ഒരു മാസത്തിനിടെ സെൻസെക്സ് 5,300 പോയിന്റ് ഉയർന്നു
കൊച്ചി: ട്രംപ് ഭീതിയിൽ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണി ശക്തമായി തിരിച്ചുകയറുന്നു. നവംബറിലെ വലിയ ഇടിവിന് ശേഷം ഇതുവരെ 5,300 പോയിന്റിന്റെ നേട്ടമാണ് മുഖ്യ ഓഹരി സൂചികയായ സെൻസെക്സിലുണ്ടായത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ തുടക്കത്തിൽ കനത്ത നഷ്‌ടം നേരിട്ടതിന് ശേഷം ഓഹരി സൂചികകൾ ശക്തമായി തിരിച്ചുകയറി. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ തളർച്ചയും അവഗണിച്ചാണ് വിദേശ, സ്വദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ പണമൊഴുക്കുന്നത്.
സെൻസെക്സ് ഇന്നലെ 843 പോയിന്റ് നേട്ടവുമായി 82,133ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 219.6 പോയിന്റ് ഉയർന്ന് 24,768.8ൽ അവസാനിച്ചു. തുടർച്ചയായ നാലാം വാരമാണ് ഓഹരി വിപണി നേട്ടമുണ്ടാക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നുവെന്ന സൂചനകൾ കൺസ്യൂമർ ഉത്പന്ന മേഖലയിലെ ഓഹരികൾക്ക് ആവേശം പകർന്നു. നാണയപ്പെരുപ്പം കുറഞ്ഞതോടെ അടുത്ത വർഷമാദ്യം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ കുറക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക ഉണർവ് പ്രതീക്ഷിച്ച് നിക്ഷേപകർ
1. നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതും വ്യാവസായിക രംഗത്തെ തളർച്ചയും കണക്കിലെടുത്ത് റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ തയ്യാറെടുക്കുന്നു
2. യൂറോപ്യൻ സെൻട്രൽ ബാങ്കിന് പിന്നാലെ അമേരിക്കയിലെ ഫെഡറൽ റിസർവും പലിശ കുറയ്ക്കുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശ പണമൊഴുക്ക് കൂടും
3. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞതോടെ ക്രൂഡോയിൽ വില താഴുന്നതിനാൽ കമ്പനികളുടെ പ്രവർത്തന ലാഭം മെച്ചപ്പെട്ടേക്കും
പത്ത് വർഷത്തെ വിദേശ നിിക്ഷേപം
2014 ഏപ്രിൽ മുതൽ 2024 സെപ്തംബർ വരെ ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ ഒഴുക്കിയത് 45.96 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യൻ വ്യവസായ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 14 വർഷത്തിനിടെ ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞു. മൗറീഷ്യസിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ നിക്ഷേപമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |