ആലപ്പുഴ: എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ വിദ്യാധരന്റെ സ്കൂട്ടറിന് പിന്നിൽ ഒരുപെട്ടി ഫലവൃക്ഷ തൈകളുണ്ടാവും. പോകുംവഴി ജല, വള സാദ്ധ്യതയുള്ള, വൈദ്യുതി കമ്പികളില്ലാത്ത പൊതുസ്ഥലം കണ്ടാൽ അവിടെ ഒരുചെടി നടും. അങ്ങനെ എന്നും പരിസ്ഥിതിദിനമാചരിക്കുകയാണ് ചേർത്തല അരീപ്പറമ്പ് ചെത്തിക്കാട്ട് വീട്ടിൽ സി.വി. വിദ്യാധരൻ (63).
പൊലീസ് ഇന്റലിജൻസ് വിഭാഗം റിട്ട. സബ് ഇൻസ്‌പെക്ടറായ വിദ്യാധരൻ 15-ാം വയസിലാണ് വൃക്ഷത്തൈ നടൽ തുടങ്ങിയത്. 48 വർഷങ്ങൾക്കിടെ എല്ലാ ജില്ലകളിലുമായി ഒരുലക്ഷത്തിലധികം തൈകൾ നട്ടു. പലതും ദേശീയപാത വികസനത്തിനായി പിഴുതുമാറ്റി. സേവനകാലയളവിൽ 33 വർഷവും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലായിരുന്നു. അന്ന് നട്ട തൈകളാണ് ഇന്ന് പൊലീസ് ആസ്ഥാനത്തും ആലപ്പുഴ-ചേർത്തല പാതയിലും കുമ്പളം ടോൾ ഗേറ്റ്-അരൂർ പാലം റൂട്ടിലുമെല്ലാം തണലൊരുക്കുന്നത്.
2008ൽ ഭൂമിത്ര പുരസ്കാരം നേടിയപ്പോൾ, ജില്ലാ പൊലീസ് മേധാവിയായിരുന്ന സി.എച്ച്. നാഗരാജുവിന്റെ നിർദ്ദേശാനുസരണം എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആദരസൂചകമായി 'വിദ്യാധരൻ മരം" നട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരിയായ സുപ്രിയയാണ് ഭാര്യ. മക്കൾ: തെരേസ, ആഷിക്ക്. മരുമകൻ: അരുൺ, കൊച്ചുമക്കൾ: മാധവൻ, അമ്മു.
പ്ളാസ്റ്റിക് വേണ്ട, നാടിനുണ്ട്;
വിദ്യാധരന്റെ സ്റ്റീൽ ഗ്ലാസ്
നാല് ലക്ഷം രൂപ മുടക്കി സ്റ്റീൽ ഗ്ലാസുകൾ വിദ്യാധരൻ വാങ്ങി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. നാട്ടിലെ ഏത് പരിപാടിക്കും സൗജന്യമായി നൽകും. പ്ലാസ്റ്റിക് കുറയ്ക്കാനാണിത്. സ്വന്തം ആവശ്യത്തിന് മാത്രമായി വൈദ്യുതി ഉപയോഗിക്കില്ല. വെള്ളം പാഴാക്കാതിരിക്കാൻ കുളത്തിലാണ് കുളി. കാറിൽ യാത്രചെയ്യണമെങ്കിൽ അഞ്ച് പേരുണ്ടാവണം. വാഹനം കാത്തുനിൽക്കുന്ന വഴിയാത്രക്കാർക്ക് ലിഫ്ട് നൽകിയാണ് ഇത് പരിഹരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |