നെടുമ്പാശേരി: ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ പറന്നിറങ്ങി, താരമായി 'ഇവ". വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ കൊച്ചി വിമാനത്താവളത്തിന് അനുമതി ലഭിച്ച ശേഷം ആദ്യമായി പറന്നെത്തിയ പൂച്ചക്കുട്ടിയാണ് ഈ ഒരുവയസുകാരി. ഇന്നലെ രാവിലെ 10.17ന് എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിലാണ് 'ഇവ" എത്തിയത്.
തൃശൂർ ചേലക്കര കണ്ടുരുത്തി വീട്ടിൽ കെ.എ.രാമചന്ദ്രനും മകൻ റെനീഷുമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. വർഷങ്ങളോളം ദോഹയിലെ സ്വകാര്യ കമ്പനിയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായിരുന്ന രാമചന്ദ്രൻ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഇവയെയും കൂട്ടുകയായിരുന്നു. ഒരുവർഷം മുമ്പ് രാമചന്ദ്രന്റെ ക്വാർട്ടേഴ്സിൽ അതിഥിയായെത്തിയ പൂച്ചക്കുട്ടിയെ ഭക്ഷണം നൽകി കൂടെ കൂട്ടി. 'ഇവ"യെന്ന പേരും നൽകി. രാമചന്ദ്രന്റെ ഭാര്യ മിനി നേരത്തേ നാട്ടിൽ എത്തിയിരുന്നു.
നാളെ പുലർച്ചെ ബെൽജിയത്തിൽ നിന്ന് കോട്ടയം സ്വദേശി ദേവികയും നായ്‌ക്കുട്ടിയുമായി കൊച്ചിയിലെത്തുന്നുണ്ട്.
കേരളത്തിലെ ആദ്യ വിമാനത്താവളം
ഒരുമാസം മുമ്പാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 'അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ്" (എ.ക്യു.സി.എസ്) അനുമതി സിയാലിന് ലഭിച്ചത്. 'പെറ്റ് എക്‌സ്‌പോർട്ട് ആൻഡ് ഇമ്പോർട്ട്" സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമാണിത്. പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങളുണ്ട്. വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവരാനും കൊണ്ടു പോകാനും എയർലൈനുകളെയോ കാർഗോ ഹാൻഡ്‌ലിംഗ് ഏജൻസികളെയോയാണ് യാത്രക്കാർ ബന്ധപ്പെടേണ്ടത്. വിവരങ്ങൾക്ക് https://aqcsindia.gov.in
''മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങാനായി. പ്രക്രിയകൾ സുഗമമാക്കിയ സിയാലിന് നന്ദി""
- രാമചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |