അസർബൈജാനിലെ ബാക്കുവിൽ നവംബർ 11 മുതൽ 22 വരെ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടി COP 29, രണ്ടു ദിവസം നീട്ടിയിട്ടും വ്യക്തമായ തീരുമാനമാകാതെയാണ് അവസാനിച്ചത്. 2035 ഓടെ കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജിനായി 1.3 ട്രിലിയൻ ഡോളർ വികസിത, വികസ്വര രാജ്യങ്ങൾ സ്വരൂപിക്കാനുള്ള ആഹ്വാനം കാലാവസ്ഥ ഉച്ചകോടിയിൽ തീരുമാനിച്ചിട്ടുണ്ട്. 300 ബില്യൺ ഡോളർ മുൻ നിശ്ചയിച്ചപ്രകാരം വർഷംതോറും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ വികസിത രാജ്യങ്ങൾ തീരുമാനത്തെ പൂർണമായി അംഗീകരിക്കാൻ തയ്യാറായിട്ടുമില്ല. ചർച്ച കൂടുതലും കാലാവസ്ഥ നഷ്ടപരിഹാര ഫണ്ടിനെക്കുറിച്ചാണ്. എന്നാൽ ഇതിൽ വ്യക്തവും, സുതാര്യവുമായ തീരുമാനത്തിനുള്ള സാദ്ധ്യത കുറവാണെന്നു ബാകുവിൽ നടന്ന ചർച്ചകളിലൂടെ വ്യക്തമായിരുന്നു. വികസ്വര രാജ്യങ്ങളെ കാർബൺ ബഹിർഗമനത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന വികസിത രാജ്യങ്ങൾ, നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വേണ്ടത്ര താല്പര്യം പ്രകടിപ്പിക്കുന്നില്ല. കാലാവസ്ഥ മാറ്റത്തിലൂടെയുള്ള നഷ്ടപരിഹാര ഫണ്ട് ലഭിക്കാത്തതു മൂലം, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കുണ്ടാകുന്ന നഷ്ടം ഇരട്ടിക്കുന്നുവെന്നാണ് ഇന്ത്യ ഉച്ചകോടിയിൽ പ്രസ്താവിച്ചത്. ഊർജ സംഭരണത്തെയും, ഗ്രിഡിനെയും കുറിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടായിട്ടും ഫോസിൽ ഇന്ധന വ്യവസായത്തിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങൾ COP 29 ൽ ദൃശ്യമായിരുന്നു. നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും COP 29 ചർച്ച വഴിപാടായി മാറിക്കഴിഞ്ഞു.
മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കാലാവസ്ഥാ സമ്മേളനങ്ങൾക്ക് ശേഷം, കാലാവസ്ഥാ ദുരന്തങ്ങൾ, കാർബൺ ബഹിർഗമനം എന്നിവ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ 2024നെ 'കാലാവസ്ഥാ നാശത്തിലെ ഒരു മാസ്റ്റർ ക്ലാസ്' എന്ന് വിശേഷിപ്പിച്ചതും, COP 29 2024ൽ പങ്കെടുക്കുന്നവരോട് അടിയന്തര മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയായി അംഗീകരിക്കാനുള്ള ആഹ്വാനവും പ്രതീക്ഷ വളർത്തിയിരുന്നു.
COP 29 വിൽ ഊർജ്ജ സംക്രമണം, ഫോസിൽ ഇന്ധനങ്ങൾ, ആഗോള കാലാവസ്ഥാ പ്രതിസന്ധി, ആഗോള കാർബൺ ബജറ്റ് എന്നിവയുടെ കാര്യത്തിൽ പുതിയ കണ്ടെത്തലുകൾ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. 2024 ൽ ആഗോള ഫോസിൽ കാർബൺ ബഹിർഗമനം മുൻവർഷങ്ങളെ അപേക്ഷിച്ചു 0.8% ഉയരുമെന്നു കണക്കാക്കിയിട്ടുണ്ട്. പാരീസ് ഉടമ്പടിക്ക് മുമ്പുള്ള 2015 നെ അപേക്ഷിച്ച് CO2 പുറന്തള്ളൽ 8% കൂടുതലാണ്. 120 ഓളം ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠന റിപ്പോർട്ടനുസരിച്ച്, നിലവിലെ നിരക്കിൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ 50% സാദ്ധ്യതയുള്ള ശേഷിക്കുന്ന കാർബൺ ബജറ്റ് 2025 ജനുവരി മുതൽ ആറുവർഷത്തേക്ക് മതിയാകുമെന്ന് യു.എൻ.ഇ.പി മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ തോതിലുള്ള ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം 2100 ഓടെ 3.1°C താപനിലയിലേക്കെത്തിക്കും.
കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഘട്ടം ഘട്ടമായുള്ള നീക്കം ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. നിലവിലെ NDC (Nationally determined Contributions under Paris Agreement) കൾ 2030 ഓടെ കാർബൺ ബഹിർഗമനം 2.6% കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. COP 30 യുടെ ആതിഥേയരായ ബ്രസീലും പുതിയ 2035 ബഹിർഗമനം കുറയ്ക്കൽ ലക്ഷ്യം പ്രഖ്യാപിച്ചു. മലിനീകരണം 2005ൽ നിന്ന് 59.67% കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ ചർച്ചയിൽ, യു.കെ 1990നെ അപേക്ഷിച്ച് 2035ഓടെ 81% പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യം ഈ വർഷം ആദ്യം അവസാന ഫോസിൽ ഇന്ധന പ്ലാന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. 2030ഓടെ വാതകം ഘട്ടംഘട്ടമായി കുറയ്ക്കാനും എണ്ണയ്ക്കും പുതിയ ലൈസൻസുകൾ നിരോധിക്കാനും പദ്ധതിയിടുന്നു. 29ലെ NDC പ്രഖ്യാപനങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് പിന്തുടരാനും അവരുടെ പ്രതിജ്ഞകൾ 2025ൽ പുറത്തിറക്കാനും COP 29 വേദിയൊരുക്കിയിട്ടുണ്ട്. ആഗോളതലത്തിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ തോത് 2023 ൽ 1.03 ശതമാനം മാത്രമാണ്. ഇത് 20 ഇരട്ടിയാക്കിയാൽ മാത്രമേ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യയ്സ് കുറയ്ക്കാൻ സാധിക്കൂ. കാലാവസ്ഥ നഷ്ടപരിഹാര സാമ്പത്തിക ഫണ്ടിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഇതുവരെയും രൂപപ്പെട്ടിട്ടില്ല. യു.കെ, ബ്രസീൽ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ എൻ.ഡി.സി നിർദേശങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ നെറ്റ് സിറോവിലെത്തിക്കാൻ 2035 ഓടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തു നിലവിലുള്ള ജിയോ പൊളിറ്റിക്കൽ സ്ഥിതിഗതികളും, പ്രകൃതി ദുരന്തങ്ങളും ചർച്ചയിൽ കൂടുതൽ ഇടം നേടിയിട്ടുണ്ട്.
കാലാവസ്ഥ നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചുള്ള ചർച്ചകളിൽ വ്യക്തമായ തീരുമാനമാകാതെയാണ് COP 29 അവസാനിച്ചത്. വികസിത, വികസ്വര രാജ്യങ്ങൾ തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു വരുന്നു. ബാകുവിലെ ചർച്ചകളിൽ വിഷയത്തിലൂന്നിയുള്ള തീരുമാനങ്ങൾക്കപ്പുറം പൊതുവായ ചർച്ചകളാണ് കൂടുതലായി നടന്നത്. അടുത്ത COP 30 ബ്രസീലിൽ വച്ചുനടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |