കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയുടെ തൊഴിൽദിനങ്ങൾ 1.12 കോടിയാക്കി സംസ്ഥാന തൊഴിലുറപ്പ് മിഷൻ. ജില്ലയിൽ നിന്നു സമർപ്പിച്ച 1.08 കോടി തൊഴിൽദിനങ്ങളുടെ ലേബർ ബഡ്ജറ്റ് കേന്ദ്രം 60 ലക്ഷമായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന മിഷൻ ടാർജറ്റ് ഉയർത്തിയത്. കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനാണ് സംസ്ഥാന മിഷൻ ജില്ലകൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ ടാർജറ്റ് നൽകിയത്.
കഴിഞ്ഞവർഷം 99.99 ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ ലഭ്യമായിരുന്നു. ഇതിനോടകം 58 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകാനായി. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം അനുവദിച്ച തൊഴിൽ ദിനങ്ങൾ മറികടക്കും. തൊഴിൽ ദിനങ്ങൾ വർദ്ധിക്കുന്നത് അടുത്തവർഷം കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന ലേബർ ബഡ്ജറ്റിന്റെ വർദ്ധനവിനും സഹായകരമാകും. കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ പേർക്ക് നൂറ് തൊഴിൽദിനങ്ങളും ലഭിക്കും.
കൊട്ടാരക്കരയിൽ സമഗ്രം
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര നിയമസഭ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പ്രവർത്തനങ്ങൾ ഇത്തവണ അവിടത്തെ ഏഴ് പഞ്ചായത്തുകളിൽ നടപ്പാക്കുന്നുണ്ട്. നീർച്ചാലുകളുടെ പുനരുദ്ധാരണം, കമ്പോസ്റ്റ് പിസ്റ്റ്, സോക്ക് പിസ്റ്റ് നിർമ്മാണം, ജീവനോപാധികൾ വർദ്ധിപ്പിക്കാൻ ആട്ടിൻകൂട്, കോഴിക്കൂട്, പശുത്തൊഴുത്ത് നിർമ്മാണം, കാർഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി കുളങ്ങളുടെ നിർമ്മാണം, ജലാശയങ്ങളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിതാനം, കിണർ നിർമ്മാണം, സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിട നിർമ്മാണം, സർക്കാർ സ്കൂളുകൾക്ക് ചുറ്റുമതിൽ നിർമ്മാണം, പാചകപ്പുര നിർമ്മാണം, കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കൽ, ഫലവൃക്ഷത്തോട്ട നിർമ്മാണം, മുരിങ്ങത്തോട്ട നിർമ്മാണം, തരിശുഭൂമി കൃഷി യോഗ്യമാക്കൽ എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൈലം, കുളക്കട, വെളിയം, നെടുവത്തൂർ, എഴുകോൺ, കരീപ്ര, ഉമ്മന്നൂർ പഞ്ചായത്തുകളിലാണ് ഇവ നടപ്പാക്കുന്നത്.
ജില്ലയിലെ തൊഴിലുറപ്പ്
6.12 ലക്ഷം അംഗങ്ങൾ
2.5 ലക്ഷം സജീവ അംഗങ്ങൾ
നിലവിലെ കൂലി 346 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |