കൊച്ചി: ഫോർട്ടുകൊച്ചിയിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ചുകാരന് കാനയിൽവീണ് പരിക്കേറ്റ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ഇനി ജർമനി, അമേരിക്ക... എന്നിങ്ങനെ ഓരോ രാജ്യക്കാരായി വീഴട്ടെ എന്നാണോയെന്ന് വാക്കാൽ ചോദിച്ചു.
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ഉത്തരവുകൾ പാലിക്കാത്തതിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ഇങ്ങനെയാണെങ്കിൽ കൊച്ചിയിലേയ്ക്ക് പോകേണ്ടെന്ന് ലോകമാകെ പറയും. നഗരത്തെ ഇഷ്ടപ്പെടുന്നതിനാലാണ് നിരന്തരം പറയുന്നതെന്നും കോടതി വ്യക്തമാക്കി.
അർജന്റീന ഫുട്ബാൾ ടീമിനെയൊക്കെ ഇവിടേയ്ക്ക് വിളിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷെ റോഡൊക്കെ പൊളിച്ചിട്ടിരിക്കുകയാണ്. ഉത്തരവുകൾ പാലിക്കാൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ കളക്ടർ ഉത്തരവാദിയാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം അറ്റകുറ്റപ്പണിക്ക് കുഴിച്ചിട്ടിരുന്നിടത്ത് സ്ഥാപിച്ച വേലിയിൽ വിടവുവന്നതാണ് അപകടകാരണമെന്ന് കൊച്ചി സ്മാർട്ട്‌സിറ്റി മിഷൻ വിശദീകരിച്ചു. സംഭവിച്ചിട്ട് ന്യായീകരിക്കുന്നതിനേക്കാൾ അപകമുണ്ടാകാതെ നോക്കുകയെന്നതാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ഏഴിനാണ് ലാൻഡൻ എന്ന ഫ്രഞ്ചുകാരന് കാനയിൽ വീണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |