തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴത്തുക സ്വീകരിക്കുന്ന ഇ ചെലാൻ വെബ്‌സൈറ്റിന് സംഭവിച്ച സാങ്കേതിക തകരാർ അഞ്ചുദിവസം കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. പൊലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഇ പോസ് മെഷീനുകൾ വഴി മാത്രമാണ് ഇപ്പോൾ പിഴ സ്വീകരിക്കുന്നത്.
അതേസമയം, പിഴ അടച്ചവരുടെ തുക നഷ്ടമാകാതിരിക്കാൻ ക്രമീകരണം ചെയ്തതായി ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. വെബ്‌സൈറ്റിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) അധികൃതരുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർ സി. നാഗരാജു ഇന്നലെ ചർച്ച നടത്തി. നിരവധിപേർ പിഴ അടച്ചെങ്കിലും അക്കൗണ്ടിൽ പണമെത്തിയിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായ തുക തിരിച്ച് നൽകുമെന്ന് എൻ.ഐ.സി ഉറപ്പ് നൽകി.
മറ്റു ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും തുക കുറവ് ചെയ്തിട്ടില്ലെങ്കിലും ഇടപാട് പരാജയപ്പെട്ടതായി കാണിക്കുന്നില്ല. അതിനാൽ, വീണ്ടും പിഴ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ശരിയാക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് എൻ.ഐ.സി നിർദ്ദേശം നൽകി. അടുത്തിടെ വാഹൻ സോഫ്റ്റ്‌വെയറിനും രാജ്യവ്യാപകമായി തകരാർ സംഭവിച്ചിരുന്നു. ഇത് പരിഹരിച്ചതിന് പിന്നാലെയാണ് ഇ ചെലാൻ പണിമുടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |