SignIn
Kerala Kaumudi Online
Thursday, 26 December 2024 10.03 PM IST

നിരക്കു കൂട്ടാതെ നിവൃത്തിയില്ലായിരുന്നു വിമർശനം ആകാം; പക്ഷേ നശിപ്പിക്കാനാകരുത്

Increase Font Size Decrease Font Size Print Page
k-krishnann-kutty

അഭിമുഖം

കെ. കൃഷ്ണൻകുട്ടി

വൈദ്യുതി വകുപ്പ് മന്ത്രി

നേരത്തേ വൈദ്യുതി വകുപ്പ് ഭരിച്ചിരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ (1996 മുതൽ 98 വരെ)​. സംസ്ഥാനത്ത്,​ വൈദ്യുതി വകുപ്പു ഭരിച്ച ഏറ്റവും മികച്ച മന്ത്രിയെന്നാണ് പിണറായി അറിയപ്പെടുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതും,​ സമ്പൂർണ വൈദ്യുതീകരണം സർക്കാർ ലക്ഷ്യമായി ആദ്യം പ്രഖ്യാപിച്ചതും അദ്ദേഹമാണ്. അതിനു ശേഷം വൈദ്യുതി മേഖലയിൽ ക്രിയാത്മക പുരോഗതിയുണ്ടാകുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയും കെ. കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയുമായപ്പോഴാണ്.

വർഷങ്ങളായി മുടങ്ങിക്കിടന്ന, ഒരിക്കലും നടക്കില്ലെന്ന് വിധിയെഴുതപ്പെട്ടിരുന്ന രണ്ടായിരം മെഗാവാട്ട് ശേഷിയുള്ള കൊച്ചി - ഇടമൺ പവർ ഹൈവേ യാഥാർത്ഥ്യമാക്കിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമാണ്. ആ മഹാദൗത്യത്തിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭ്യമാക്കാൻ മികച്ച പിന്തുണ നൽകിയതാകട്ടെ,​ മന്ത്രി കെ. കൃഷ്ണൻകുട്ടിയും. രണ്ടു ദശകങ്ങൾക്കു ശേഷം കെ.എസ്.ഇ.ബി പ്രവർത്തന ലാഭം കൈവരിക്കുന്നതിൽ വിജയം നേടിയാണ് കെ. കൃഷ്ണൻകുട്ടി പ്രവർത്തനം തുടങ്ങിയത്. മന്ത്രിയെന്ന നിലയിൽ ജനങ്ങളെയും കെ.എസ്.ഇ.ബിയേയും ചേർത്തുനിറുത്തിയും,​ കർഷകർക്ക് വൈദ്യുതി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ നൽകിയും പ്രവർത്തിച്ച അദ്ദേഹം സോളാർ ഉത്പാദനത്തിൽ റെക്കാഡ് നേട്ടം കൈവരിക്കുകയും ചെയ്തു. നിലവിൽ,​ സോളാർ മുന്നേറ്റത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം!

ആദിവാസി മേഖലയിൽ വൈദ്യുതി എത്തിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന ജലവൈദ്യുതി പദ്ധതികൾക്ക് ജീവൻവച്ചു തുടങ്ങിയതും ഇക്കാലത്താണ്.102 ആദിവാസി ഗോത്ര പ്രദേശങ്ങളിൽ ഗ്രിഡ് വൈദ്യുതീകരണം സാദ്ധ്യമാകും വിധം 29 മേഖലകളിൽ വൈദ്യുതീകരണം പൂർത്തീകരിച്ചു. രാജ്യത്ത് ഒരിടത്തുമില്ലാത്ത മാതൃകയാണിത്. അതേസമയം,​ വർഷംതോറുമുള്ള വൈദ്യുതി നിരക്കു വർദ്ധനയുടെ പേരിൽ കെ.എസ്.ഇ.ബി വലിയ പഴി കേൾക്കേണ്ടിവരുന്നുമുണ്ട്. ഏറ്റവും ഒടുവിൽ,​ കഴിഞ്ഞ ദിവസം നിരക്കു വർദ്ധനവ് പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

? അടിക്കടി നിരക്ക് കൂട്ടേണ്ടിവരുന്നത് ഒഴിവാക്കേണ്ടതല്ലേ.

 നിരക്കു വർദ്ധന ജനങ്ങൾക്ക് എന്നും വിഷമം തന്നെയാണ്. പക്ഷേ,​ മറ്റു നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടിവന്നതെന്ന് എല്ലാവരും മനസിലാക്കണം. അതിനുള്ള കാരണങ്ങളിൽ പലതും വൈദ്യുതി ബോർ‌ഡിന്റെയോ സർക്കാരിന്റേയോ നിയന്ത്രണത്തിലുള്ളവയല്ല താനും. കഴിഞ്ഞ രണ്ടുവർഷം മഴ കുറവായിരുന്നു. അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞു. 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ അപ്രതീക്ഷിതമായി റദ്ദാക്കേണ്ടിവന്നു. ഇതിനൊക്കെ പുറമേ,​ കഴിഞ്ഞ വേനൽ കടുത്തതായിരുന്നതുകൊണ്ട് വൈദ്യുതി ഉപഭോഗം വല്ലാതെ കൂടി. വൈദ്യുതി കമ്മിയിയായിരുന്നു ഫലം. ഈ സാഹചര്യം മറികടക്കാൻ വലിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നു. അതുകൊണ്ടാണ് ഇത്തവണ നിരക്കു കൂട്ടേണ്ടിവന്നത്.

? പക്ഷേ,​ വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇതെന്നാണ് വിമർശനങ്ങൾ...

 അത് ശരിയല്ല. ഇതേ കെ.എസ്.ഇ.ബിയാണ് രണ്ടുവർഷം മുമ്പ് പ്രവർത്തന ലാഭം കൈവരിച്ചതെന്നത് മറക്കരുത്. അതിനു ശേഷമുണ്ടായ സാഹചര്യങ്ങളാണ് തിരിച്ചടിയായത്. കെ.എസ്.ഇ.ബി പൊതുമേഖലാ സ്ഥാപനമാണ്. പാവങ്ങൾക്കും കർഷകർക്കും അടിസ്ഥാന വിഭാഗങ്ങൾക്കും ലാഭം നോക്കാതെ സേവനം നൽകുന്ന വകുപ്പിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. വിമർശനങ്ങൾ ആകാം; പക്ഷേ,​ അത് വകുപ്പിനെ നശിപ്പിക്കാനാകരുത്. വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പല കാര്യങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണ്. അത് മുന്നിൽക്കണ്ട് ഇപ്പോഴേ പ്രതിരോധം തീർത്തില്ലെങ്കിൽ ഭാവിയിൽ വിഷമിക്കേണ്ടിവരും. എല്ലാവർക്കും മികച്ച ജീവിതസാഹചര്യം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

?​ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്നു വർഷവും നിരക്കു കൂട്ടിയല്ലോ.

 നിരക്കു കൂട്ടേണ്ടിവന്നെങ്കിലും ഒരുതവണ പോലും ലോഡ് ഷെഡിംഗ് ഉണ്ടായില്ലെന്ന് ഓർക്കണം. വ്യവസായത്തിനും കൃഷിക്കും, മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിഞ്ഞതും,​ വേനൽക്കാലത്ത് പവർ കട്ട് ഒഴിവാക്കാൻ കഴിഞ്ഞതും

നേട്ടമല്ലേ?​ ഇത്തവണ 2.3 ശതമാനം മാത്രമാണ് വർദ്ധന. യു.ഡി.എഫ് ഭരണകാലത്ത് അത് 9.2 ശതമായിരുന്നു. നിരക്കു വർദ്ധന ഒഴിവാക്കാനാണ് ശ്രമം. ഹൈഡൽ പദ്ധതികൾ വേഗത്തിലാക്കാൻ ശ്രമം നടക്കുന്നു. ഇവ പൂർത്തിയാകുന്നതോടെ വരുംവർഷങ്ങളിൽ നിരക്കു കൂട്ടൽ വേണ്ടിവരില്ലെന്നാണ് പ്രതീക്ഷ.

? കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത ഒരുപ്രശ്നം തന്നെയല്ലേ.

 അങ്ങനെയല്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെ.എസ്.ഇ.ബി.ക്ക് പ്രശ്നങ്ങളുണ്ട്. തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി തീരുന്നില്ല. അങ്ങനെ പലതുമുണ്ട്. എന്നാൽ 2016-ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റതു മുതൽ കാര്യങ്ങൾ മാറിത്തുടങ്ങി. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്കു തീരുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. എന്നാലും

ഉത്പാദന,​ വിതരണ,​ പ്രസരണ രംഗങ്ങളിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്. 2016 കാലത്ത് നമ്മുടെ വൈദ്യുതി പ്രസരണ,​ വിതരണ നഷ്ടം 13.93 ശതമാനമായിരുന്നത് ഇപ്പോൾ 9.27 ശതമാനമായി കുറഞ്ഞു! മൊത്തത്തിലുള്ള പ്രവർത്തന നഷ്ടത്തിന്റെ തോത് 12.48 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു.

?​ ചെറുതും വലുതുമായ നിരവധി ജലവൈദ്യുതി പദ്ധതികൾ നിർമ്മാണ സ്തംഭനത്തിലല്ലേ.

 സംസ്ഥാനത്ത് 119.65 മെഗാവാട്ടിന്റെ ജല വൈദ്യുതി പദ്ധതികളാണ് ഇതിനകം പൂർത്തിയാക്കിയത്. വെള്ളത്തൂവൽ (3.6 മെഗാവാട്ട്), പെരുന്തേനരുവി (ആറ്)​, കക്കയം (മൂന്ന്)​, ചാത്തൻകോട്ടുനട (ആറ്), അപ്പർകല്ലാർ (രണ്ട്)​, പെരിങ്ങൽകുത്ത് (24)​, പെരുവണ്ണാമൂഴി (ആറ്)​,​ തൊട്ടിയാർ (40 മെഗാവാട്ട്) എന്നിവ വൈദ്യുതി ബോർഡ് നേരിട്ടും. പതങ്കയം (8 മെഗാവാട്ട്),​കാരിക്കയം (4.5), ദേവിയാർ (0.05)​ ആനക്കാംപൊയിൽ (എട്ട്)​ അരിപ്പാറ (4.5)​, മുക്കൂടം (നാല് മെഗാവാട്ട്) എന്നിവ സ്വകാര്യ സഹകരണത്തോടെയും പൂർത്തിയാക്കി. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കും. ഇതുൾപ്പടെ 171 മെഗാവാട്ട് ശേഷിയുള്ള എട്ട് ജലവൈദ്യുതി പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. 2289.89 കോടി രൂപയാണ് ഇതിനു ചെലവിടുന്നത്.

? സൗരോർജ്ജ സാദ്ധ്യത പൂർണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ.

 സോളാർ ഉത്പാദനത്തിൽ നല്ല സാദ്ധ്യതകൾ കേരളത്തിലുണ്ട്. അത് പ്രയോജനപ്പെടുത്തുക എന്നതു തന്നെയാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് 2016-ൽ സൗരോർജ്ജ പദ്ധതികളിൽ നിന്നുള്ള ആകെ സ്ഥപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നത് ഇപ്പോൾ 1215 മെഗാവാട്ട് ആയി വർദ്ധിപ്പിക്കാനായത്. 1198.50 മെഗാവാട്ട് വർദ്ധനവ് എന്നത് സർവകാല റെക്കാഡാണ്. 49,​154 പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി. കേന്ദ്രം അനുവദിച്ച 182 കോടി രൂപ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തു. സൗരോർജ്ജ മേഖലയിൽ പല പ്രതിസന്ധികളെയും യുക്തിപൂർവം മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനം നടപ്പാക്കിയ ഹരിത ഊർജ്ജ വരുമാന പദ്ധതി കേന്ദ്രം ഏറ്റെടുത്ത് രാജ്യമൊട്ടാകെ നടപ്പാക്കാനിരിക്കുകയാണ്.

TAGS: K KRISHNAN KUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.