ചെന്നൈ: കനത്ത മഴയെ തുടർന്ന് പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തമാകുന്നതിനാൽ മധുര, തിരുച്ചി, മയിലാടുതുറൈ ഉൾപ്പെടെയുള്ള ജില്ലകളിലെ സ്‌കൂളുകൾക്കാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത്.
മയിലാടുതുറൈ ജില്ലാ കളക്‌ടർ എപി മഹാഭാരതിയും മധുര കലക്ടർ എംഎസ് സംഗീതയും ഇന്ന് രാവിലെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. എന്നാൽ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ലെന്നും വെള്ളക്കെട്ട് പോലുള്ള സാഹചര്യം ഉണ്ടെങ്കിൽ പ്രധാനാദ്ധ്യാപക അവധി പ്രഖ്യാപിക്കണമെന്നുമാണ് തിരുവള്ളൂർ ജില്ലാ കളക്‌ടർ അറിയിച്ചത്.
തിരുച്ചി, തഞ്ചാവൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കോട്ട, കരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധിയാണ്. ഇന്ന് രാവിലെ മഴ കുറവായതിനാൽ ചെന്നൈ നഗരത്തിലെ സ്‌കൂളുകളും കോളേജുകളും സാധാരണപോലെ പ്രവർത്തിക്കും. കാരയ്‌ക്കലിലും പുതുച്ചേരിയിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് മന്ത്രി എ നമശ്ശിവായം അറിയിച്ചു. സേലം, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
മഴ ശക്തമായതിനാൽ ദിണ്ടിഗൽ, തേനി ജില്ലകളിലെ സ്‌കൂളുകൾക്കും രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ സ്‌കൂളുകൾക്കും അവധിയാണ്. തിരുനെൽവേലി, തെങ്കാശി, പേരാമ്പല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചു. വിരുദുനഗർ ജില്ലയിൽ സ്കൂളുകൾക്കും അവധി നൽകി. അരിയല്ലൂർ കളക്ടർ പി രത്‌നസാമി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. നാഗപട്ടണം ജില്ലാ കളക്ടർ പി ആകാശ് ജില്ലയിലെ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. കരൂർ, തിരുപ്പൂർ, വാൽപ്പാറ ജില്ലകളിലും സ്‌കൂളുകൾക്ക് മാത്രമാണ് അവധി.
തമിഴ്‌നാടിന്റെ തെക്ക് ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്‌തിരുന്നു. കൊടൈക്കനാൽ ഉൾപ്പെടെയുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും വിജനമായിരുന്നു. ഇന്ന് രാവിലെ ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് 1000 ക്യുസെക്‌സും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്‌സും ജലം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |