തെക്കു തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഭർത്താവില്ലാ നേരത്ത്, ഫ്ളോറിയെന്നൊരു ഗർഭിണിയെ വെടിവച്ചു കൊന്ന സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും...! ബാലറ്റിലൂടെ ചരിത്രത്തിലാദ്യം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാൻ 1959-ൽ നടന്ന വിമോചന സമരത്തിലെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ഇത്. കത്തോലിക്കാ സഭയും എൻ.എസ്.എസും മുസ്ലിം ലീഗും കാടിളക്കി നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് ഫ്ളോറി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടത്. ഇ.എം.എസ് സർക്കാരിനെ കേന്ദ്രത്തിലെ നെഹ്റു സർക്കാർ പിരിച്ചുവിടുന്നതിലാണ് ആ സമരം കലാശിച്ചത്.
അതിനു തൊട്ടു മുമ്പ് കേരളം സന്ദർശിച്ച പ്രധാനമന്ത്രി നെഹ്റുവിനെ കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ ചില മലയാള പത്രങ്ങൾ ഇംഗ്ളീഷിൽ മുഖപ്രസംഗം വരെ നിരത്തി. ചുവപ്പു കണ്ട കാളയെപ്പോലെ വിമോചന സമരത്തിന്റെ മറവിൽ ജാതി, മത ശക്തികളെ ഇളക്കിവിട്ട് നടത്തിയ കോപ്രായങ്ങളെ ആ സമരത്തിന് നേതൃത്വം നൽകിയ ഫാദർ വടക്കനെപ്പോലുള്ളവർ പിന്നീട് തള്ളിപ്പറഞ്ഞതും ചരിത്രം. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സായിപ്പന്മാരാണ് ചൂട്ടുപിടിച്ചതെന്ന ആരോപണവും പുറത്തു വന്നു അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ അതിനായി ഏറെ വിയർപ്പും പണവുമൊഴുക്കിയെന്നും കേട്ടു. അന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ ആയിരുന്ന എൽസ്‌വർത്ത് ബങ്കറും അദ്ദേഹത്തിന്റെ പിൻഗാമി പാട്രിക്
മൊയ്നിഹാനും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അത് അന്തക്കാലം. ആറ് പതിറ്റാണ്ടു കഴിഞ്ഞുള്ള ഇന്തക്കാലത്തും അമേരിക്കൻ ചാരന്മാർ കേരളത്തിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് സഖാവ് ഇ.പി. ജയരാജന്റെ ഒടുവിലത്തെ വെളിപാട്. തുടർഭരണം കിട്ടി വിലസുന്ന പിണറായി സർക്കാരിനെയും രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അപകീർത്തിപ്പെടുത്തുകയും, ജനങ്ങളിൽ നിന്ന് അകറ്റുകയുമാണത്രേ ലക്ഷ്യം! അന്നത്തെപ്പോലെ അത്ര എളുപ്പമല്ലാത്തതു കൊണ്ടാവാം, ഇടതു സർക്കാരിനെ അട്ടിമറിക്കൽ അവരുടെ അജൻഡയിൽ ഇല്ലത്രേ! കമ്മ്യൂണിസത്തെ തകർക്കുന്നതിന് പരിശീലനം നൽകാൻ അമേരിക്കയിലെ ഒരു സർവകലാശാലയിൽ 'പോസ്റ്റ് മോഡേണിസം" എന്ന പേരിൽ ഒരു കോഴ്സ് തന്നെ നടത്തുന്നുണ്ടെന്നും, അവിടെ പഠിച്ചിറങ്ങുന്നവരെ വെട്ടുകിളികളെപ്പോലെ കേരളത്തിൽ ഉൾപ്പെടെ ഇറക്കി വിട്ടിരിക്കുകയാണെന്നുമാണ് ഇ.പിയുടെ വാമൊഴി.
ഇടയ്ക്ക് ചില 'വെടി"കളൊക്കെ പൊട്ടിക്കുന്നയാളാണ് ഇ.പിയെന്നു വച്ച് ഇപ്പറഞ്ഞതിനെ നിസാരമായിക്കണ്ട് ചിരിച്ചു തള്ളരുത്. സഖാക്കൾ ജാഗ്രതൈ! പാർട്ടിയെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നാണ് ഇ.പിയുടെ പ്രഖ്യാപനം. ഇ.പി അല്ലാതെ വേറെയാര് തകർക്കാനെന്ന് പ്രതിപക്ഷം.
കറുപ്പിന് ഏഴഴകാണെന്നാണ് ചൊല്ല്. കാർവർണനാണ് ശ്രീകൃഷ്ണൻ. പക്ഷേ, കേരളത്തിൽ കറുപ്പിനോട് പൊലീസിന്
കട്ടക്കലിപ്പായിരുന്നു, അടുത്ത കാലം വരെ. അതും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത നവ കേരള ബസിനു നേരേ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കു നേരേ ഡി.വൈ.എഫ്.ഐക്കാർ 'രക്ഷാപ്രവർത്തനം" നടത്തിയത് ഹെൽമറ്റു കൊണ്ട് തലയ്ക്കടിച്ചാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭയന്ന് കോഴിക്കോട്ട് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കരുതൽ തടങ്കലിലാക്കിയതിന് എതിരെ കറുത്ത കൊടിയും കറുത്ത വസ്ത്രവുമായി തുടങ്ങിയ പ്രതിഷേധം നീണ്ടത് തലസ്ഥാനം വരെ.
ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ വരെ ഇറങ്ങി തല്ലി. മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളിൽ കറുപ്പിന് പൊലീസിന്റെ അനൗദ്യോഗിക വിലക്കു വന്നു. കറുത്ത മാസ്കും കറുത്ത കുടയും പോലും വില്ലനായി. രാജാവിനേക്കാൾ രാജഭക്തി പൊലീസിന്. കറുത്ത മാസ്കും കറുത്ത വസ്ത്രവും സർക്കാർ വിലക്കിയിട്ടില്ലെന്ന് ഒടുവിൽ മുഖ്യമന്ത്രിക്കു തന്നെ പറയേണ്ടി വന്നു. കറുപ്പിനോടുള്ള പൊലീസിന്റെ കലിപ്പ് അതോടെ അടങ്ങി. കരിങ്കൊടി വീശുന്നത് നിയമ വിരുദ്ധമല്ലെന്നാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിന്റെ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം. സി.പി.എം പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയ കരിങ്കൊടി പ്രതിഷേധ സമരങ്ങളൊക്കെ മറന്നുപോയോ എന്നാണ് ഇന്നത്തെ പ്രതിപക്ഷത്തിന്റെ ചോദ്യം.
ഭരണത്തിലുള്ളതു കൊണ്ടാണത്രേ കേരളത്തിൽ മാത്രം കറുപ്പിനോട് സിപി.എമ്മിന് അലർജി. കറുപ്പ് ദേശീയ തലത്തിൽ പ്രതിഷേധമാർഗമായി സ്വീകരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹിയിലെ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ സി.പി.എമ്മിന്റെ നിർദ്ദേശം. അദാനിക്കെതിരായ പ്രതിഷേധത്തിൽ പാർലമെന്റ്
തടസപ്പെടുത്തുന്നതിനു പകരം കറുത്ത വസ്ത്രം ധരിച്ചെത്തണം എന്നായിരുന്നു പാർട്ടി നിലപാട്. അതാണ് 'വൈരുദ്ധ്യാത്മക ഭൗദികവാദ"മെന്ന് കോൺഗ്രസിന്റെ പരിഹാസം!
നീല ട്രോളി ബാഗ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ ഉടുമ്പു പോലെ പിടികൂടിയിരിക്കുകയാണെന്നു
തോന്നുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അതുയർത്തിയ കോലാഹലങ്ങൾ ചില്ലറയല്ല. പാലക്കാട്ടെ ഹോട്ടലിൽ രാഹുലിന്റെ സഹായി നീല ട്രോളി ബാഗുമായി അദ്ദേഹത്തെ കാണാൻ രാത്രി എത്തിയത് പുകിലായി. ബാഗിൽ പണമെന്ന് സി.പി.എമ്മും ബി.ജെ.പിയും. പിന്നാലെ, കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ ഉൾപ്പെടെ അർദ്ധരാത്രി പൊലീസ് റെയ്‌ഡ്. ബാഗിൽ തനിക്കു കൊണ്ടുവന്ന വസ്ത്രങ്ങളാണെന്ന് രാഹുൽ.
പൊടുന്നനെ കോഴിക്കോട്ടേയ്ക്കുള്ള രാഹുലിന്റെ യാത്രയും മൂന്നു കാറുകൾ മാറിക്കയറിയതും സംശയം ഇരട്ടിപ്പിച്ചു. പിന്നാലെ വന്നു, ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങൾ. ബാഗിൽ പണം കണ്ടെത്താനായില്ലെന്നും, കേസെടുക്കാൻ തെളിവില്ലെന്നും പറഞ്ഞ് ഒടുവിൽ പൊലീസ് കൈമലർത്തി. വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ, ട്രോളി ബാഗ് കേസ് ആവിയായെന്ന ആശ്വാസത്തിലാണ് പിന്നീട് സത്യപ്രതിജ്ഞയ്ക്ക് നിയമസഭാ ഹാളിലെത്തിയത്. അവിടെ സ്പീക്കർ നൽകിയ ഉപഹാരം സന്തോഷത്തോടെ സ്വീകരിച്ചു. അതും ഒരു നീല ട്രോളി ബാഗ്! സ്പീക്കറും തന്നെ ട്രോളിയതാണോ എന്നായി രാഹുലിന്റെ സംശയം. പുതിയ എം.എൽ.എമാർക്ക് ഉപഹാരം നൽകാനായി നേരത്തേ വാങ്ങിയ ബാഗുകളിൽ മിച്ചം വന്നതാണെന്ന് നിയമസഭാ അധികൃതർ. ബാഗിന് നീല നിറമായത് തികച്ചും യാദൃച്ഛികം!
'നമ്മളെ അടിച്ചാൽ തിരിച്ചടിക്കണം. അതു കണ്ടിട്ട്, നന്നായി എന്ന് മറ്റുളളവർ പറയണം."- കളം നിറഞ്ഞാടി വീണ്ടും എം.എം. മണിയാശാൻ. 'വെറുതെ പ്രസംഗിച്ചു നടന്നാൽ പ്രസ്ഥാനം കാണില്ല. ഞങ്ങളെല്ലാം അടിച്ചിട്ടുണ്ട്." സി.പി.എം ഇടുക്കി ശാന്തൻപാറ ഏരിയാ സമ്മേളനത്തിലാണ് അണികളോട് സഖാവിന്റെ ആഹ്വാനം. ശത്രുക്കളെ ഞങ്ങൾ 'വൺ, ടു, ത്രീ..." എന്ന നിലയിൽ വെടിവച്ച് കൊന്നിട്ടുണ്ടെന്ന് മണിയാശാൻ മുമ്പു നടത്തിയ പ്രസംഗം കേസും പുകിലുമായി പുലിവാല് പിടിച്ചതാണ്. അതിനാലാവാം ഇത്തവണ സ്വയം മുൻകൂർ ജാമ്യവുമെടുത്തു. 'എന്നുവച്ച് നാളെ കവലയിലിറങ്ങി പോക്രിത്തരം കാണിച്ചാൽ ജനങ്ങൾ കൂടെയുണ്ടാവില്ല. ജനങ്ങളെ കൂടെ നിറുത്തി വേണം പ്രവർത്തനം!"
നുറുങ്ങ്:
ഇറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയ്ക്ക് 'കട്ടൻ ചായയും പരിപ്പുവടയും" എന്ന പേരിടില്ലെന്നും, അത് സ്വയം
പരിഹസിക്കലാവുമെന്നും ഇ.പി.ജയരാജൻ.
@കാലം മാറിയില്ലേ! 'ചായയും ഉഴുന്നുവടയും" എന്നു പോരേ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |