പിങ്ക് ബോൾ ടെസ്റ്റ്: ട്രാവിസ് ഹെഡിന് സെഞ്ച്വറി, ഇന്ത്യ പ്രതിസന്ധിയിൽ
അഡ്‌ലെയ്‌ഡ്: ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ പിങ്ക് ബാൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്കെതിരെ കളിയുടെ കടിഞ്ഞാൺ സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ എറിഞ്ഞൊതുക്കി. 157 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 128/5 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് 5 വിക്കറ്റ് കൈയിലിരിക്കേ 30 റൺസ് കൂടിവേണം.
സ്കോർ: ഇന്ത്യ: 180/10, 128/5, ഓസ്ട്രേലിയ 337/10.
തലയാട്ടം
86/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസീസിനെ ഏകദിന ശൈലിയിൽ ബാറ്റ് വീശി തകർപ്പൻ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് (141 പന്തിൽ 140) നല്ല ടോട്ടലിലേക്കും ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്കും എത്തിച്ചത്. മാർനസ് ലെബുഷെയ്നും (64) അർദ്ധ സെഞ്ച്വറിയുമായി മികച്ച സംഭാവന നൽകി. നാഥാൻ മക്സ്വീനിയും (39), വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (15 പന്തിൽ 18) ഭേദപ്പെട്ട പ്രകടനം നടത്തി. മക്‌സ്വീനി, സ്റ്റീവ് സ്മിത്ത് (2) എന്നിവരെ രാവിലെ ജസ്പ്രീത് ബുംറ മടക്കി. ലെബുഷെയ്നൊപ്പം നാലാം വിക്കറ്റിൽ 65 റൺസിന്റെയും മിച്ചൽ മാർഷിനൊപ്പം (9) അഞ്ചാം വിക്കറ്റിൽ 40 റൺസിന്റെയും അലക്‌സ് കാരെയ്ക്കൊപ്പം (15) ആറാം വിക്കറ്റിൽ 74 റൺസിന്റെയും കൂട്ടുകെട്ട് ഹെഡ്ഡുണ്ടാക്കി. 7 ഫോറും17 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഹെഡിന്റെ ഇന്നിംഗ്സ്. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ച് നിന്ന ഹെഡിനെ മുഹമ്മദ് സിറാജ് തകർപ്പൻ യോർക്കറിലൂടെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പാറ്റ് കമ്മിൻസ് (12), സ്കോട്ട് ബോളണ്ട് (0) എന്നിവർക്ക് വാലറ്റത്ത് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ത്യയ്‌ക്കായി ബുംറയും സിറാജും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. അശ്വിനും നിതീഷിനും ഓരോ വിക്കറ്റ് വീതം കിട്ടി.
വീണ്ടും കളി മറന്നു
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ മുൻനിരക്കാർക്ക് പിടിച്ചു നിൽക്കാനായില്ല. യശ്വസി ജയ്‌സ്വാൾ (24), കെ.എൽ രാഹുൽ (7), ശുഭ്‌മാൻ ഗിൽ (28),വിരാട് കൊഹ്‌ലി (11), ക്യാപ്ടൻ രോഹിത് ശർമ്മ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. കളിനിറുത്തുമ്പോൾ സ്വതസിദ്ധമായ ഷോട്ടുകളിലൂടെ 25 പന്തിൽ 28 റൺസ ്നേടിക്കഴിഞ്ഞ റിഷഭ് പന്തും 15 റൺസുമായി നിതീഷ് റെഡ്ഡുയുമാണ് ക്രീസിൽ. ഓസീസിനായി കമ്മിൻസും ബോളണ്ടും രണ്ട് വിക്കറ്റ് വീതവും സ്റ്റാർക്ക് ഒരു വിക്കറ്റും നേടിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |