ന്യൂഡൽഹി : 1991ലെ ആരാധനാലയ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് നിർണായക വാദം കേൾക്കൽ. ഗ്യാൻവാപി, സംഭൽ, മഥുര തുടങ്ങി രാജ്യത്തെ 17ൽപ്പരം മസ്ജിദുകളുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെയാണിത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 26ാം നമ്പർ കേസായി വിളിക്കും. ഇതിനിടെ, മുസ്ലീം ലീഗും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും ഓൾ ഇന്ത്യ ലായേഴ്സ് യൂണിയനും കേസിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചു. രാജ്യത്തിന്റെ മതേതരത്വ സ്വഭാവം നിലനിർത്തുകയാണ് നിയമത്തിന്റെ പരമമായ ലക്ഷ്യമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ലോക്‌സഭാ അംഗം ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനശിലയുടെ ഭാഗമാണ്. രാജ്യത്തിന്റെ ഭാവിയെ കുറിച്ചാണ് നിയമം സംസാരിക്കുന്നത്. ഭൂതകാലത്തിലെ മുറിവുകൾ ഉണക്കുകയും ലക്ഷ്യമിടുന്നുവെന്ന് അപേക്ഷയിൽ വ്യക്തമാക്കി.
സി.പി.എം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ, വാരാണസി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി തുടങ്ങിയവരും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. ഇവയെല്ലാം ഇന്ന് പരിഗണിച്ചേക്കും. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏതു സ്ഥിതിയിലായിരുന്നോ, അതിൽ മാറ്റം വരുത്തരുതെന്നാണ് 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ. നിയമത്തെ ചോദ്യംചെയ്‌ത് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ ആണ് സുപ്രീംകോടതിയെ ആദ്യം സമീപിച്ചത്. 22 ഹർജികൾ ഇന്ന് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |