2021 ഓഗസ്റ്റ്. പാലക്കാട് ആലത്തൂരിൽ ആറു മോഷണങ്ങൾ തുടർച്ചയായി നടന്ന സമയം. പണവും ആഭരണങ്ങളുമെല്ലാം നഷ്ടപ്പെട്ട കവർച്ചകളിൽ പൊലീസിന്റെ സമനിലയാകെ തെറ്റി. നൈറ്റ് പട്രോളിംഗ് അടക്കം കാര്യക്ഷമമാക്കിയിട്ടും ഇത്രയും കവർച്ചകൾ ദിവസങ്ങൾക്കകം എങ്ങനെ നടക്കുന്നു? ആരാണ് ഇതിനു പിന്നിൽ? പൊലീസ് ആസ്ഥാനത്തു നിന്നെത്തിയ ചോദ്യങ്ങൾക്ക് ഉത്തരം തേടിയിറങ്ങിയ പൊലീസ് വൈകാത ആ സത്യം തിരിച്ചറിഞ്ഞു. ദേഹമാസകലം കരിയും എണ്ണയും തേച്ച്, അർദ്ധനഗ്നരായി, മാരകായുധങ്ങളുമായി ഇറങ്ങുന്നവരാണ് മോഷണങ്ങൾക്കു പിന്നിൽ. കേരള പൊലീസിന്റെ കേസന്വേഷണ ഡയറിയിൽ ആദ്യമായി ആ പേരു തെളിഞ്ഞു: കുറുവാ സംഘം !
അറപ്പു തീർന്ന
മുഴുക്കള്ളന്മാർ
തമിഴ്‌നാട്ടിലെ മോഷ്ടാക്കളുടെ സ്വർഗഭൂമിയാണ് കേരളം. സാധാരണ, മഴക്കാലത്താണ് തിരുട്ടു ഗ്രാമങ്ങളിൽ നിന്ന് കള്ളന്മാർ ചുരമിറങ്ങിയിരുന്നത്. എന്നാൽ മലയാളികൾക്ക് കള്ളന്മാർ പേടി സ്വപ്‌നമായിത്തീർന്നത്, എന്തു ചെയ്യാനും മടിയില്ലാത്ത കുറുവാ സംഘത്തിന്റെ വരവോടെയാണ്. കള്ളന്മാരിൽ പെരുങ്കള്ളന്മാരാണ് കുറുവാ സംഘം. അഭ്യാസികൾ. ചോരകണ്ട് അറപ്പുമാറിയവർ. ഒരുതരി സ്വർണത്തിനായിപ്പോലും അരുംകൊലയ്ക്ക് മുതിരുന്നവർ... ഒരുകാലത്ത് തമിഴ്‌നാടിനെ ഭീതിയുടെ മുനയിൽ നിറുത്തിയ തിരിട്ടുസംഘത്തിന് തമിഴ്‌നാട് ഇന്റജിലൻസാണ് കുറുവാ സംഘമെന്ന പേരു ചാർത്തിക്കൊടുത്തത്. മോഷണം കുലത്തൊഴിലാക്കിയ കുറുവാ സംഘം ഏറെക്കാലത്തിനു ശേഷം കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്.
ആലപ്പുഴയിൽ ചേർത്തല, മണ്ണഞ്ചേരി, മാരാരിക്കുളം പ്രദേശത്തായി പത്തിടത്താണ് ഈയിടെ മോഷണം നടന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്നു കണ്ടെത്തിയ സി.സി ടിവി ദൃശ്യങ്ങളാണ് കുറുവാ സംഘത്തിലേക്ക് വിരൽ ചൂണ്ടിയത്. ആക്രമിച്ച് കൊന്നിട്ടായാലും ലക്ഷ്യം നിറവേറ്റുന്നവരാണ് കുറുവാ സംഘം. കരിയും ഓയിലും മറ്റും ദേഹത്ത് തേക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഭയന്നുപോകും. പ്രതികരിക്കാനോ കരയാനോ പോലും കഴിയാത്ത അവസ്ഥയിൽ, ഇരകളെ ക്രൂരമായി അക്രമിച്ച് ആഭരണങ്ങളും മറ്റും കവരും. സ്ത്രീകളുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മുറിച്ചെടുക്കാനും നിമിഷനേരം മതി.
പകൽസമയത്ത് ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി, രാത്രിയാണ് മോഷണം. കേരള- തമിഴ്‌നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് രീതി. മൂന്നു പേരാണ് മിക്കപ്പോഴും ഒരുമിച്ചുണ്ടാകുക. മോഷണം നടത്തേണ്ട വീടുകൾ ആറു മാസം വരെ നിരീക്ഷിക്കും. കൂട്ടത്തിലെ ഒരാൾക്ക് കവർച്ച നടത്തുന്ന വീടിനെക്കുറിച്ച് പൂർണമായ വിവരമുണ്ടായിരിക്കും. ഏതു സമയത്തും ആരെയും ആക്രമിച്ച് മോഷണം നടത്താൻ ഇവർക്കു കഴിയാറുണ്ട്. എതിർത്താൽ ആയുധമെടുത്ത് ഭീഷണിപ്പെടുത്തുന്നതാണ് രീതി.
ആലത്തൂരിൽ
ആദ്യ കവർച്ച
സംസ്ഥാനത്ത് ആദ്യമായി അറസ്റ്റിലായത് മാരിമുത്തുവിന്റെ കുറുവാ സംഘമാണ്. പാലക്കാട് ആലത്തൂരിലെ കവർച്ചകളിലാണ് ഇവർ വലയിലായത്. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യൻ, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. മാരിമുത്തു തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ്. പിടിയിലാകുമ്പോൾ 30 കേസുകളിൽ പ്രതിയായിരുന്നു. അന്ന് ഇവരിൽ നിന്ന് മൂന്നര പവൻ സ്വർണവും മറ്റും പിടിച്ചെടുത്തിരുന്നു. പാലക്കാട് ജില്ലയിൽ മാത്രം ആറ് മോഷണങ്ങളാണ് ഇവർ നടത്തിയത്. കോഴിക്കോടും തൃശൂരും കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. കൊല്ലത്ത് ജൂവലറിയിൽ നടന്ന മോഷണത്തിനു പിന്നിലടക്കം ഇത്തരം കുറുവാ സംഘങ്ങളാണെന്ന സംശയമുയർന്നെങ്കിലും ഇതിലേക്ക് അന്വേഷണമൊന്നും നീണ്ടില്ല. ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു മൂന്നു പേരുടെ അറസ്റ്റ്.
പുലർച്ചെ രണ്ടു മണിക്കും നാലിനും ഇടയിലാണ് സാധാരണ കുറുവാ സംഘം കവർച്ചയ്ക്കിറങ്ങുക. മാരകായുധങ്ങളുമായി സംഘടിതമായി വരുന്നതായിരുന്നു നേരത്തെയുള്ള രീതി. പിടിക്കപ്പെടാൻ സാദ്ധ്യത കൂടുതലായതിനാലാണ് ഇപ്പോൾ മൂവർ സംഘങ്ങളായി തിരിഞ്ഞുള്ള ഓപ്പറേഷൻ. സാധാരണക്കാരുടെ വീടുകളേ തിരഞ്ഞെടുക്കൂ. പിൻവാതിൽ തകർത്തേ അകത്തു കയറൂ. മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ, പൈപ്പു തുറന്ന് വെള്ളമൊഴുക്കി ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ടു തന്നെ വാതിൽ തുറപ്പിക്കുന്നതാണ് പതിവു സ്റ്റൈൽ.
പൊന്നിലാണ്
കുറുവാ കണ്ണ്
മലയാളികളുടെ സ്വർണാഭരണ ഭ്രമമാണ് കുറുവാ സംഘത്തെ കേരളത്തിൽ തമ്പടിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. സ്വർണത്തിന് വില കുതിച്ചുയർന്നതാണ് കുറുവകളെ ആകർഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭരണങ്ങൾ അണിയുന്നകാര്യത്തിൽ മലയാളികൾ ഏറെ മുന്നിലാണ്. ചുരുങ്ങിയത് അഞ്ചു പവനെങ്കിലും ഒരു വീട്ടമ്മ മാത്രം അണിയുന്നണ്ടെന്നെല്ലാം കുറുവാ സംഘത്തിന് വ്യക്തമായ ധാരണയുണ്ട്. ഇതെല്ലാം കണക്കുകൂട്ടിയാണ് കവർച്ച. ഒരു പ്രദേശത്തെ അഞ്ച് വീടുകളെങ്കിലും ഇവർ ഒരേദിവസം കൊള്ളയടിക്കും. മോഷ്ടിച്ച സ്വർണം മുഴുവൻ കേരളത്തിൽത്തന്നെയാണ് മുമ്പ് വിറ്റിരുന്നതെങ്കിൽ, പൊലീസ് നിർദ്ദേശം കടുപ്പിച്ചതിനാൽ ആഭരണശാലകളും മറ്റും ഇപ്പോൾ ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ കൂട്ടാക്കാറില്ല. കൂട്ടക്കവർച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലേക്കു കടന്ന് അവിടെ തുച്ഛമായ തുകയ്ക്ക് ആഭരണങ്ങൾ വിൽക്കും.
പൂജ, കളവിന്റെ
പങ്ക് മൂപ്പന്
കവർച്ചയ്ക്ക് പുറപ്പെടണമെങ്കിൽ സംഘത്തിന് മൂപ്പന്റെ അനുവാദം വേണം. അല്ലെങ്കിൽ പിടിക്കപ്പെടുമെന്നാണ് വിശ്വാസം. അനുമതി കിട്ടിയാൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേക പൂജ നടത്തും. ശേഷമാണ് സംഘം കവർച്ചയ്ക്കായി ഓരോ സ്ഥലത്തേക്കും പോവുക. കവർച്ചയുടെ ഒരു പങ്ക് മൂപ്പനുള്ളതാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ കുറുവാ സംഘത്തിലുണ്ടാകും. മോഷണത്തിൽ സ്ത്രീകളും ഒട്ടും പിന്നിലല്ല.
1990-ൽ തിരുവനന്തപുരം നഗരത്തിൽ നടന്ന മോഷണക്കേസ് അന്വേഷണവുമായി തിരുട്ടുഗ്രാമത്തിൽ പോയി കള്ളനെ പിടികൂടിയത് ഭീതിയോടെയാണ് റിട്ട. എസ്.പി ജോർജ് ജോസഫ് ഇപ്പോഴും ഓർക്കുന്നത്. 'ഒരു പ്രതി അറസ്റ്റിലായെങ്കിലും കൂട്ടുപ്രതികളെ കിട്ടിയിരുന്നില്ല. ഇവരെ പിടികൂടാനാണ് ഞാനും നാല് പൊലീസുകാരും തിരുച്ചിറപ്പള്ളിയിലേക്ക് പോയത്. തിരുട്ടുഗ്രാമത്തിലെത്തി, പ്രതികളിൽ ഒരാളെ പിടികൂടി. അപ്പോഴേയ്ക്കും ഗ്രാമം ഇളകി. കള്ളനെ നടത്തിച്ചു കൊണ്ടുപോവുക ബുദ്ധിമുട്ടായതുകൊണ്ട് തോളിൽ ചുമന്നാണ് അന്ന് ജീപ്പിലേക്ക് ഓടിയത്."- ജോർജ് ജോസഫ് പറഞ്ഞു. പൊലീസിനു പോലും ഇത്തരം ഗ്രാമങ്ങളിൽ എളുപ്പം എത്തിപ്പെടാനാവില്ല. എത്തിയാൽത്തന്നെ സംഘം ചേർന്ന് വകവരുത്തും!
ജാഗ്രത മാത്രം
സുരക്ഷ
രാത്രികളിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് വാതിലുകളുടെ എല്ലാ പൂട്ടും ലോക്ക് ചെയ്‌തെന്ന് ഉറപ്പു വരുത്തണമെന്ന് പൊലീസ് തന്നെ മുന്നറിയിപ്പ് നല്കുന്നു. ജനൽപ്പാളികൾ രാത്രി അടച്ചിടുക. അപരിചിതർ കാളിംഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ, ജനൽ വഴി കാര്യം അന്വേഷിക്കുക. വീടിനു പുറത്തും അടുക്കള ഭാഗത്തും, മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റിടുക.
അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്രങ്ങളോ പാഴ്‌വസ്തുക്കളോ ശേഖരിക്കുന്നവർ, യാചകർ, പുതപ്പ് പോലുള്ളവ വിൽക്കാനെത്തുന്ന പരദേശി കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ നിരീക്ഷിക്കുക. രാത്രിസമയത്ത് വീടിന്റെ പരിസരത്ത് കൊച്ചുകുട്ടികൾ കരയുന്നതു പോലുള്ള ശബ്ദമോ, പൈപ്പിൽ നിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദമോ കേട്ടാൽ മുൻകരുതലുകളില്ലാതെ പെട്ടെന്ന് വാതിൽ തുറന്ന് പുറത്തിറങ്ങി പരിശോധിക്കാൻ മുതിരരുത്. പെട്ടെന്ന് വീടിനു ചുറ്റുമുള്ള മുഴുവൻ ലൈറ്റുകളും പ്രകാശിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |