ജനങ്ങളുടെ ശബ്ദം ഉയർന്നുകേൾക്കേണ്ടത് ജനപ്രതിനിധി സഭകളിലാണ്. നിയമ നിർമ്മാണങ്ങൾ സാദ്ധ്യമാകേണ്ടത് വിശദമായ ചർച്ചകളിലൂടെയാണ്. ഏതൊരു വിഷയത്തെക്കുറിച്ചും സംസാരിക്കാൻ ആ വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തുള്ള പ്രതിഭാധനരായ പാർലമെന്റേറിയന്മാരുടെ പ്രസംഗങ്ങൾ പഴയ കാലത്ത് ഭരണപക്ഷത്തുള്ളവർ അതീവശ്രദ്ധയോടെ കേൾക്കുമായിരുന്നു. ഭരണപക്ഷ നടപടികളിൽ സംഭവിക്കുന്ന പല തെറ്റുകളും തിരുത്താനും ഇത്തരം പ്രസംഗങ്ങൾ ഉതകിയിട്ടുണ്ട്. കാലം മാറിവരുന്തോറും വെറുതെ ബഹളംവയ്ക്കാനും പ്രതിഷേധം ഉയർത്താനും മാത്രമുള്ള ഇടമായി പാർലമെന്റും മറ്റ് ജനപ്രതിനിധി സഭകളും മാറിവരികയാണോ എന്ന സംശയം പൊതുവെ ഉയർന്നിട്ടുണ്ട്. പാർലമെന്റിൽ പ്രതിഷേധമുയർത്തുകയും സ്തംഭിപ്പിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന വാർത്താപ്രാധാന്യമാണോ ഇതിനിടയാക്കുന്നതെന്ന് ജനാധിപത്യ വിശ്വാസികൾ കരുതിയാൽ അവരെ കുറ്റം പറയാനാകില്ല.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അദാനി വിഷയത്തിൽ തുടർച്ചയായി പ്രതിപക്ഷം പാർലമെന്റ് തടസപ്പെടുത്തിവരികയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തിൽത്തന്നെ തർക്കങ്ങൾ ഉയർന്നിരിക്കുന്നു. അദാനിയുടെ കമ്പനിയുടെ വിഷയങ്ങൾ രാജ്യത്തെ സാധാരണക്കാരനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളൊന്നുമല്ല. വിലക്കയറ്റവും പണപ്പെരുപ്പവും ഉൾപ്പെടെ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയം പോലും ഉന്നയിച്ച് സക്രിയമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ തുനിയാതെയും, അദാനി വിഷയത്തിൽപ്പോലും വസ്തുതകൾ വിശകലനം ചെയ്യാതെയും വെറുതെ പാർലമെന്റ് സ്തംഭിപ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
അദാനി വിഷയം ഉന്നയിക്കുന്നത് തുടരണമെന്ന നിലപാടാണ് ഇന്ത്യാ സഖ്യത്തിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ രാഹുൽഗാന്ധി സ്വീകരിച്ചത്. യു.പി.എ കാലത്താണ് ഈ വിഷയം ഉയർന്നുവന്നതെങ്കിൽ എന്താകും സ്ഥിതി എന്ന മുഖവുരയോടെയാണ് രാഹുൽഗാന്ധി ഇത് ചൂണ്ടിക്കാട്ടിയത്. എന്നാൽ സി.പി.ഐയും സി.പി.എമ്മും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ചു. ധർണ നടത്തുക, രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുക, അംഗങ്ങൾ കറുത്ത ബാഡ്‌ജ് ധരിച്ചു വരിക തുടങ്ങിയ അഭിപ്രായങ്ങളാണ് സി.പി.എമ്മിന്. ഒരു കാര്യത്തിൽ മാത്രം പ്രതിഷേധമുയർത്തി സഭ തടസപ്പെടുത്തുന്നത് ശരിയല്ലെന്നാണ് തൃണമൂലിന്റെ നിലപാട്. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നുള്ള അതൃപ്തി കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കുകയും ചെയ്തു. സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിലും ഇന്ത്യാ സഖ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭ 13 മിനിട്ടും രാജ്യസഭ 18 മിനിട്ടും മാത്രമാണ് ചേർന്നത്. പ്രതിഷേധത്തിനിടയിലും തീരദേശ ഷിപ്പിംഗ് ബിൽ അവതരിപ്പിച്ചു. ഷിപ്പിംഗ് മേഖല ആധുനികവത്കരിക്കുന്നത് ലക്ഷ്യംവച്ചുള്ള ബില്ലാണിത്. ഇക്കാര്യത്തിൽ പ്രതിപക്ഷങ്ങളുടെ അഭിപ്രായം എന്താണെന്ന് ജനങ്ങൾ അറിഞ്ഞിട്ടില്ല. അദാനി വിഷയത്തിൽ പ്രതിഷേധമുയർത്തി ശൈത്യകാല സമ്മേളനം മുഴുവൻ സ്തംഭിപ്പിക്കുന്നത് ഫലത്തിൽ ഭരണകക്ഷിയെ സഹായിക്കുന്നതിനു തുല്യമാണ്. സ്തംഭിപ്പിക്കാനുള്ളതല്ല, വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യാനുള്ളതാണ് പാർലമെന്റ് എന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണ്. ഇതിനെതിരെ നീങ്ങുന്നത് ആർക്കും ഭൂഷണമാകില്ലെന്നു മാത്രമല്ല, ജനങ്ങളിൽ നിന്ന് കൂടുതൽ അകലാനേ ഇത്തരം അപക്വ നീക്കങ്ങൾ ഇടയാക്കൂ. ഇതെല്ലാം മാറ്റിവച്ച്, പറയാനുള്ളത് നടക്കാനിരിക്കുന്ന ഭരണഘടനാ ചർച്ചയിൽ പറയുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. അന്നും പാർലമെന്റ് സ്തംഭിപ്പിച്ചിട്ട്, ഭരണഘടന അട്ടിമറിക്കപ്പെടുന്നതായി പുറത്തു പറഞ്ഞാൽ ജനങ്ങൾ അത് വേണ്ടത്ര ഗൗരവത്തോടെ ഉൾക്കൊള്ളാതിരിക്കുന്നെങ്കിൽ അവരുടെ തെറ്റായി പറയാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |