കൊച്ചി: ആനയെഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും മതം തകരുന്ന നിലയുണ്ടെങ്കിലേ അനിവാര്യമായ ആചാരമായി കണക്കാക്കാനാവൂയെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം പാലിക്കണമെന്ന ഉത്തരവിൽ ഇളവുതേടി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രസമിതിയും കൊച്ചിൻ ദേവസ്വം ബോർഡും നൽകിയ ഹർജികൾ അനുവദിച്ചില്ല. ആനയെഴുന്നള്ളിപ്പ് തടയുകയല്ല, സുരക്ഷ കണക്കിലെടുത്ത് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
ഉത്സവപ്പകിട്ടിനായാണ് ആനകളെ എഴുന്നള്ളിക്കുന്നത്. ആചാരത്തിനായല്ല. കാലുകളിൽ ചങ്ങലയിട്ട ആനകളെ കണ്ട് ആനന്ദിക്കുന്നവർ എന്ത് ആനപ്രേമികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് നാട്ടാനകൾകൂടി ചരിഞ്ഞു. കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ ആനകളെ കരുതണം. 65 വയസുകഴിഞ്ഞ് വിരമിക്കുന്ന ആനകളെ പരിചരിക്കാൻ പ്രത്യേക ഇടവും ഫണ്ടും സർക്കാർ കണ്ടെത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
'പരസ്പരം സ്പർശിക്കുന്നത്
പ്രകോപനമായേക്കാം'
ഇന്ന് ഉത്സവം നടക്കുന്ന തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആനപ്പന്തലിന് 22 മീറ്റർ വീതിയാണുള്ളത്. ഇവിടെ 15 ആനകളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഓരോ ആനയ്ക്കും രണ്ട് മീറ്ററോളം വീതിയുണ്ടെന്നും ഇവ തമ്മിൽ മൂന്നുമീറ്റർ വീതം അകലമിടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെവരുമ്പോൾ നാലോഅഞ്ചോ ആനകൾക്ക് നിൽക്കാനുള്ള ഇടമേയുള്ളൂ.
ഈ ദൂരപരിധിക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് വ്യക്തമാക്കാൻ ഈ രംഗത്തെ വിദഗ്ദ്ധനായ ഡോ.ഈസയിൽ നിന്ന് കോടതി ഓൺലൈനായി വിവരങ്ങൾ തേടി. ആനകളുടെ നാലുചുറ്റും മൂന്നുമീറ്റർ അകലം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിൽക്കാൻ മതിയായ ഇടമില്ലാത്തതും പരിമിതമായ ഭക്ഷണവും പരസ്പരം സ്പർശിക്കുന്നതും പ്രകോപനമായേക്കാമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |