ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആംആദ്മി പാർട്ടി 20 പേരുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പഡ്ഗഞ്ച് മണ്ഡലത്തിൽ നിന്ന് ജംഗ്പുരയിലേക്ക് മാറി.
പട്പഡ്ഗഞ്ചിൽ വിദ്യാഭ്യാസ വിദഗ്ദ്ധനായ അവധ് ഓജ മത്സരിക്കും. 17 സിറ്റിംഗ് എം.എൽ.എമാരെ മാറ്റി പുതുമുഖങ്ങൾക്ക് ഇടം നൽകി. ബി.ജെ.പി വിട്ടുവന്ന സുരീന്ദർ പാൽ സിംഗ് ബിട്ടു തിമർപൂരിൽ പോരാട്ടത്തിനിറങ്ങും. നേരത്തെ 11 പേരുടെ പട്ടിക ആംആദ്മി പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ 70 മണ്ഡലങ്ങളും ആംആദ്മി-ബി.ജെ.പി-കോൺഗ്രസ് ത്രികോണ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 15-ന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കും.
ആപ്പിന്റെ ആത്മവിശ്വാസം കുറഞ്ഞെന്ന് ബി.ജെ.പി
ആംആദ്മിയുടെ ആത്മവിശ്വാസം ക്ഷയിച്ചുവെന്നതിന്റെ തെളിവാണ് സിസോദിയയുടെ മണ്ഡലം മാറ്റമെന്ന് ബി.ജെ.പി പ്രതികരിച്ചു. 20 സിറ്റിംഗ് എം.എൽ.എമാർക്ക് ആംആദ്മി സീറ്റ് നൽകാത്തതും ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ചൂണ്ടിക്കാട്ടി. സിസോദിയയെ പോലെ അരവിന്ദ് കേജ്‌രിവാളും, അതിഷിയും സ്വന്തം മണ്ഡലം വിട്ടോടുമെന്ന് പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |