തൃശൂര്‍: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ കടന്നത് തൃശൂരിലേക്ക്. നാലംഗ സംഘത്തെ തൃശൂര്‍ ഈസ്റ്റ് പൊലിസ് പിടികൂടി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശൂര്‍ സ്വദേശികളായ നിഖില്‍, സതീശന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഘത്തില്‍ മൊത്തം ഒമ്പത് പേര്‍ ഉണ്ടായിരുന്നുവെന്നും അഞ്ച് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നുമാണ് വിവരം.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. ജൂവലറി ഉടമ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പ്രതികളുടെ സംഘം പിന്തുടരുകയും സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണം കവരുകയുമായിരുന്നു. എം.കെ. ജൂവലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സംഘം സ്വര്‍ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വര്‍ണം കവര്‍ന്ന് മുങ്ങിയത്.
പെരിന്തല്‍മണ്ണ - പട്ടാമ്പി റൂട്ടില്‍ സഹോദരന്‍മാര്‍ സഞ്ചരിക്കുമ്പോള്‍ രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്. അലങ്കാര്‍ തീയേറ്ററിന് സമീപത്ത് വെച്ചാണ് സംഭവം. ജൂവലറി അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സഹോദരന്‍മാര്‍. മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു. ജ്വല്ലറി മുതല്‍ തന്നെ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഊട്ടി റോഡിലെ കെ.എം. ജൂവലറി ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. മൊത്തം രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണം പ്രതികള്‍ കൈക്കലാക്കിയെന്നാണ് ജൂവലറി ഉടമകളും പൊലീസും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |