ആലപ്പുഴ: പാർട്ടിയിലെ വർഗീയ ചേരിതിരിവിനും ഭാര്യാപിതാവിന്റെ പരാതിയിലെ സസ്പെൻഷൻ കാലാവധിക്കുശേഷം ഏരിയാകമ്മിറ്റിയിൽ പുനഃപ്രവേശിപ്പിക്കാത്തതിനുമെതിരെ മൂന്നുതവണ നൽകിയ പരാതിയിലും നടപടിയില്ലാത്തതിനാലാണ് പാർട്ടിവിടാൻ തീരുമാനിച്ചതെന്ന് ബി.ജെ.പിയിൽ ചേർന്ന ജില്ലാ പഞ്ചായത്തംഗവും മുൻ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിൻ സി.ബാബു പറഞ്ഞു.
ആലപ്പുഴ പാർട്ടിയിലെ ഒരുവിഭാഗം വർഗീയപരമായാണ് ചിന്തിക്കുന്നത്. മുതിർന്ന സി.പി.എം നേതാവായ ജി.സുധാകരനോട് ചെയ്തതുപോലെ ജില്ലാ സെക്രട്ടറി നാസറിനെയും മുതിർന്ന നേതാവായ സി.ബി.ചന്ദ്രബാബുവിനെയും അവർ വരിഞ്ഞുമുറുക്കിക്കഴിഞ്ഞു. അവർക്കെതിരെ നേതൃത്വത്തിന് ഒന്നും ചെയ്യാനാകില്ല. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള ആലപ്പുഴയിൽ പാർട്ടി നേതൃനിരയിലുള്ളവരുടെ സ്ഥിതിയാണിത്.
കുടുംബപ്രശ്നത്തിന്റെ പേരിൽ ഭാര്യ പാർട്ടിക്ക് പരാതി നൽകിയിട്ടില്ല. ഭാര്യാപിതാവാണ് പരാതി നൽകിയത്. കായംകുളം ഏരിയാകമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ തന്നെയോ പരാതിയിൽ ഉൾപ്പെടുന്ന മറ്റാളുകളെയോ കേൾക്കാൻ കൂട്ടാക്കാതെ അടുത്തദിവസം ഏരിയാകമ്മിറ്റി കൂടി ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലാവധിക്കുശേഷം ഒന്നരവർഷത്തോളം തിരികെ പ്രവേശിക്കാൻ കാത്തുനിന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കായംകുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ബ്രാഞ്ചിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും ഏത് ബ്രാഞ്ചിലാണെന്ന് വ്യക്തമാക്കിയില്ല. തന്നെ ഇല്ലായ്മ ചെയ്യണമെന്ന ചിലരുടെ ആസൂത്രണമാണ് ഇതിനുപിന്നിൽ. പാർട്ടിവിടേണ്ടിവന്നതിൽ വിഷമമുണ്ട്. ബി.ജെ.പിയിൽ ചേർന്നതിനെതിരെ പാർട്ടി നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല.
തുടരുന്നത് അമ്മയുടെ സ്വാതന്ത്ര്യം
സി.പി.എമ്മിൽ തുടരുകയെന്നത് അമ്മയുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് കായംകുളത്ത് പാർട്ടി മൂന്നാം സ്ഥാനത്തുപോകുമെന്ന് ചൂണ്ടിക്കാട്ടി അമ്മ പ്രസന്നകുമാരി നൽകിയ കത്ത് പാർട്ടി പരിഗണിച്ചത് കഴിഞ്ഞയാഴ്ചയാണ്. താൻ ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ബി.ജെ.പി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അഭിഭാഷക വൃത്തിക്കും ശബരിമലയിലെ ബിസിനസിനുമൊപ്പം കായംകുളം കേന്ദ്രീകരിച്ച് രാഷ്ട്രീയ, പൊതു രംഗങ്ങളിൽ സജീവമാകുമെന്നും ബിപിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |