വിഴിഞ്ഞം: ഇന്ന് ലോക മത്സ്യബന്ധന ദിനം.ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് ഓരോ വർഷവും പ്രതീക്ഷയുടേതാണ്. വരും നാളുകൾ നല്ലൊരു ചാകര നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.ട്രോളർ ബോട്ടുകളോ ട്രോളിംഗ് നിയന്ത്രണമോ ഇല്ലാത്ത,ഏറ്റവും കൂടുതൽ മത്സ്യബന്ധന ഗ്രാമങ്ങളുള്ള ജില്ലയിലെ തന്നെ പ്രധാന മത്സ്യബന്ധനതീരമാണ് വിഴിഞ്ഞം.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യന്ത്രവത്കൃത സംവിധാനം ഉപയോഗിച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മത്സ്യബന്ധനം നടത്തുമ്പോൾ പതിറ്റാണ്ടുകളായി തലമുറ കൈമാറിവരുന്ന തൊഴിലാണ് വിഴിഞ്ഞത്തെ മത്സ്യബന്ധനം. കടലിനോടും കടൽത്തിരകളോടും മല്ലിട്ട് തണുപ്പും ചൂടുമറിഞ്ഞ് ജീവൻവരെ പണയം വച്ചാണ് വിഴിഞ്ഞത്തെ തൊഴിലാളികൾ കട്ടമരവും ചെറുവള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്. ചിലപ്പോൾ സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ടെന്നിവർ പറയുന്നു. ഓരോ മത്സ്യത്തെയും പിടിക്കാൻ പ്രത്യേകം പ്രത്യേകം വലകൾ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.
മറ്റ് ജില്ലകളിൽ ട്രോളിംഗ് നിരോധിക്കുമ്പോൾ വിഴിഞ്ഞത്തിന് ചാകരക്കാലമാണ്.
വിഴിഞ്ഞം പൊള്ളൽ ചൂരകളുടെയും കല്ലൻ കണവകളുടെയും ആവാസ കേന്ദ്രം...
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊള്ളൽചൂര (ചെറിയചൂര) ലഭിക്കുന്ന പ്രദേശമാണ് വിഴിഞ്ഞത്തേത്.പ്രോട്ടീൻ സമ്പന്നമാണ് ഈ മത്സ്യം.കൂടാതെ ഒമേഗ - 3,ഒമേഗ - 6 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ കാണപ്പെടുന്നു.എണ്ണകൾ,വിറ്റാമിനുകൾ,ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇവ.എ,ബി6,ബി12,സി,ഡി,ഇ,കെ എന്നീ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.സിങ്ക്,കോപ്പർ എന്നീ ധാതുക്കളും ഉൾപ്പെടുന്നു.ചൂര കൂടാതെ കല്ലൻ കണവകളും ഏറ്റവും കൂടുതൽ ലഭിക്കുന്നതും ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |