വാഷിംഗ്ടൺ : അനധികൃതമായി തോക്ക് കൈവശംവയ്ക്കൽ, നികുതി വെട്ടിപ്പ് കേസുകളിൽ മകൻ ഹണ്ടർ ബൈഡന് ( 54 ) ഔദ്യോഗികമായി മാപ്പ് നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കേസുകളിൽ ഹണ്ടറിന് ഈ മാസം കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് ബൈഡൻ പ്രസിഡന്റിന്റെ പ്രത്യേക അധികാരം പ്രയോഗിച്ചത്. 2014 ജനുവരി 1നും 2024 ഡിസംബർ 1നും ഇടയിൽ ഹണ്ടർ ചെയ്ത എല്ലാ ഫെഡറൽ കുറ്റങ്ങളും മാപ്പിന്റെ പരിധിയിൽ വരും.
മകന് മാപ്പ് നൽകില്ലെന്നും ശിക്ഷയിൽ ഇളവ് നൽകില്ലെന്നുമാണ് ബൈഡൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, നീതിന്യായ വ്യവസ്ഥയിൽ താൻ വിശ്വസിക്കുന്നുണ്ടെങ്കിലും ഹണ്ടറിന്റെ കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്നും ഇത് നീതി നിഷേധത്തിലേക്ക് നയിച്ചെന്നും ബൈഡൻ പ്രതികരിച്ചു. ഹണ്ടറിനെതിരെയുള്ള കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. മകനോട് അന്യായമായി പെരുമാറുന്നത് കണ്ടിട്ടും അവനെ വിചാരണ ചെയ്യുമെന്ന വാക്ക് താൻ പാലിച്ചെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സെപ്തംബറിൽ നികുതിവെട്ടിപ്പ് കേസിൽ ഹണ്ടർ കുറ്റസമ്മതം നടത്തിയിരുന്നു. കേസിൽ വിചാരണ തുടങ്ങുന്നതിന് മുമ്പായിരുന്നു ഹണ്ടറിന്റെ കുറ്റസമ്മതം. ജൂണിൽ നടന്ന വിചാരണയിൽ തോക്ക് കൈവശം വയ്ക്കൽ കേസിൽ ഹണ്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
# കുറ്റങ്ങൾ
1. 2016-2019ൽ 14 ലക്ഷം ഡോളർ നികുതി ഹണ്ടർ അടച്ചില്ല. 17 വർഷം വരെ തടവും 10 ലക്ഷം ഡോളർ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്
2. 2018ൽ അനധികൃതമായി തോക്ക് വാങ്ങി. തോക്ക് വാങ്ങിയപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ വിവരം നൽകി
3. ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ കുറ്റക്കാരനായത് ആദ്യം
# വിവാദങ്ങളുടെ തോഴൻ
ലഹരി ഉപയോഗത്തിലൂടെ ഹണ്ടർ വിവാദങ്ങളുടെ തോഴനായി മാറി
മദ്യത്തിൽ തുടങ്ങിയ ലഹരി ഉപയോഗം കൊക്കെയ്നിലേക്ക് വളർന്നു
ലഹരി മരുന്നിന് അടിമയായിരുന്നെന്ന് ഹണ്ടർ തന്നെ തുറന്നുപറഞ്ഞു
ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനാകാൻ ഡീഅഡിക്ഷൻ സെന്ററുകളിൽ അഭയം തേടി
# ഹണ്ടറിന് മാപ്പ് നൽകിയത് നീതിയുടെ ദുരുപയോഗമാണ്.
- ഡൊണാൾഡ് ട്രംപ്, നിയുക്ത യു.എസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |