ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 10-ാം റൗണ്ട് ഇന്ന്
ഗുകേഷിനും ഡിംഗ് ലിറെനും 4.5 പോയിന്റ് വീതം
ഇനി അഞ്ചു റൗണ്ടുകൾ മാത്രം
ലോക ചെസിന്റെ നെറുകയിലെത്തുക ഇന്ത്യയുടെ കൗമാരരത്നം ഡി.ഗുകേഷോ , നിലവിലെ ലോക ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിംഗ് ലിറെനോ എന്ന അറിയാൻ സ്റ്റാൻഡേർഡ് ഫോർമാറ്റിൽ ഇനി അഞ്ചുറൗണ്ടുകൾ മാത്രം. സിംഗപ്പൂരിലെ വേൾഡ് സെന്റോസ ഐലൻഡ് റിസോർട്ടിൽ ഒൻപത് റൗണ്ടുകൾ പിന്നിടുമ്പോൾ ഇരുവർക്കും നാലര പോയിന്റ് വീതമാണുള്ളത്. ആദ്യം ഏഴര പോയിന്റിലെത്തുന്നയാൾക്കാണ് ലോക ചാമ്പ്യന്റെ കിരീടമണിയാൻ ഭാഗ്യം.
ഇതുവരെ ഓരോ റൗണ്ടിൽ മാത്രമാണ് ഇരുവർക്കും ജയിക്കാൻ കഴിഞ്ഞത്. ബാക്കി ആറുറൗണ്ടുകളിലും സമനിലയായിരുന്നു. ആദ്യ റൗണ്ടിൽ വെളുത്തകരുക്കളുമായി കളി തുടങ്ങിയ ഗുകേഷിനെ തോൽപ്പിച്ച ലിറെന് പിന്നീട് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഗുകേഷാകട്ടെ ആദ്യ സമനിലയുടെ ക്ഷീണം രണ്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ച് സമനിലയാക്കിയും മൂന്നാം റൗണ്ടിൽ വെളുത്ത കരുക്കളുമായി വിജയിച്ചും തീർത്തു. മൂന്നാം റൗണ്ടിന് ശേഷമുള്ള ആറുമത്സരങ്ങളിലും സമനിലയിൽ മാറ്റമുണ്ടായില്ല.
ക്രൂഷ്യൽ 5
1.ഇരുതാരങ്ങളും തുല്യനിലയിലായതിനാൽ അവസാന ഘട്ടത്തിൽ ആരെങ്കിലും ഒരു റൗണ്ടിൽ വിജയം നേടിക്കഴിഞ്ഞാൽ എതിരാളിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാകും.
2. ലീഡ് കിട്ടുന്ന താരം പിന്നീടുള്ള മത്സരങ്ങളിൽ സമനിലയ്ക്ക് വേണ്ടി കളിക്കാവാൻ സാദ്ധ്യതയേറുന്നതിനാലാണിത്.
3. നിലവിലെ ലോക ചാമ്പ്യനെ തുടർച്ചയായ ആറുമത്സരങ്ങളിൽ സമനിലയിൽ പിടിച്ച ഗുകേഷിന് 18 വയസിന്റെ ചെറുപ്പത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിന്റെ ധൈര്യമുണ്ട്.
4. ലോക ചാമ്പ്യൻപട്ടം കൈവിട്ടുപോകുമോ എന്ന സന്ദേഹം ഡിംഗ് ലിറെൻ ചാമ്പ്യൻഷിപ്പിന്റെ പല ഘട്ടങ്ങളിലും പ്രകടിപ്പിക്കുന്നതും കണ്ടു.
5.അതേസമയം ഏഴാം റൗണ്ടിലും എട്ടാം റൗണ്ടിലുമുണ്ടായിരുന്ന വ്യക്തമായ മുൻതൂക്കം ഗുകേഷ് കളഞ്ഞുകുളിച്ചത് ആവർത്തിച്ചാൽ തിരിച്ചടിയാകും.
അഞ്ചും സമനിലയിലായാൽ
ഇനിയുള്ള അഞ്ചുമത്സരങ്ങളിലും ഫലമില്ലെങ്കിൽ ഇരുവർക്കും ഏഴുപോയിന്റ് വീതം ലഭിക്കും. ആദ്യം ഏഴരപ്പോയിന്റ് ലഭിക്കുന്നതയാളേ വിജയിക്കൂ. പോയിന്റ് നിലയിൽ തുല്യത വന്നാൽ ടൈബ്രേക്കർ നടത്തും. അതിവേഗ ഫോർമാറ്റുകളായ റാപ്പിഡിലും വേണ്ടിവന്നാൽ ബ്ളിറ്റ്സിലുമാണ് ടൈബ്രേക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |