അസര്‍ബൈജാനിലെ ബാക്കുവില്‍ 2024 നവംബര്‍ 11 മുതല്‍ 22 വരെ നടന്ന 29-ാമത് യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതെയാണ് ധനസഹായ പാക്കേജ് അടിച്ചേല്‍പ്പിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. കാലാവസ്ഥാ ദുരന്തങ്ങള്‍ക്കെതിരെ പൊരുതാന്‍ 2035നകം ഓരോവര്‍ഷവും സമ്പന്ന രാജ്യങ്ങള്‍, ദരിദ്രരാജ്യങ്ങള്‍ക്ക് 25,000 കോടി ഡോളര്‍ (21.13 ലക്ഷം കോടിരൂപ) സഹായധനംനല്‍കണമെന്ന നിര്‍ദ്ദേശമാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ ഉയര്‍ന്നുവന്നത്.
ഉച്ചകോടി ആദ്യമായാണ് കാലാവസ്ഥാ സഹായധനത്തിന് ഒരു നിശ്ചിതസംഖ്യ ഔദ്യോഗികമായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഓരോ വര്‍ഷവും 1.3 ലക്ഷം കോടി ഡോളര്‍ നല്‍കണമെന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യം. 2009ലെ ഉച്ചകോടിയില്‍ വികസിത രാഷ്ട്രങ്ങള്‍ ഓരോ വര്‍ഷവും 1000 കോടി ഡോളര്‍ വീതം വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കണമെന്ന് കരാര്‍ ചെയ്തിരുന്നു. 2025 ല്‍ ഈ കരാറിന്റെ കാലാവധി അവസാനിക്കും. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട തുക നാമമാത്രമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയതും പാക്കേജ് തള്ളിയതും. ഇതോടെ ഇന്ത്യയ്ക്ക് സ്വന്തംഭാഗം ന്യായീകരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
ഇരുന്നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഒട്ടേറെ രാജ്യങ്ങള്‍ ഭിന്നതയുടെ സ്വരം ഉയര്‍ത്തി. ദ്വീപ് രാജ്യങ്ങളും ഒരു വിഭാഗം വികസ്വര രാജ്യങ്ങളും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് ധനസഹായ പാക്കേജിലേക്ക് ഇപ്പോള്‍ പണം നല്‍കിവരുന്നത്. ചൈനയും ഇനി മുതല്‍ പണം കൊടുക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട്. ഉച്ചകോടിയില്‍ ഓരോ രാജ്യങ്ങളും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള അജണ്ടകള്‍ മുന്നോട്ടുവയ്ക്കുമ്പോഴും കാലാവസ്ഥ വ്യതിയാനം വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും വ്യാപ്തി ഏതെങ്കിലും ഒരു രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ല.
ഇന്ത്യയുടെ കാര്യമെടുത്താൽപോലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി വ്യക്തമാകും. 2024 ജനുവരി മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തുണ്ടായ അതിതീവ്രകാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ക്ലൈമറ്റ് ഇന്ത്യ 2024 റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പതു മാസ കാലയളവില്‍ 255 ദിവസവും അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 3238 മരണങ്ങളാണ് സംഭവിച്ചത്. ഇപ്പോഴും പ്രതിദിനം 11 പേര്‍ കാലാവസ്ഥ ദുരന്തങ്ങള്‍ മൂലം രാജ്യത്ത് മരിക്കുന്നു. 32 ലക്ഷം ഹെക്ടറിന്റെ കൃഷിനാശവും ഉണ്ടായി. 2.35 ലക്ഷം വീടുകള്‍ നശിച്ചു. പതിനായിരത്തിലേറെ വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
2024ല്‍ മേഘവിസ്‌ഫോടനത്തില്‍ മാത്രം 33 പേര്‍ മരിച്ചു. ചുഴലിക്കാറ്റില്‍ 57 പേര്‍ മരിച്ചു. രാജ്യത്തെ 36 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 35ലും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍ പ്രത്യക്ഷമായ വര്‍ഷമാണ് 2024. അന്തരീക്ഷ മലിനീകരണം കാരണം മാത്രം രാജ്യത്ത് 17 ലക്ഷം പേര്‍ ഒരു വര്‍ഷം മരിക്കുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനം പറയുന്നു. വ്യവസായ വത്കരണം, വാഹനപ്പെരുപ്പം, കാര്‍ഷിക അവശിഷ്ടം കത്തിക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മൂലമാണ് അന്തരീക്ഷം മലിനമാക്കപ്പെടുന്നത്.
പക്ഷേ, മനുഷ്യന്റെ ജീവിതവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇതില്‍ പലതും ഒഴിവാക്കാനാവാത്തതുമാണ്. എങ്കിലും പാചകത്തിന് വിറകു കത്തിക്കല്‍, കൊതുകുതിരി കത്തിക്കല്‍, തുടങ്ങിയ കാര്യങ്ങള്‍ വേണ്ടെന്ന് വച്ചാല്‍ വീടിനുള്ളിലെങ്കിലും അല്പം ശുദ്ധവായു നിലനില്‍ക്കുമെന്ന് മെഡിക്കല്‍ റിസര്‍ച്ച് പഠനം ഓര്‍മ്മപ്പെടുത്തുന്നു.
ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനവും താപവര്‍ധനവും കാരണം മാറികൊണ്ടിരിക്കുന്ന കാലാവസ്ഥയെ മനുഷ്യന് എളുപ്പത്തില്‍ മാറ്റിത്തീര്‍ക്കാനാവില്ല. എന്നാല്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സമീപനവും നിരീക്ഷണും ഒരളവുവരെ കാലാവസ്ഥാവ്യതിയാനത്തിന്റെ വേഗം കുറയ്ക്കാനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും വഴി തുറക്കും. ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ മുഴുവൻ നാഗരികതയ്ക്കും അനിഷേധ്യമായ ഭീഷണിയാണ്. ലോക രാഷ്ട്രങ്ങള്‍ ഭിന്നതകള്‍ മാറ്റിവച്ച് ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിലേക്കാവും ചെന്നെത്തുക.
വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി സുരക്ഷിതവും കരുത്തുറ്റതുമായ ഒരു ലോകം കെട്ടിപ്പടുക്കാനും കരുതി വയ്ക്കുന്നതിനും ലോകരാഷ്ട്രങ്ങള്‍ അഭിപ്രായ സമന്വയത്തോടെ,സഹകരണത്തോടെ , ശാസ്ത്രബോധത്തോടെ മുന്നിലെ ഭീഷണികളെ കൂട്ടായി നേരിട്ടേ മതിയാകൂ. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല, കാലാവസ്ഥയും!
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |