വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത് അടുത്തമാസം ഇരുപതിനാണ്. അതോടെ 18,000 ഇന്ത്യക്കാരുൾപ്പടെ 1.5 ദശലക്ഷം പേർ അമേരിക്ക വിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് ട്രംപ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കഴിയുന്നവരെ വിശദമായ പട്ടിക അമേരിക്കൻ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. ട്രംപ് അധികാരമേറ്റാലുടൻ ഇവർക്കെതിരെയുള്ള നടപടികൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞമാസം പുറത്തിറക്കിയ പുറത്താക്കേണ്ടവരുടെ പട്ടികയിൽ 17,940 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ മെക്സിക്കാേയിൽ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ളത് എൽ സാൽവദോറാണ്. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. നേരത്തേ കുറച്ച് ഇന്ത്യക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നടപടികൾ ഇനിയും തുടരുമെന്നാണ് അധികൃതർ പറയുന്നത്. ട്രംപിന്റെ കാലത്ത് ഉണ്ടാവുക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കൽ നടപടി ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അധികാരമേറ്റാലുടൻ , യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം നൽകുന്നുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പല തവണ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഭരണഘടനയിലെ 14-ാം ഭേദഗതിൽ നിഷ്കർഷിക്കുന്ന ജന്മാവകാശ പൗരത്വം നിറുത്തലാക്കണമെങ്കിൽ നിയമത്തിന്റെ നിരവധി കടമ്പകൾ ട്രംപ് കടക്കേണ്ടതുണ്ട്.
അതിനിട, യു.എസ് പൗരാവകാശ വിഭാഗം അസിസ്‌റ്റന്റ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ ഹർമീത് ദില്ലനെ ട്രംപ് നോമിനേറ്റ് ചെയ്തു. ചണ്ഡീഗഢിൽ ജനിച്ച ഹർമീത് കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. കാലിഫോർണയിലെ റിപ്പബ്ലിക്കൻ പാർട്ടി മുൻ ഉപാദ്ധ്യക്ഷയാണ് അഭിഭാഷകയായ ഹർമീത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |