ധാക്ക: ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പുകൾക്കിടെ പ്രകോപനം തുടർന്ന് ബംഗ്ലാദേശ്. ഇസ്കോണിന്റെ രണ്ട് ഹിന്ദു സന്യാസിമാരെ കൂടി ചിറ്റഗോങ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഇസ്കോൺ മുൻ അംഗം ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയ്ക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ പോയ രുദ്റപ്രതി കേശബ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നീ സന്യാസിമാരാണ് അറസ്റ്റിലായത്. ദാസിനെ കാണാൻ പോയ ശ്യാം ദാസ് പ്രഭു എന്ന യുവ പുരോഹിതനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാറണ്ട് പോലുമില്ലാതെ പുരോഹിതരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഇതിനിടെ, ബംഗ്ലാദേശിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തക മുന്നി സാഹയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി. മുന്നി ഇന്ത്യൻ ഏജന്റ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുന്നി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നെന്നും ആൾക്കൂട്ടം ആരോപിച്ചു. ശനിയാഴ്ച രാത്രി ധാക്കയിലെ ഓഫീസിന് മുന്നിൽവച്ച് കാർ തടഞ്ഞായിരുന്നു ആക്രമണം. പൊലീസെത്തി മുന്നിയെ കസ്റ്റഡിയിലെടുത്ത് മാറ്റി. ഇന്നലെ രാവിലെ വിട്ടയച്ചു. അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടെ നിന്ന് രക്ഷപെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സംവരണ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന മുന്നി ഭാവിയിൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ രാജ്യത്ത് മാദ്ധ്യമ പ്രവർത്തകർ വ്യാപക അടിച്ചമർത്തൽ നേരിടുന്നുണ്ടെന്നാണ് ആരോപണം.
ബന്ധത്തിൽ ഉലച്ചിൽ
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ മാറ്റമുണ്ടായെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള മുഹമ്മദ് തൗഹീദ് ഹുസൈൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതോടെയാണിതെന്നും ഹുസൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |