പ്രതീക്ഷിക്കാത്ത നേരത്ത് വിദേശത്തു നിന്ന് സഹീർ മുഹമ്മദിനെ തേടി ബഹുമതി . അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നടന്ന ഡാർക് റെഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ എന്ന അംഗീകാരം .മത്സരത്തിന് വിദേശികൾ ഉൾപ്പെടെ ഒൻപത് പേരിൽ ഏക ഇന്ത്യക്കാരൻ സഹീർ മുഹമ്മദായിരുന്നു. 'അനദർ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ് " എന്ന ഹ്രസ്വ ചിത്രമാണ്പുരസ്കാരം നേടി കൊടുത്തത്.
കൊച്ചു പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കി കൊലപ്പെടുത്തി അവരുടെ രക്തത്തിൽ കുളിച്ച് ആനന്ദം കണ്ടെത്തുന്ന വയോധികന്റെ ഭാവങ്ങളാണ് സഹീർ മികവുറ്റ രീതിയിൽ അവതരിപ്പിച്ചത്.
കോട്ടയം സ്വദേശി ആൻഡ്രൂ ദേവ് ക്ളാർസൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രൊഫഷണൽ നാടകത്തിന്റെ അരങ്ങിൽ ഏഴുവർഷം പ്രവർത്തിച്ച സഹീറിന് സിനിമയിൽ ഛായാഗ്രാഹകനാകാനായിരുന്നു ആഗ്രഹം. ചങ്ങനാശേരി തരംഗം, കൊല്ലം തൂലിക, ഓച്ചിറ സരിഗ തുടങ്ങിയ പ്രമുഖ സമിതികളുടെ നാടകങ്ങളിൽ നൂറു കണക്കിന് വേദികളിൽ വേഷപ്പകർച്ച നടത്തിയ ശേഷം സഹീർ ക്യാമറ പിന്നിലേക്ക് തിരിഞ്ഞു. അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ അസിസ്റ്റന്റായും അസോസിയേറ്റായും ഒൻപതു വർഷം പ്രവർത്തിച്ചു. സ്വതന്ത്ര ഛായാഗ്രാഹകനാകാൻ തയാറെടുപ്പ് നടത്തുമ്പോൾ ജീവിത സ്ഥിരിതയുടെ ഭാഗമായി വിദേശവാസം വേണ്ടിവന്നു. അത് സിനിമയിൽനിന്ന് അകറ്റി.
തിരികെ എത്തിയപ്പോൾ ക്യാമറയുടെ മുന്നിൽ എത്താനായിരുന്നു നിയോഗം.30ലധികം സിനിമകളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ അവസരം ലഭിച്ചു. സലിം അഹമ്മദ്, ജിബുജേക്കബ്, പ്രജേഷ്സെൻ, സക്കറിയ, ജിസ്ജോയി, ആഷിഖ് അബു, ഡോ.ബിജു, എം.എ. നിഷാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ സഹീർ മുഹമ്മദ് തിളങ്ങി . കിഷ്കിന്ധാകാണ്ഡം ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. നിരവധി അവസരങ്ങൾ തേടി എത്തുന്നതിന്റെ ആഹ്ളാദത്തിലാണ് സഹീർ. അഭിനയയാത്രയിൽ ബഹുദൂരം പോകാനുണ്ടെന്ന് തിരിച്ചറിയുന്നു. ആലപ്പുഴ ഭരണിക്കാവ് ഇലിപ്പക്കുളം ആണ് നാട് . ഭാര്യ സാറ. മക്കൾ സറീന, ഇമ്രാൻ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |