ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമത്തിന്റെ (പ്രത്യേക വ്യവസ്ഥകൾ) ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ ഡിസംബർ 12 ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് 3.30തിനായിരിക്കും സുപ്രീം കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് രൂപികരിച്ചിട്ടുണ്ട്.
കാശി രാജകുടുംബത്തിലെ മഹാരാജാ കുമാരി കൃഷ്ണ പ്രിയ, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, മുൻ പാർലമെന്റ് അംഗം ചിന്താമണി മാളവ്യ അടക്കമുള്ള നിരവധി പേരാണ് 1991ലെ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 , 25 മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. 2020 മുതൽ കോടതിയുടെ പരിഗണനയിലാണ് കേസ്. 2021 മാർച്ചിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. അതിനുശേഷവും ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികളിൽ നോട്ടീസ് അയച്ചിരുന്നു.
എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. സുപ്രീം കോടതി ഹർജികൾ നിരവധി തവണ നീട്ടിവച്ചു. കഴിഞ്ഞ വർഷം ജലായ് 11ന്, അതേവർഷം ഒക്ടോബർ 31നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തിൽ ആരാധനാലയങ്ങൾ ഏത് മതത്തിന്റെ കൈവശമായിരുന്നോ തൽസ്ഥിതി തുടരുന്നത് ഉറപ്പുവരുത്തുന്നതാണ് 1991ലെ ആരാധനാലയ നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |