തകർത്തടിച്ച് രോഹനും സൽമാനും
ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി -20 ടൂർണമെന്റിൽ കരുത്തരായ മുംബയ്‌ക്കെതിരെ 43 റൺസിന്റെ ഗംഭീര ജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്‌ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസേ നേടാനായുള്ളൂ.
സൽമാൻ നിസാറിന്റെയും (49 പന്തിൽ 99), രോഹൻ കുന്നുമ്മലിന്റെയും (48 പന്തിൽ 87 റൺസ്) ബാറ്റിംഗാണ് കേരളത്തെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. ഇരുവരും 140 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
അഞ്ച് ഫോറും ഏഴ് സിക്‌സും ഉൾപ്പെട്ടതാണ് രോഹന്റെ ഇന്നിംഗ്സ്. 18ാം ഓവറിൽ രോഹൻ മടങ്ങിയെങ്കിലും കൂറ്റൻ ഷോട്ടുകളുമായി കളി തുടർന്ന സൽമാൻ നിസാറിന് ഒരു റൺസിനാണ് അർഹിച്ച സെഞ്ച്വറി നഷ്ടമായത്. അഞ്ച് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു സൽമാന്റെ ഇന്നിംഗ്സ്. ക്യാപ്‌ടൻ സഞ്ജു സാംസണും (4), മുഹമ്മദ് അസ്‌ഹറുദ്ദീനും (13) നിരാശപ്പെടുത്തി. സച്ചിൻ ബേബി പരിക്കേറ്റ് മടങ്ങി.മുംബയ്‌ക്കായി മോഹിത് ആവസ്തി നാല് വിക്കറ്റ് വീഴ്ത്തി. ഷർദുൽ താക്കൂറാണ് സഞ്ജുവിന്റെ കുറ്റി തെറിപ്പിച്ചത്.
വമ്പൻ വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബയ്ക്ക് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. പ്രിഥ്വിഷായുടെ (23) വിക്കറ്റാണ് മുംബയ്ക്ക് ആദ്യം നഷ്ടമായത്. നിധീഷിനായിരുന്നു വിക്കറ്റ്. അംഗ്രിഷ് രഘുവൻഷിയേയും നിധീഷ് മടക്കി.
ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും ചേർന്നുള്ള മൂന്നാം വിക്കറ്റിൽ 42 റൺസ് പിറന്നു. ശ്രേയസിനെ (32) അബ്ദുൾ ബാസിദ് പുറത്താക്കിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണു.68 റൺസെടുത്ത രഹാനെയാണ് മുംബയ്‌യുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റുമായി നിധീഷാണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്. വിനോദ് കുമാറും അബ്ദുൾ ബാസിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൽമാൻ നിസാറാണ് കളിയിലെ താരം.
234/5 - സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.
ട്വന്റി 20യിൽ മുംബയ്‌ക്കെതിരെ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ കൂടിയാ
ണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |