ലക്നൗ: ഉത്തർപ്രദേശിൽ 185 വർഷം പഴക്കമുള്ള മുസ്ലീംപള്ളിയുടെ ഒരുഭാഗം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഫത്തേപ്പൂർ ജില്ലയിലെ നൂരി മസ്ജിദിന്റെ ഭാഗമാണ് പൊളിച്ചത്. ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ ഭാഗം കൈയേറി നിർമ്മിച്ചത് എന്നാരാേപിച്ചായിരുന്നു നടപടി. ബുൾഡോസർ രാജ് അനുവദിക്കാവാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി ദിവസങ്ങൾക്കുശേഷമാണ് പള്ളി പൊളിച്ചത്. കൈയേറിയ ഭാഗമാണ് പൊളിച്ചതെന്ന് വ്യക്തമാക്കാൻ പള്ലിയുടെ ഉപഗ്രഹ ചിത്രങ്ങളോടൊപ്പം ചരിത്രപരമായ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
പള്ളിയുടെ ചില ഭാഗങ്ങളിൽ അനധികൃത നിർമാണം നടന്നുവെന്നും അത് പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിന് പള്ളിക്ക് നോട്ടീസ് നൽകിയിരുന്നു എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. സാദ്ധ്യമായതെല്ലാം ചെയ്യാമെന്നും അതിന് ഒരുമാസത്തെ സമയം വേണമെന്നും പള്ളി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സമയം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഹൈവേ വീതികൂട്ടുന്നതിന് തടസമായി നിലകൊണ്ട പള്ളിയുടെ ഇരുപതുമീറ്ററോളം ഭാഗങ്ങളാണ് പൊളിച്ചുനീക്കിയതെന്നും അധികൃതർ പറയുന്നു. ശേഷിച്ച ഭാഗം നിലനിറുത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കൈയേറ്റങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി പളളി ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടീസ് നൽകിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അവിനാശ് ത്രിപാഠി പറഞ്ഞു.'റോഡിന്റെ അറ്റകുറ്റപ്പണികളും ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്, അതിനാൽ നോട്ടീസ് നൽകിയ ശേഷം കൈയേറ്റങ്ങൾ നീക്കം ചെയ്തു. പളളിയുടെ ഒരുഭാഗം നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. ബാക്കിയുള്ള മസ്ജിദ് പൊളിച്ചിട്ടില്ല. രണ്ട് മൂന്ന് വർഷം മുമ്പാണ് ഇപ്പോൾ പൊളിച്ച ഭാഗത്തെ നിർമ്മാണം നടന്നതെന്ന് ഉപഗ്രഹചിത്രത്തിലും ചരിത്രപരമായ ചിത്രങ്ങളിലും വ്യക്തമാണ്"-. അവിനാശ് ത്രിപാഠി പറഞ്ഞു.
എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അവകാശവാദത്തെ പള്ളിക്കമ്മിറ്റി തള്ളിക്കളഞ്ഞു. 'ലാലൗലിയിലെ നൂരി മസ്ജിദ് 1839ൽ നിർമ്മിച്ചതാണ്. എന്നാൽ ഇവിടത്തെ റോഡ് 1956ൽ നിർമ്മിച്ചതാണ്, എന്നിട്ടും പി ഡബ്ല്യു ഡി പള്ളിയുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് പറയുന്നു' നൂറി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ചീഫ് മുഹമ്മദ് മൊയിൻ ഖാൻ പറഞ്ഞു.
പള്ളി പൊളിച്ചതിന്റെ ഭാഗമായി സംഘർഷങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ കൂടുതൽ പൊലീസിനെയും ദ്രുതകർമ്മസേനയെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഘർഷങ്ങൾ ഒന്നും ഉണ്ടായതായി റിപ്പോർട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |