ലോക ചെസ് ചാമ്പ്യൻഷിപ്പ് 13-ാം റൗണ്ടിൽ ഗുകേഷും ഡിംഗ് ലിറെനും സമനിലയിൽ പിരിഞ്ഞു
അവസാന റൗണ്ട് ഇന്ന്, ജയിക്കുന്നയാൾ ലോക ചാമ്പ്യൻ
ഇന്നും സമനിലയെങ്കിൽ നാളെ ടൈബ്രേക്കർ
ഇരുവർക്കും 6.5 പോയിന്റ് വീതം
വേൾഡ് സെന്റോസ : ആരാകും ലോക ചാമ്പ്യൻ എന്ന ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 13-ാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറെനും സമനിലയിൽ പിരിഞ്ഞു. 68-ാം നീക്കത്തിലാണ് ഇരുവരും സമനില സമ്മതിച്ച് കൈകൊടുത്തത്. ഇതോടെ ഇരുവർക്കും 6.5 പോയിന്റ് വീതമായി. ഇന്നാണ് ക്ളാസിക് ഫോർമാറ്റിലെ 14-ാമത്തേതും അവസാനത്തേതുമായ റൗണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നയാൾക്ക് 7.5 പോയിന്റുമായി ലോക കിരീടത്തിൽ മുത്തമിടാം. ഇന്നും സമനിലയാണെങ്കിൽ നാളെ ഇതേ വേദിയിൽ അതിവേഗ ഫോർമാറ്റിൽ ടൈബ്രേക്കർ നടക്കും.
ഇന്നലെ വെള്ളക്കരുക്കൾ കൊണ്ട് കളിച്ച ഗുകേഷ് മത്സരം വരുതിയിലാക്കാനുള്ള നിർണായക അവസരങ്ങൾ പ്രയോജനപ്പെടുത്താതിരുന്നതാണ് തിരിച്ചടിയായത്. 11-ാം റൗണ്ടിൽ ഗുകേഷും 12-ാം റൗണ്ടിൽ ലിറെനും വിജയം നേടി മത്സരം ആവേശകരമാക്കിയെങ്കിലും ഇന്നലെ വിജയിക്കാനുള്ള ആക്രമണ ത്വര ഇരുവർക്കുമുണ്ടായില്ല. പ്രായത്തിലും പരിചയത്തിലും മുന്നിലുള്ള ചൈനീസ് താരം കൈവിട്ടുപോകുമെന്ന് കരുതിയ കളി തന്ത്രപരമായി സമനിലയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
അവസാന റൗണ്ടിൽ ഡിംഗ് ലിറെനാണ് വെള്ളക്കരുക്കൾ. അതിന്റെ മേൽക്കോയ്മ ചൈനീസ് ഗ്രാൻഡ് മാസ്റ്റർക്ക് ഉണ്ടാകും. എങ്കിലും നിലവിലെ ലോക ചാമ്പ്യനെ രണ്ട് ഗെയിമുകളിൽ തോൽപ്പിക്കുകയും ഒൻപത് ഗെയിമുകളിൽ സമനിലയിൽ പിടിക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസം 18 കാരനായ ഗുകേഷ് പുറത്തെടുത്താൽ ചരിത്രം പിറക്കും.
14-ാം റൗണ്ട്
2.30 pm മുതൽ
ഫിഡെ യൂട്യൂബ് ചാനലിൽ ലൈവ്
ഒറ്റ ജയം, ടൈബ്രേക്കറിൽ പോകാതെ നോക്കണം !
പ്രബോധ് ചങ്ങനാശേരി
ഒരൊറ്റ വിജയമരികെ ഗുകേഷിനെ ലോക ചെസ് ചാമ്പ്യൻ പട്ടം കാത്തിരിക്കുന്നുണ്ട്. പക്ഷേ ആ ഒരു മത്സരം അൽപ്പം കടുപ്പം തന്നെയാണ്. ക്ളാസിക് ഫോർമാറ്റിലെ അവസാന മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ടൈബ്രേക്കർ എന്ന വലിയ വെല്ലുവിളി ഗുകേഷിന് മറികടക്കാൻ എത്രത്തോളം കഴിയുമെന്നത് സംശയകരമാണ്. കാരണം അപ്പുറത്തിരിക്കുന്ന ഡിംഗ് ലിറെൻ അതിവേഗ ഫോർമാറ്റുകളിൽ അത്രത്തോളം മിടുക്കനാണ്. കഴിഞ്ഞ തവണയും ലിറെൻ കിരീടമണിഞ്ഞത് ടൈബ്രേക്കറിലാണ്.
നന്നായി തുടങ്ങുമെങ്കിലും മിഡിൽ ഗെയിമിലെത്തുമ്പോൾ പാളുന്ന പതിവ് ഇന്നലെയും ഗുകേഷ് ആവർത്തിച്ചു. രാജാവിന് മുന്നിലുള്ള കാലാളിനെ തള്ളി തുടങ്ങിയ ഗുകേഷിനെതിരെ ഫ്രഞ്ച് ഡിഫൻസാണ് ലിറെൻ കൈക്കൊണ്ടത്. പ്രാരംഭദശയിൽ ഗുകേഷ് നന്നായി കളി മുന്നോട്ടുകൊണ്ടുപോയെങ്കിലും 16-ാം നീക്കത്തിൽ ഒരു എംപാസന്റിന് വേണ്ടി ഗുകേഷ് അരമണിക്കൂർ സമയം വെറുതേ കളഞ്ഞു.25-ാം നീക്കത്തിൽ ഗുകേഷ് ബിഷപ്പുകൊണ്ട് നൈറ്റിനെ വെട്ടിയെടുത്തതും നല്ല നീക്കമായിരുന്നില്ല. ആസമയത്ത് ബിഷപ്പിനെ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ലായിരുന്നു. കളിയിൽ ഏറ്റവും നിർണായകമായത് ഗുകേഷിന്റെ ne4 എന്ന ദുർബലനീക്കമാണ്. അതിന് പകരം റൂക്കുകൾ തമ്മിൽ വെട്ടിയിരുന്നെങ്കിൽ വിജയം ലഭിച്ചേനെ.
ഇതുവരെയുള്ള പിഴവുകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഗുകേഷ് പ്രയോജനപ്പെടുത്തുമെങ്കിൽ അവസാന ഗെയിമിൽ വിജയം നേടാം. ഗുകേഷിനെ സംബന്ധിച്ചിടത്തോളം അത് അസാദ്ധ്യമല്ല. പക്ഷേ ഏതു പരാജയത്തിന്റെ വക്കിൽ നിന്നും തിരിച്ചുവരാൻ ശേഷിയുള്ള താരമാണ് ലിറെൻ എന്നത് അവസാന റൗണ്ടിനെ ആവേശത്തിലാഴ്ത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |