കാഞ്ഞങ്ങാട്: എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിനെതിരെ
ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയുടെ പരസ്യമായ വെല്ലുവിളി.
' യൂണിഫോമിനോടും തൊപ്പിയോടും ബഹുമാനമുണ്ട്, അത് അഴിച്ചുവെച്ചു പുറത്തേക്ക് വാ. ഞങ്ങളിൽ ഒരു പ്രവർത്തകൻ മതി നിന്നെ നേരിടാൻ'-ഇതായിരുന്നു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ ഭീഷണി. മൻസൂർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിൽ മൂന്നാം വർഷ വിദ്യാർത്ഥിനി തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ സമരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റിരുന്നു.പൊലീസുകാരെ അടിച്ചാൽ ഇനിയും തല്ലുമെന്ന് ഡിവൈ. എസ്.പി പരസ്യമായി പറഞ്ഞതാണ് പ്രകോപനമായത്. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നടത്തിയ മാർച്ചിലാണ് സെക്രട്ടറി രാജേഷ് വെള്ളാട്ടും സംസ്ഥാന സമിതി അംഗം കെ.സബീഷും വെല്ലുവിളിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കാഞ്ഞങ്ങാട്ടെ പുത്തൻ പണക്കാരിൽ നിന്നും കിട്ടുന്നതിന് പ്രതിഫലമായി വിദ്യാർത്ഥികളെ ഒറ്റുകൊടുക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ലെന്ന് ഡിവൈ.എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത രജീഷ് വെള്ളാട്ട് പറഞ്ഞു.
ആത്മഹത്യാശ്രമത്തിൽ
വാർഡനെതിരെ കേസ്
കാഞ്ഞങ്ങാട്: മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. മംഗളൂരുവിലെ ആശുപത്രിൽ തീവ്രപരിചരണവിഭാഗത്തിലാണ് കഴിയുന്നത്. വിദ്യാർത്ഥിനിയുടെ അമ്മ പാണത്തൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരപ്പ കനകപ്പള്ളിയിലെ വെങ്ങിഞ്ഞിക്കൽ ഹൗസിൽ ഓമന സദന്റെ പരാതിയിലാണ് കേസ്. വാർഡൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ മനോവേദനയിലാണ് മരിക്കാൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആർ. അസുഖ ബാധിതയായി ഡ്രിപ്പ് ഇടാൻ പോയി തിരിച്ചു ഹോസ്റ്റലിൽ എത്താൻ വൈകിയതിന് വാർഡൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവജന,വിദ്യാർത്ഥിസംഘടനകളുടെ കടുത്ത പ്രതിഷേധത്തിനുപിന്നാലെ ഇന്നലെ പുലർച്ചെ മൂന്നര മണിക്കാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ശനിയാഴ്ചയാണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |