ചെന്നൈ: തുറന്ന കത്തിനെത്തുടർന്നുള്ള പോര് കനക്കുന്നതിനെതിരെ നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ് അയച്ച് ധനുഷ്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു. വിവാദത്തിൽ ധനുഷ് മൗനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ നീക്കം. ദൃശ്യം നീക്കം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം പത്ത് കോടി രൂപയിൽ ഒതുങ്ങില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
അതേസമയം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: 'എന്റെ കക്ഷി ഈ സിനിമയുടെ നിർമ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല."
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ നിർമ്മാണ് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ആ സിനിമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ നിർമ്മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. രണ്ടുവർഷം കാത്തിരുന്നു.
ഡോക്യുമെന്ററി ട്രെയിലർ പുറത്തുവന്നപ്പോൾ 'നാൻ റൗഡി താൻ' സിനിമയുടെദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്നാണ് നയൻതാര പറയുന്നത്. മൂന്ന് സെേക്കന്റ് ദൃശ്യങ്ങൾക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.
പ്രതികരിച്ച് പിതാവ്
അതിനിടെ, വിവാദങ്ങളിൽ പ്രതികരിച്ച് ധനുഷിന്റെ പിതാവ് കസ്തൂരി രാജ രംഗത്തെത്തി.
'നാനും റൗഡി താൻ' ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ഉപയോഗിക്കാൻ രണ്ടുവർഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയൻതാരയുടെ അവകാശവാദം തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞു. ധനുഷ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും പ്രതികരിച്ചു.
വിഘ്‌നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം താൻ അറിഞ്ഞില്ലെന്നും കസ്തൂരി രാജ അവകാശപ്പെട്ടു.
'ഞങ്ങൾക്ക് ജോലിയാണ് പ്രധാനം. മുന്നോട്ടുപോകുന്നു. ഞങ്ങളെ പിന്തുടരുന്നവർക്കോ പിന്നിൽനിന്ന് സംസാരിക്കുന്നവർക്കോ മറുപടി നൽകാൻ സമയമില്ല. എന്നെപ്പോലെ എന്റെ മകനും ജോലിയിൽ മാത്രമാണ് ശ്രദ്ധ. - അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |