സംസ്ഥാനത്ത് പല ജില്ലകളിലും ഡിജിറ്റൽ തട്ടിപ്പിനു പുറമേ മോഷണശ്രമങ്ങളും കൂടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുറുവാ സംഘം എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ ഉൾപ്പെടെ അന്യസംസ്ഥാനത്തു നിന്നുള്ളവരും മോഷണത്തിന് പിന്നിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. നാട്ടിലെ ചെറുകിട മോഷണങ്ങളിൽ നിന്നു വ്യത്യസ്തമായി എതിർക്കുന്നവരെ എന്തു ക്രൂരതയും കാട്ടാൻ ഇത്തരക്കാർ മടിക്കാറില്ല. അടുത്തിടെ കണ്ണൂരിൽ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനിലധികം വരുന്ന സ്വർണ, വജ്ര ആഭരണങ്ങളും ഒരു കോടി രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. അരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സിന്റെ ഉടമ കെ.പി.അഷ്റഫിന്റെ 'കോറൽ' വീട്ടിലായിരുന്നു കവർച്ച. മൂന്നു പേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.
പിന്നിൽ ഇതര സംസ്ഥാന സംഘമെന്ന സൂചന ലഭിക്കുമ്പോഴും അഷ്റഫിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. അഷ്റഫിന്റെ യാത്രയെ കുറിച്ച് വ്യക്തമായി അറിയാവുന്നവരുടെ സഹായം കവർച്ചാ സംഘത്തിന് ലഭിച്ചിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. വീടും പരിസരവും കൃത്യമായി മനസിലാക്കിയവരാകാം പ്രതികളെന്നാണ് പൊലീസ് കരുതുന്നത്.
സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന സംഘത്തിലേക്ക് പൊലീസിന്റെ സംശയം എത്തിനിൽക്കുന്നത്. കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഉത്തരേന്ത്യൻ സംഘങ്ങളെയും തള്ളിക്കളയുന്നില്ല.
നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞതോ?
കഴിഞ്ഞ 19ന് രാവിലെ അഷറഫ് കുടുംബസമേതം മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 20ന് രാത്രി എട്ടിനും 21ന് പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി 9.15ന് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി മംഗളൂരൂ ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസ് സംശയം. പൊലീസ് നായ മണംപിടിച്ച് റെയിൽവേ ട്രാക്കിലേക്കും തുടർന്ന് വളപട്ടണം റെയിൽവേ സ്റ്റേഷൻ വരെ എത്തിയിരുന്നു. മൂന്നുപേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീടിന് മുന്നിലെ സി.സി.ടി.വി ക്യാമറയിൽ നിന്ന് ലഭിച്ചു. സി.സി.ടി.വി ക്യാമറയുടെ ദിശ മാറ്റിവച്ച നിലയിലായിരുന്നു. ദൃശ്യങ്ങളിൽ പതിയാതിരിക്കാനാണ് ഇതെന്ന് പൊലീസ് കരുതുന്നു.
വീടിന് പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ ആയുധം കൊണ്ട് ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കിടപ്പുമുറിയുടെ വാതിൽ കുത്തി പൊളിച്ച നിലയിലായിരുന്നു. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. മറ്റു മുറികളിലെ അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വീട്ടിൽ രണ്ട് തവണ മോഷ്ടാക്കൾ എത്തി
വീട്ടിൽ മോഷണം നടത്തുന്നതിന് മുമ്പ് രണ്ടുതവണ മോഷ്ടാവ് എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സി.സി.ടി.വി വിശദമായി പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരം ലഭിച്ചത്. ബുധനാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു വീട്ടിൽ ആദ്യം മോഷ്ടാവ് കയറിപ്പറ്റിയത്. അന്ന് ഓണാക്കിയ ലൈറ്റ് ഓഫ് ചെയ്യാതെയാണ് മോഷ്ടാവ് ഇറങ്ങിയത്. തൊട്ടടുത്ത ദിവസം രാത്രി വീട്ടിൽ നിന്ന് ഒരു കെട്ടുമായി പ്രതി പുറത്തിറങ്ങുന്ന ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് മോഷ്ടാവ് വീട്ടിൽ രണ്ടു പ്രാവശ്യം എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യം ഇറങ്ങുമ്പോൾ ലൈറ്റ് ഓഫാക്കിയിരുന്നു. രണ്ടു തവണയും വീടിനുള്ളിൽ കയറിയ ആൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഡി.ഐ.ജി രാജ് പാൽ മീണ, റൂറൽ എസ്.പി. അനുരാജ് പലിവാൾ, എ.സി.പി ടി.കെ. രത്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ യോഗം ചേരുകയുണ്ടായി. പൊലീസ് ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
കള്ളൻ കപ്പലിൽ തന്നെ?
ഒരുകോടി രൂപയും സ്വർണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ മറ്റൊരു ഷെൽഫിൽ വച്ചു പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോൽ മറ്റൊരിടത്ത് വച്ചു. ഈ താക്കോൽ എടുത്താണ് ഷെൽഫ് തുറന്നു താക്കോൽ എടുത്ത് ലോക്കർ തുറന്നത്. വീടിന്റെ താഴത്തെ നിലയിലെ ജനൽ മാത്രമാണ് അകേത്തു കയറാനായി തകർത്തത്. രണ്ടു താക്കോൽ ഉപയോഗിച്ചു കൃത്യം ധാരണയോടെയാണ് ലോക്കർ തുറന്നതെന്ന് പൊലീസ് പറഞ്ഞു. മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കർ. അലമാരയുടെ വാതിൽ തകർത്ത് ലോക്കറിനു ഒരു കേടും വരാതെയാണ് മോഷണം നടത്തിയത്. ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണ് ഈ ലോക്കർ തുറക്കാനാവുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അതുകൊണ്ടു തന്നെ വീടിനെക്കുറിച്ചും മര അലമാരയ്ക്ക് അകത്തു സ്‌ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം. ലോക്കർ ഉപയോഗിക്കുന്നതും തുറക്കുന്നതും അഷ്റഫ് ഉൾപ്പെടെ വീട്ടിലെ പ്രധാന അംഗങ്ങൾ മാത്രമാണെന്ന് പൊലീസിൽ നൽകിയ മൊഴിയിലുണ്ട്.
പഴുതടച്ചുള്ള അന്വേഷണം
പ്രധാന സി.സി.ടി.വി ക്യാമറകൾ സെക്കൻഡുകൾ തെറ്റാതെ പൂർണ്ണമായും നോക്കി മാത്രമേ വിലയിരുത്താവൂ എന്നതിനാൽ ഏറെ സമയമെടുത്താണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞ് സി.സി.ടി.വി പരിശോധന, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് കൂടുതലായും നടത്തുന്നത്. സമീപ പ്രദേശങ്ങളിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ ശേഖരിക്കുന്നതിനൊപ്പം കാസർകോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലെയും ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
വിരലടയാളം നിർണ്ണായകമാകും
കവർച്ചക്കാർ മറന്നുവച്ച ഉളി വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ നിന്നും നിർണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പതിനാറോളം വിരലടയാളങ്ങളാണ് മോഷണം നടന്ന വീട്ടിൽ നിന്നും വിദഗ്ദ്ധ സംഘം കണ്ടെത്തിയത്. സമാന സ്വഭാവമുള്ള കേസുകളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതികളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറിലേറെ വിരലടയാളങ്ങൾ പരിശോധിച്ചു. എന്നാൽ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളവുമായി പൊരുത്തപ്പെടുന്നതൊന്നും ലഭിച്ചിട്ടില്ല. മോഷ്ടാക്കളിൽ ഒരാൾ മാത്രമാണ് വീട്ടിനകത്ത് കയറിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. മറ്റുള്ളവർ പുറത്തു കാത്തുനിൽക്കുകയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.
മതിൽ ചാടിയ ഭാഗത്തും വീട്ടുപരിസരത്തെ മിക്ക സി.സി.ടി.വി ക്യാമറകളും പ്രവർത്തനക്ഷമമല്ല. ഇക്കാര്യം മോഷ്ടാക്കൾക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. റൂറൽ എസ്.പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എ.സി.പി ടി.കെ.രത്നകുമാറിന്റെയും നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. വളപട്ടണം സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് ആദ്യഘട്ടത്തിൽ അന്വേഷണവുമായി മുന്നോട്ട് പോയത്. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിക്കുകയായിരുന്നു. ടി.കെ. രത്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |