125-ാം വാർഷികത്തിൽ തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
ലാസ് പാൽമാസ് 2- ബാഴ്സലോണ 1
മാഡ്രിഡ് : തങ്ങളുടെ 125-ാം വാർഷിക ആഘോഷത്തിനുള്ള സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സയുടെ ഒരുക്കങ്ങൾക്ക് ഇരുട്ടടി നൽകി ലാസ് പാൽമാസ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ലാസ് പൽമാസ് ബാഴ്സയെ കീഴടക്കിയത്.സ്വന്തം തട്ടകത്തിൽ വച്ചാണ് ബാഴ്സ തോൽവി ഏറ്റുവാങ്ങിയത്.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 49-ാം മിനിട്ടിൽ സാൻട്രോ റാമിറെസാണ് ബാഴ്സയുടെ വലയിൽ ആദ്യം പന്തെത്തിച്ചത്. 61-ാം മിനിട്ടിൽ നായകൻ റഫീഞ്ഞയിലൂടെ ബാഴ്സ തിരിച്ചടിച്ചെങ്കിലും 67-ാം മിനിട്ടിൽ ഫാബിയോ സിൽവ വീണ്ടും ബാഴ്സയെ ഞെട്ടിച്ച് ഗോളടിച്ചു. മത്സരത്തിൽ 27 ഷോട്ടുകളുമായി ബാഴ്സയാണ് മുന്നിട്ടുനിന്നതെങ്കിലും ലാസ് പാമാസിനൊപ്പമായിരുന്നു ഭാഗ്യം. മൂന്ന് ഷോട്ടുകളാണ് അവർ വലയ്ക്ക് നേരേ തൊടുത്തത്. അതിൽ രണ്ടെണ്ണവും ഗോളുകളായി മാറി.
15 കളികളിൽ നിന്ന് 34 പോയിന്റുമായി ബാഴ്സയാണ് ഇപ്പോഴും പോയിന്റ് പട്ടികയിൽ ഒന്നാമതെങ്കിലും സുരക്ഷിതമല്ല. കാരണം 13 കളികളിൽ നിന്ന് 30 പോയിന്റുമായി മൂന്നാമതുള്ള റയലിന് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ ബാഴ്സയെ മറികടക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |