കമ്മ്യൂണിസ്റ്റ് തത്ത്വശാസ്ത്ര വിശാരദനായും താർക്കികനായും സാഹിത്യ നിരൂപകനായും സംഘാടകനായും അരങ്ങു കീഴടക്കിയ എം.ആർ.സിക്ക് പിന്നീട് വഴിമാറി നടക്കേണ്ടിവന്നു. അങ്ങനെ, ഇടതുവശം ചേർന്നുള്ള നടപ്പ് എം.ആർ.സി എന്ന പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ ഉപേക്ഷിച്ചു. അതിന്, പിന്നീട് വലിയ വില കൊടുക്കേണ്ടിയും വന്നു, അദ്ദേഹത്തിന്. മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായി തുടങ്ങിയ ആ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഹാങ് ഓവർ ഒരിക്കലും അദ്ദേഹത്തെ വിട്ടൊഴിഞ്ഞതുമില്ല.
സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം എന്ന നിലയിലാണ് എം.ആർ.സിയുമായി അടുക്കുന്നത്. എം.ആർ.സിയുടെ വിയോജന പ്രകടനങ്ങളോടെയും താർക്കിക ഇടപെടലുകളോടെയുമാണ് നിർവാഹക സമിതി മീറ്റിംഗുകൾ ആരംഭിക്കുക. അജണ്ട എടുത്തുവച്ച് അതിലെ കുത്തും കോമയും വരെ വിമർശന വിധേയമാക്കും. പറയാനുള്ളത് മുഖം നോക്കാതെ പറയും. ഒരു പ്രതിപക്ഷാംഗത്തിന്റെ സ്വരം എപ്പോഴും എം.ആർ.സിയിലുണ്ട്. തനിക്ക് പ്രിയമില്ലാത്തവരോടു പോലും നീതിയുക്തമായേ സമീപിക്കൂ. അകത്തൊന്ന് പുറത്തൊന്ന് എന്ന മട്ട് തീരെയില്ല. തനിക്ക് വിയോജിപ്പുള്ളവയാണെങ്കിൽപ്പോലും ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ശക്തമായി നിലകൊള്ളും.
അക്കാഡമി വേദികൾ അംഗങ്ങൾക്ക് സംവരണം ചെയ്യേണ്ടതാണെന്ന അഭിപ്രായം എം.ആർ.സിക്കില്ല. ഏറ്റവും കുറച്ചു വേദികളിൽ അക്കാലത്ത് പ്രത്യക്ഷപ്പെട്ട എക്സിക്യുട്ടീവ് അംഗം അദ്ദേഹമായിരിക്കും. മറ്റു പലരേയും പോലെ അവസരങ്ങൾക്കായുള്ള ആക്രാന്തം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. കമ്മിറ്റികളിൽ മിണ്ടാതിരുന്നിട്ട്, പുറത്തിറങ്ങി പത്രക്കാരോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന ശീലവുമില്ല. യാത്രപ്പടിക്കണക്കുകൾ മുൻകൂട്ടി ഡയറിയിൽ എഴുതി പ്ളാൻ ചെയ്ത് വരുന്ന ചിലരുണ്ട്. സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്ന് യാത്രപ്പടി വാങ്ങുന്നതു ശരിയല്ലന്ന് പുറമെ പറയുന്ന ആദർശശാലികളും അക്കാഡമി മാനേജരോട് യാത്രപ്പടിക്കണക്കിൽ തട്ടിക്കയറുന്നതു കണ്ടിട്ടുണ്ട്!
ഒരു ദിവസം, പുലരുംമുമ്പെ എന്റെ ക്വാർട്ടേഴ്സിൽ അപ്രതീക്ഷിതമായി ഒരതിഥിയെത്തി. സാക്ഷാൽ ഒ.എൻ.വി! ക്ഷുഭിതനായാണ് വരവ്. തീവണ്ടിയിൽ വച്ച്, ആയിടെ പുറത്തിറങ്ങിയ 'സാഹിത്യലോക"ത്തിൽ പ്രസിദ്ധീകരിച്ചിരുന്ന, ഒ.എൻ.വിയുടെ 'ഉജ്ജയിനി"യെ വിട്ടുവീഴ്ചയില്ലാതെ വിമർശിച്ചുകൊണ്ടുള്ള എം.ആർ.സിയുടെ ലേഖനമാണ് പ്രകോപനത്തിനു ഹേതു. 'സാഹിത്യലോകം" പോലെ ഇത്രത്തോളം കുറച്ച് വായിക്കപ്പെടുന്ന ഒരു പ്രസിദ്ധീകരണത്തിൽ വന്ന വിമർശനത്തോട് ഒ.എൻ.വിയെപ്പോലൊരു മഹാകവി ക്ഷുഭിതനാകുന്നതിലെ അനൗചിത്യം ഞാൻ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. അടുത്ത ലക്കത്തിൽ പരിഹാരമായി ഒരു ആസ്വാദനം പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞു. ഇത്തരം സാഹചര്യങ്ങളോട് വൈകാരികമായി പ്രതികരിച്ച് കുളമാക്കുന്നത് ഉചിതമാകില്ല എന്നും ഞാൻ പറഞ്ഞു. ഒടുവിൽ ഒ.എൻ.വിക്ക് സമാധാനമായി. അടുത്ത ലക്കത്തിൽ എം. ലീലാവതി ടീച്ചറുടെ ഗംഭീര പഠനത്തോടെ ആ അദ്ധ്യായം സമംഗളം കലാശിച്ചു.
സാഹിത്യ അക്കാഡമിക്കെതിരെ തൃശൂരെ ഭൈമീകാമുകരിൽ നിന്നുള്ള എതിർപ്പും അവാർഡ് വിവാദങ്ങളും അഴീക്കോടിന്റെ അടുക്കളപ്പിണക്കങ്ങളും കത്തിനില്ക്കുമ്പോഴും എം.ആർ.സി ചാഞ്ചല്യമില്ലാതെ അക്കാഡമിക്കൊപ്പം നിലകൊണ്ടു. ഒരു നാഴിയിൽ ഇറങ്ങാൻ പറ്റാത്ത മറുനാഴികളായിരുന്നു അന്നത്തെ അക്കാഡമി നിർവാഹക സമിതിയിലെ പ്രഗത്ഭരിൽ ചിലർ. പ്രസിഡന്റാകാൻ കഴിയാത്ത നിരാശ ഉള്ളിൽ പുകയുന്നവർ. എന്നാൽ എം.ആർ.സി അത്തരം പ്രലോഭനങ്ങൾക്ക് അടിപ്പെട്ടിരുന്നില്ല. സാഹിത്യ നിരൂപകനെന്ന നിലയിലും എം.ആർ.സിയുടെ നിലപാടുകൾ കർശനമായിരുന്നു. അത് വ്യക്തിനിഷ്ഠമാകാറില്ല. സർവകലാശാലാ അദ്ധ്യാപക സംഘടനാ നേതൃത്വത്തിൽ നിന്ന് ആവേശിച്ച ചില്ലറ ദൗർബല്യങ്ങൾ വിടാതെ അദ്ദേഹത്തെ പിന്തുടർന്നിരുന്നു.
അക്കാഡമിക്കാലം കഴിഞ്ഞപ്പോൾ എം.ആർ.സി എനിക്കൊരു നീണ്ട കത്ത് എഴുതി. സെക്രട്ടറി എന്ന നിലയിൽ എന്റെ നിലപാടുകളെ പ്രശംസിച്ചുകൊണ്ട് എം.ആർ.സിയും ഡി. ബാബുപോളും എഴുതിയ കത്തുകൾ എനിക്ക് ചാരിതാർത്ഥ്യജനകങ്ങളാണ്. ആ സൗഹൃദം എം.ആർ.സി പിന്നീടും തുടർന്നു. അടുത്തറിയുമ്പോൾ വല്ലാതെ മങ്ങിപ്പോകുന്ന വ്യക്തിത്വങ്ങളാണ് പല എഴുത്തുകാരുമെന്ന് അക്കാഡമിക്കാലം എന്നെ ബോദ്ധ്യപ്പെടുത്തി. എന്നാൽ, അറിയുന്തോറും തിളക്കമേറുന്ന 'മറ്റൊരിന"മായിരുന്നു എം.ആർ.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |