ഹമാസ് - ഇസ്രയേൽ യുദ്ധം ആരംഭിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ഇത് തടയാൻ മുന്നിട്ടിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോഴിതാ ഗാസയിൽ ഹമാസിനെതിരെ പോരാടാൻ ഇസ്രയേൽ സെെന്യം ഉപയോഗിക്കുന്ന തോക്കുകൾക്ക് ഇന്ത്യൻ ബന്ധം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇസ്രയേൽ സെെന്യത്തിന്റെ മെഷീൻ ഗണ്ണുകൾ, അസോൾട്ട് റെെഫിളുകൾ എന്നിവയുടെ കൃത്യതയും പ്രഹരശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്ന എഐ ആയുധ സംവിധാനത്തിലാണ് ഇന്ത്യൻ ബന്ധമുള്ളത്. അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് എന്ന ഇന്ത്യൻ സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രയേൽ വെപ്പൺ ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ച അർബെൽ (ARBEL) എന്ന സംവിധാനമാണ് ഇസ്രയേൽ സെെന്യം യുദ്ധത്തിന് ഉപയോഗിക്കുന്നത്.
അർബെൽ
യഥാർത്ഥത്തിൽ അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് എന്ന ഇന്ത്യൻ സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രയേൽ വെപ്പൺ ഇൻഡസ്ട്രീസും (ഐഡബ്ല്യുഐ) തമ്മിലുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചത് ഒക്ടോബർ 22നായിരുന്നു. അന്ന് ഇത് മാദ്ധ്യമങ്ങളിൽ വളരെ ചർച്ചയായിരുന്നു. 2022ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഒരു പ്രതിരോധ എക്സ്പോയിലായിരുന്നു ഇതിന്റെ പ്രഖ്യാപനം നടന്നത്.
കമ്പ്യൂട്ടറെെസ്ഡ് ആയുധ സംവിധാനമാണ് അർബെൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയ പ്രത്യേക അൽഗോരിതമാണ് അർബെലിലുള്ളത്. ഇത് തോക്ക് ഉപയോഗിക്കുന്നത് ആയാസരഹിതമാക്കി മാറ്റുന്നു. കൂടാതെ പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിവയ്ക്കാൻ സെെന്യത്തിന് സാധിക്കും. ഇസ്രയേൽ വികസിപ്പിച്ച ടാവ, കാമൽ, നാഗേവ് തുടങ്ങിയ തോക്കുകളിലാണ് അർബെൽ ഉപയോഗിക്കുന്നത്. 2023ൽ ഇസ്രയേൽ യുദ്ധം തുടങ്ങിയത് മുതൽ അർബെൽ ഉപയോഗിച്ചതായി ഡവലപ്പർമാർ വെളിപ്പെടുത്തുന്നില്ല.
ഇന്ത്യൻ കമ്പനിയുടെ സഹായത്തോടെ വികസിപ്പിച്ച അർബെൽ പോലുള്ള എഐ ആയുധങ്ങളുടെ ഉപയോഗം യുദ്ധത്തിലേക്ക് എഐ സാങ്കേതിക വിദ്യ കടന്നുവരുന്നതിനെ അടിവരയിടുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ നിരീക്ഷകമായ ഗിരീഷ് ലിംഗണ്ണ പറയുന്നു. എഐ പോലുള്ള സാങ്കേതിക വിദ്യ സെെനികരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഇത് ഭാവിയിൽ ദുരുപയോഗം ചെയ്യുന്നതിനും സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുവെന്ന് ഗിരീഷ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ യുദ്ധത്തിൽ അർബെൽ ഉപയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്തുന്നത് പ്രയാസമാണ്. ഗാസയിൽ ഇസ്രയേൽ സെെന്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. നിരപരാധികളുടെ മരണം തടഞ്ഞ് കൃത്യമായി ശത്രുകളെ കൊലപ്പെടുത്താൻ അർബെൽ സഹായിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സെെന്യം ശരിയായ രീതിയിൽ ഉപയോഗിച്ചുവെന്ന് വ്യക്തമല്ല.
ഇന്ത്യയുടെ പങ്ക്
കഴിഞ്ഞ വർഷം ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ ഇന്ത്യൻ ആയുധ ഘടകങ്ങൾ ചെറിയ ഒ രു പങ്ക് വഹിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇത് ഇസ്രയേലുമായുള്ള ഇന്ത്യൻ സെെനിക കെെമാറ്റം നിർത്താൻ സമർദ്ദം ചെലുത്താൻ പല അഭിഭാഷകർ ഉൾപ്പടെയുള്ളവരെ പ്രേരിപ്പിച്ചു. ഫെബ്രുവരിയിൽ 20 ഇന്ത്യൻ നിർമ്മിത യുദ്ധ ഡ്രോണുകൾ ഇസ്രയേലിന് കെെമാറിയതായി റിപ്പോർട്ടുണ്ട്. രഹസ്യാന്വേഷണ ദൗത്യങ്ങൾക്കാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് അന്ന് പ്രതിരോധ നിരീക്ഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. അദാനി ഡിഫൻസ് ആൻഡ് എയർറോസ്‌പേസ് ഇസ്രയേലിന് തോക്കുകൾ നൽകുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എഐ കമ്പനികളും ഇന്ത്യയും
സമീപ വർഷങ്ങളിലായി ഇന്ത്യയിലെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ഇന്ത്യൻ ഗവൺമെന്റ് എഐയെ നോക്കിക്കാണുന്നു. 2013നും 2022നും ഇടയിൽ ഇന്ത്യൻ എഐ കമ്പനികൾക്ക് ആഗോളതലത്തിൽ ഉയർന്ന നിക്ഷേപം ലഭിച്ചതായാണ് റിപ്പോർട്ടുണ്ടായിരുന്നു. ഇത് 7.73 ബില്യൺ യുഎസ് ഡോളറാണ്.
ഈ വർഷമാദ്യം പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം 2027 ഓടെ ഇന്ത്യൻ എഐ വിപണി 17 ബില്യൺ ഡോളറിനും 22 ബില്യൺ ഡോളറിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഭൂമിയിൽ എഐ വിദഗ്ധർ ഏറ്റവും കൂടുതലുള്ള ഒരു രാജ്യമായി ഇന്ത്യമാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് സ്വാഭാവികമായും കൂടുതൽ രാജ്യങ്ങളെ ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ നടത്താൻ ആകർഷിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |