കട്ടെ എന്നു ചിന്തിക്കുന്നതാണ് പക്വതയുള്ള ഒരു പ്രസ്ഥാനത്തിന്റെ വലിപ്പം. ചില പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആർക്കും പിടികിട്ടാത്തത് അതുകൊണ്ടാണ്. ചിന്തകൾ വെറും പരിപ്പുവടയല്ല. കാലത്തിനനുസരിച്ച് ബർഗറും കെ.എഫ്.സിയുമൊക്കെ ആവണം. പണ്ട് ആരോ, എന്തോ പറഞ്ഞെന്ന പേരിൽ സീപ്ലെയിനെ വെറുക്കേണ്ട കാര്യമില്ല. ഇതു തുടർച്ചയായി പറന്നാൽ വിനോദസഞ്ചാരികൾ പ്രവഹിക്കും, കേരളം കുതിക്കും. പിന്നെ പിടിച്ചാൽ കിട്ടില്ല.
വെള്ളവും ആകാശവും വേണ്ടുവോളമുള്ള കേരളത്തിൽ ഇങ്ങനെയൊരു സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ ആദ്യ സർക്കാരാണിത്. അല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുതെന്നു മാത്രമല്ല, നല്ല അടികൊടുക്കുകയും വേണം. ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകുമെന്ന് ഒരിക്കൽക്കൂടി ബോദ്ധ്യമായി. ഒരേസമയം ബോട്ടിലും വിമാനത്തിലും യാത്രചെയ്യുന്ന അപൂർവ അനുഭവം കിട്ടുന്ന 'ടു ഇൻ വൺ" സംഗതിയാണിത്.
വലിയൊരു പദ്ധതിയുടെ ചെറിയ സാമ്പിളാണ് കൊച്ചിയിലും മാട്ടുപ്പെട്ടിയിലും കണ്ടത്. കൊച്ചി കായലിലൂടെ ബോട്ടായി കുതിച്ച് വിമാനമായി പറന്നുയർന്ന് വീണ്ടും ബോട്ടായി രൂപാന്തരം പ്രാപിച്ച് കായലിലിറങ്ങുകയായിരുന്നു. അസൂയാവഹമായ ഈ കുതിപ്പ് കണ്ട് പൊറുതിമുട്ടിയ കോൺഗ്രസുകാർ പതിവുപോലെ കള്ളക്കഥകളുമായി ഇറങ്ങിയിട്ടുണ്ട്. പക്കമേളക്കാരായി സംഘികളുമുണ്ട്.
തോടും പുഴയും കായലുമൊക്കെ സമൃദ്ധമായ കേരളത്തിൽ 'ബോട്ടുവിമാനം" പറത്താമെന്ന് ശാസ്ത്രത്തിലും സാഹിത്യത്തിലും പാണ്ഡിത്യമുള്ള ആസ്ഥാന ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജലാശയമുള്ള എവിടേക്കും സർവീസ് നടത്താം. ഇല്ലെങ്കിൽ, നീളൻ ടാങ്കിൽ വെള്ളം നിറച്ച് അതിലിറക്കാം. മനസുവച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. ശരിക്കും പറഞ്ഞാൽ കെ റെയിൽ, എയർ കേരള പദ്ധതിയേക്കാൾ വിപ്ലവകരമാണിത്. കല്ലായി പുഴയിൽനിന്ന് വയനാട് പൂക്കോട് തടാകത്തിലേക്ക് സർവീസ് നടത്തുന്നതു സർക്കാരിന്റെ പരിഗണനയിലാണ്. വയനാട് എം.പിയായിരുന്ന രാഹുൽഗാന്ധി ഇതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്തൊരു മനുഷ്യനാണ്. ഇതിനായി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, സർക്കാരിനെ തരംകിട്ടുമ്പോഴെല്ലാം വിമർശിക്കുകയും ചെയ്യുന്നു. കേരളം നശിക്കണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കയുമായി ചേർന്നുള്ള ഈ കളികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ആ പ്ലെയിനല്ല
ഈ പ്ലെയിൻ
ഉമ്മൻചാണ്ടി സർക്കാർ സീപ്ലെയിൻ കൊണ്ടുവന്നപ്പോൾ സഖാക്കൾ അട്ടിമറിച്ചെന്നാണ് കോൺഗ്രസുകാർ പാടിനടക്കുന്നത്. ഇങ്ങനെ നുണപറയുന്ന ഒരു കൂട്ടര് ലോകത്ത് വേറെങ്ങും ഉണ്ടാവില്ല. ആ പ്ലെയിനല്ല ഈ പ്ലെയിനെന്ന് ആർക്കാണ് അറിയാത്തത്. അത് വെറും പാട്ടവിമാനമായിരുന്നു. ശബ്ദംകേട്ട് ജലാശയങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളും കാട്ടിലെ മൃഗങ്ങളും ഹാർട്ട്അറ്റാക്ക് വന്ന് ചാകുമായിരുന്നു. പേടിച്ചോടുന്ന കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നു. അന്നു പേടികിട്ടിയ ചില മൃഗങ്ങളാണ് ഇന്ന് നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്നതെന്ന് ന്യായമായും സംശയിക്കാം. ഹൃദയപക്ഷത്തിന്റെ സീപ്ലെയിൻ അങ്ങനെയല്ല. വെള്ളത്തിലിറങ്ങിയാൽ മീനുകൾ അറിയില്ല. ഡാമിലിറങ്ങിയാൽ, ഒരു കിളി പറന്നിറങ്ങിയതാണെന്നേ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങൾക്കു തോന്നുകയുള്ളൂ. പക്ഷേ, പിന്തിരിപ്പന്മാരും മാവോയിസ്റ്ര് അനുകൂലികളുമായ ചില വനംവകുപ്പുകാർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആനകൾ പേടിച്ച് ഡാമിൽ വെള്ളംകുടിക്കാൻ വരില്ലെന്നാണ് അവർ പറയുന്നത്. ഇത്ര സങ്കടമുള്ളവർ ഡാമിൽനിന്ന് വെള്ളം കോരിയെടുത്ത് ആനകളുടെ വായിലോട്ട് ഒഴിച്ചുകൊടുത്താൽ മതിയെന്ന് താത്വികാചാര്യൻ മണിയാശാൻ മറുപടി നൽകിയിട്ടുണ്ട്. ചെറിയൊരു വിമാനംകണ്ടാൽ പേടിക്കുന്ന ആനകളാണെങ്കിൽ കാട്ടിൽനിന്ന് ഒഴിഞ്ഞുപോകുന്നതാണ് നല്ലത്.
വിമാനം, അല്ലെങ്കിൽ ബോട്ട്;
ടു ഇൻ വൺ വേണ്ട
വിമാനം ഇറങ്ങേണ്ടത് വെള്ളത്തിലല്ല, കരയിലാണെന്ന് പ്രായത്തിൽ മൂപ്പനും സ്ഥാനത്തിൽ കുഞ്ഞനുമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ വലിയ സഖാക്കൾ പ്രതികരിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒന്നുകില്ലെങ്കിൽ ബോട്ട്, അല്ലെങ്കിൽ വിമാനം. സ്ഥായിയായ രൂപമില്ലാത്ത ഈ സംഗതിയെ കേരളത്തിലെ ഒരു കിണറ്റിൽപോലും ഇറങ്ങാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ജെ. ആഞ്ചലോസിന്റെ നിലപാട്. ചുഴിഞ്ഞുചിന്തിച്ചാൽ സംഗതി ശരിയാണ്. കൊച്ചുകേരളത്തിൽ ഓട്ടോറിക്ഷയിൽ പോകാവുന്ന ദൂരത്തിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ വിമാനത്തിൽ പോകുന്നവർ എത്രമാത്രം ഭീകര ഫാസിസ്റ്റുകളായിരിക്കും. ഇന്നലെയും ഇന്നും നാളെയും നിലപാടുകൾ ഒന്നായിരിക്കണമെന്നാണ് യഥാർത്ഥ കമ്മ്യൂണിസത്തിന്റെ ആദ്യപാഠം. ആശയങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ലോകത്തിന് തോന്നിയാലും അംഗീകരിക്കരുത്. അത് തോൽവിയാണ്. ഇന്നലത്തെ തെറ്റുകൾ തിരുത്താൻ വലിയ മനസുള്ളവർക്കേ കഴിയൂ എന്നാണ് പവറുള്ള കൊച്ചേട്ടന്റെ മോഡേൺ നിലപാട്. നിലപാടുകൾ തമ്മിലടിക്കുമ്പോൾ സീപ്ലെയിൻ വീണ്ടും 'എയറിലാണ്".
വെള്ളക്കെട്ട് പ്രദേശമായ എറണാകുളത്ത് ട്രെയിനോടിയാൽ ആ കുലുക്കത്തിൽ കെട്ടിടങ്ങൾ തകരുമെന്നും ഓട്ടോറിക്ഷ വന്നാൽ സൈക്കിൾ റിക്ഷക്കാരുടെ ജീവിതം വഴിമുട്ടുമെന്നും പണ്ടെങ്ങോ കൊച്ചേട്ടൻ പറഞ്ഞത് മനുഷ്യപക്ഷത്തുനിന്ന് ചിന്തിച്ചതുകൊണ്ടാണ്. കമ്പ്യൂട്ടർ വന്നാൽ ആയിരങ്ങളുടെ പണിപോകുമെന്നും പറഞ്ഞിട്ടുണ്ട്. ഇന്നത്തെ തെറ്റുകൾ നാളത്തെ ശരിയാണെന്ന് സമ്മതിക്കുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഔന്നത്യം. ഈ പാർട്ടിയെ ആർക്കും പിടികിട്ടില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.
പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് യാത്രചെയ്യാവുന്ന സെസ്‌ന 206 വിമാനമാണ് 2013 ജൂൺ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലിൽ ഇറങ്ങിയത്. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു അന്ന് കന്നിപ്പറക്കൽ നിശ്ചയിച്ചിരുന്നതെങ്കിലും ഇടതുസംഘടനകളുടെ നേതൃത്വത്തിൽ വഞ്ചിനിരത്തിയും വലവിരിച്ചും തടയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |